ഭര്‍ത്താവിനെ വാടകയ്ക്ക്, നന്നായി പണിയെടുക്കും, 65 വയസിന് മുകളിലുള്ളവര്‍ക്ക് ഡിസ്‌കൗണ്ട്, പരസ്യവുമായി ഭാര്യ; ഒണ്‍ലി ഫോര്‍ വീട്ടുജോലി!
ലണ്ടന്‍: പണിയെടുക്കാനുള്ള ഭര്‍ത്താവിന്‍െ്‌റ കഴിവ് മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടാന്‍ അദ്ദേഹത്തെ വാടകയ്ക്കു നല്‍കി ഭാര്യ. ഇംഗ്ലണ്ടുകാരിയായ ലോറ യങ് ആണ് ഭര്‍ത്താവിനെ മറ്റ് സ്ത്രീകള്‍ക്ക് വാടകയ്ക്ക് നല്‍കി പണം സമ്പാദിച്ച് വ്യത്യസ്തയാകുന്നത്. ഭര്‍ത്താവ് ജെയിംസിനും മൂന്നു കുട്ടികള്‍ക്കുമൊപ്പം ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാംഷെയറിലെ ബ്ലെച്ച്ലിയിലാണ് ലോറ യങ്ങിന്‍െ്‌റ താമസം.
ഒരാളുടെ വീട്ടിലേയ്ക്ക് ആവശ്യമായ പല സാധനങ്ങളും തുച്ഛമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ ജെയിംസിന് സാധിക്കും. ഊണ് മേശ, കട്ടില്‍ തുടങ്ങി പലതും അദ്ദേഹം സ്വന്തമായി നിര്‍മ്മിക്കും. കൂടാതെ, പെയിന്റിങ് ചെയ്യും, ടൈല്‍ വിരിക്കും, വീട് മോടി കൂട്ടും അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കഴിവുകള്‍.
ഇത്രയൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന അദ്ദേഹത്തെ മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് കൊടുത്താല്‍ എന്താണ് എന്ന ലോറയുടെ ആലോചനയാണ് ജയിംസിനെ വാടകയ്ക്കു നല്‍കി പണം സമ്പാദിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. എപ്പോഴും എന്തെങ്കിലുമൊക്കെ പണിയാനും, ഉണ്ടാക്കാനുമൊക്കെ ഇഷ്ടമുള്ള അദ്ദേഹത്തിന് ഈ ആശയത്തോട് യോജിപ്പായിരുന്നെന്ന് ലോറ പറയുന്നു.
. ‘വീടിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അദ്ദേഹം മിടുക്കനാണ്. അതിനാല്‍ ആ കഴിവുകള്‍ പ്രയോജനപ്പെടുത്താനും, ജോലിക്കായി അദ്ദേഹത്തെ നല്‍കാനും ഞാന്‍ തീരുമാനിച്ചു’ ലോറ പറഞ്ഞു. അങ്ങനെ ‘റെന്റ് മൈ ഹാന്‍ഡി ഹസ്ബന്‍ഡ്’ എന്ന പേരില്‍ അവള്‍ ഒരു വെബ്സൈറ്റ് തുടങ്ങി. ഫേസ്ബുക്കിലും, ജനപ്രിയ നെക്സ്റ്റ്ഡോര്‍ ആപ്പിലും പരസ്യം ചെയ്തു. പരസ്യത്തെ തുടര്‍ന്ന്, മറുപടികളുടെ പ്രവാഹമായിരുന്നുവെന്ന് അവള്‍ പറയുന്നു. വലിയ രീതിയിലുള്ള പ്രതികരണം കണ്ട് അവള്‍ പോലും ഞെട്ടി. എന്നാല്‍ തന്റെ പരസ്യം കണ്ട് തെറ്റിദ്ധരിച്ചവരും കുറവല്ല എന്നവള്‍ പറഞ്ഞു.
‘എന്റെ പരസ്യം കണ്ട് ചിലര്‍ അതിനെ തെറ്റായി മനസ്സിലാക്കി. ഞാന്‍ ജെയിംസിനെ മറ്റെന്തെങ്കിലും കാര്യത്തിന് വാടകയ്ക്ക് കൊടുക്കുകയാണെന്ന് അവര്‍ ധരിച്ചു. എത്ര പട്ടിണി കിടന്നാലും, അങ്ങനെ ഒന്നും ചെയ്യാന്‍ എന്നെ കിട്ടില്ല’ അവള്‍ പറഞ്ഞു. ജെയിംസ് ഒരു ഗോഡൗണിലെ നൈറ്റ് ഷിഫ്റ്റ് ജോലിക്കാരനായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് അദ്ദേഹത്തിന് എന്നാല്‍ ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു.
കുട്ടികളില്‍ രണ്ട് പേര്‍ ഓട്ടിസം ബാധിച്ചവരാണ്. അതുകൊണ്ട് മൂന്ന് കുട്ടികളുമായി കഷ്ടപ്പെടുന്ന ലോറയെ സഹായിക്കാന്‍ അദ്ദേഹം ജോലി മതിയാക്കുകയായിരുന്നു. ഇപ്പോള്‍ മോട്ടോര്‍ മെക്കാനിക്‌സ് പഠിക്കാന്‍ ആലോചിക്കുകയാണ് ജെയിംസ്. അതിനായി പണം കുറെ വേണം. അങ്ങനെയാണ് ഇത്തരം ജോലികള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയത്.
ഒരു വീടിന് ശരാശരി നാലായിരത്തിന് അടുപ്പിച്ചാണ് തുക ഈടാക്കുന്നത്. വികലാംഗര്‍ക്കും യൂണിവേഴ്‌സല്‍ ക്രെഡിറ്റിലുള്ളവര്‍ക്കും 65 വയസ്സിന് മുകളിലുള്ളവര്‍ക്കും ഡിസ്‌കൗണ്ടും അവര്‍ വാഗ്ദാനം ചെയ്യുന്നു. ഭൂരിഭാഗം ആളുകള്‍ക്കും ഇത് വലിയ സഹായമായി തീര്‍ന്നുവെന്ന അഭിപ്രായത്തിലാണ് ലോറ.
ഇന്നത്തെ കാലത്ത് ചെറിയ ചെറിയ പണികള്‍ക്ക് ആളെ കിട്ടാന്‍ പ്രയാസമാണ് എന്നവള്‍ പറയുന്നു. പ്രത്യേകിച്ച്, ഷെല്‍ഫ് പണിയുക, ട്രാംപോളിനുകള്‍ സ്ഥാപിക്കുക, സാധനങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ആളുകളെ കിട്ടാന്‍ പ്രയാസമാണ്. എന്നാല്‍ അതിനെല്ലാം പറ്റിയ ആള്‍ ജെയിംസാണെന്ന് അവള്‍ കൂട്ടിച്ചേര്‍ത്തു. ചിലപ്പോള്‍ ചുവരില്‍ ഒരു ടിവി ഘടിപ്പിക്കാനാകും, അല്ലെങ്കില്‍ വേലിയില്‍ പെയിന്റ് ചെയ്യലാകും. എന്ത് തന്നെയായാലും തന്റെ ഭര്‍ത്താവ് ആത്മാര്‍ത്ഥയോടെ അത് ചെയ്തുതീര്‍ക്കുമെന്നതില്‍ ലോറയ്ക്ക് തെല്ലും സംശയമില്ല.