സ്വര്‍ണക്കടത്ത് കേസില്‍ 4 കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വന്നു. 4 കേന്ദ്ര അന്വേഷണ ഏജന്‍സികളും ഉഴുത് മറിച്ച് നോക്കി. എന്നിട്ടും സര്‍ക്കാരിനെതിരെ ഒരു കച്ചിത്തുരുമ്പ് പോലും കിട്ടിയില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഒരു കച്ചിത്തുരുമ്പ് എങ്കിലും കിട്ടിയിരുന്നുവെങ്കില്‍ ബാക്കി വെച്ചേക്കുമായിരുന്നോ….? തീയില്ലാത്തിടത്ത് പുകയുണ്ടാക്കാനാണ് പ്രതിപക്ഷം അടിയന്തിര പ്രമേയവുമായി വന്നത്. ബി ജെ പി അംഗം ഇല്ലാത്തതിന്റെ കുറവ് നികത്താനാണ് കോണ്‍ഗ്രസ് നോക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് സഭയിലെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത കേസ് പ്രതിയായ സ്വപ്ന സുരേഷിനെ സംഘപരിവാര്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേസില്‍ പ്രതിയായ സ്ത്രീക്ക് സംഘപരിവാര്‍ എല്ലാ ഭൗതിക സഹായവും നല്കുന്നു. പ്രതിയുമായി സംഘപരിവാറിനുള്ള ബന്ധം പരിശോധിച്ചാല്‍ മനസിലാകും. സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയുടെ വാക്കുകളാണ് പ്രതിപക്ഷത്തിന്റെ വേദ വാക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ നടക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇടനിലക്കാരനെ സര്‍ക്കാരിന് ആവശ്യമില്ല, ഉണ്ടാകുകയുമില്ല. ഇടനിലക്കാരന് നേരത്തെ ജയ്ഹിന്ദില്‍ പ്രവര്‍ത്തിച്ചയാളാണ്. ജയ് ഹിന്ദില് പ്രവര്‍ത്തിക്കുന്ന ആള് ആരായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അന്വേഷണം നീതിയുക്തമായി നടന്ന് കുറ്റക്കാരെ കണ്ടെത്തണമെന്നതാണ് സര്‍ക്കാര്‍ ആഗ്രഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗൗരവമുള്ള കാര്യം ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളായ രണ്ട് പേരും സഭയിലില്ല. സോളാര്‍ കേസില്‍ കമ്മീഷനെ നിയോഗിച്ചത് ഉമ്മന്‍ചാണ്ടി തന്നെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷത്തിനോടുള്ള മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കമ്മീഷന് കേസില്‍ കുറ്റങ്ങള്‍ കണ്ടെത്തി ശുപാര്‍ശ നല്‍കിയിരുന്നു. ആ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. ഒത്തുകളി ആണെന്ന് ആരോപണമുന്നയിച്ച സ്ത്രീ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണ് സോളാര്‍ കേസ് സി.ബി.ഐയ്ക്ക് വിട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
ഒരു തെളിവുമില്ലാത്ത വിഷയത്തില്‍ രഹസ്യമൊഴി കൊടുത്തിരിക്കുന്നു എന്ന വാദവുമായാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീ വരുന്നത്. രഹസ്യമൊഴിയില്‍ എന്ത് ഉണ്ടെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.