NEWSWorld

ജോ ബൈഡന്റെ ഭാര്യയെയും മകളെയും വിലക്കി റഷ്യ; സെനറ്റര്‍മാര്‍ക്കും വിലക്ക്

മോസ്‌കോ: അമേരിക്കന്‍ പ്രസിഡന്‍്‌റ ജോ ബൈഡന്റെ ഭാര്യയെയും മകളെയും രാജ്യത്തു പ്രവേശിക്കുന്നതില്‍നിന്നു വിലക്കി റഷ്യ. ജോ ബൈഡന്റെ ഭാര്യയും മകളും ഉള്‍പ്പെടെ 25 പേരെ രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്കിയതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. നിരവധി യുഎസ് സെനറ്റര്‍മാരും പട്ടികയിലുണ്ട്. റഷ്യയ്‌ക്കെതിരെയും രാജ്യത്തിന്റെ നേതാക്കള്‍ക്കെതിരെയും അമേരിക്ക നടത്തുന്ന തുടര്‍ച്ചയായ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്കെന്ന് വാര്‍ത്താ കുറിപ്പില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കി. യുക്രൈനിലെ ഷോപ്പിംഗ് മാളില്‍ കഴിഞ്ഞ ദിവസം റഷ്യ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. 10പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തില്‍ മാളിന് തീപിടിച്ചു. മദ്ധ്യ യുക്രൈനിയന്‍ നഗരമായ ക്രെമെന്‍ചുക്കിലെ ഷോപ്പിംഗ് സെന്ററാണ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നത്. മിസൈല്‍ ആക്രമണം നടക്കുമ്പോള്‍ ഏകദേശം 1000-ലധികം ആള്‍ക്കാര്‍ ഷോപ്പിംഗ് മാളില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ പുറത്ത് വിടുന്ന വിവരങ്ങള്‍.

റഷ്യയുടെ കടന്നാക്രമണം യുകെ അടക്കമുള്ള ജി 7 രാജ്യങ്ങളെ യുക്രൈന് പിന്തുണ നല്‍കാനെ സഹായിക്കൂ എന്നു സെലെന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ സേന അടിയന്തരഘട്ടത്തെ അഭിമുഖീകരിക്കുകയാണെന്ന് ജി-7 ഉച്ചകോടിയെ സെലന്‍സ്‌കി അറിയിച്ചു. സാമ്പത്തിക ശക്തികളുമായുള്ള വിഡിയോ കോണ്‍ഫ്രന്‍സില്‍ റഷ്യക്കെതിരെ പോരാടാന്‍ രാജ്യത്തിന്റെ സൈന്യത്തെ സഹായിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ട് വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം സംഘടനയില്‍ നിന്നും റഷ്യ പിന്മാറി. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ചൂണ്ടിക്കാട്ടി ഏപ്രില്‍ മാസം ലോക ടൂറിസം സംഘടന റഷ്യയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ തങ്ങള്‍ സംഘടനയില്‍ നിന്ന് പിന്മാറുകയാണെന്ന് റഷ്യ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

Back to top button
error: