കൊച്ചി: സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ഗൂഢാലോചന കേസില്‍ അറസ്റ്റ് തടയണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്നയുടെ ആവശ്യവും അംഗീകരിച്ചില്ല.
മുന്‍കൂര്‍ ജാമ്യാപേക്ഷ വെളളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കം മൂന്ന് ജാമ്യമില്ലാ വകുപ്പുകള്‍ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് സ്വപ്‌ന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. പാലക്കാട് കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സ്വപ്‌നയുടെ ഹര്‍ജിയും വെള്ളിയാഴ്ച പരിഗണിക്കും.
അതേസമയം ഇഡിക്ക് മുന്നില്‍ സ്വപ്ന സുരേഷ് ഇന്ന് ഹാജരാകില്ല. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഇ മെയില്‍ വഴി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട 164 മൊഴിയുടയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിലാണ് സ്വപ്‌നയെ ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. മുമ്പ് നാലുതവണ സ്വപ്‌ന സുരേഷ് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
ഡോളര്‍ക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് നല്‍കാനാകില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാത്ത കേസിലെ മൊഴി ഇഡിക്ക് നല്‍കുന്നതിനെ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് എതിര്‍ത്തിരുന്നു. ഗൂഢാലോചന കേസില്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ചും സ്വപ്‌നയോട് ആവശ്യപ്പെട്ടിരുന്നു.