KeralaNEWS

ഒരു സ്ത്രീ വിളിച്ച് നിങ്ങള്‍ കേസ് തോല്‍ക്കുമെന്ന് പറഞ്ഞു: ബാലഭാസ്‌കറിന്‍െ്‌റ പിതാവ്; വിളിച്ചത് താന്‍തന്നെയെന്ന് സരിത

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഈ മാസം 30-ന് വിധി പറയാനിരിക്കെ പുതിയ വിവാദം. കോടതിവിധി എതിരാകുമെന്നും ഇടപെടാമെന്നും പറഞ്ഞ് ഒരു സ്ത്രീ വിളിച്ചതായി ബാലഭാസ്‌കറിന്‍െ്‌റ പിതാവ് ഉണ്ണി വെളിപ്പെടുത്തുകയും പിന്നാലെ, വിളിച്ചത് താന്‍തന്നെയാണെന്ന് സ്ഥിരീകരിച്ച് സോളാര്‍ കേസ് പ്രതി സരിത നായര്‍ രംഗത്തെത്തുകയും ചെയ്തതാണ് കേസിനെ വീണ്ടും സംശയത്തിലേക്ക് വലിച്ചിഴച്ചത്.

ബാലഭാസ്‌കറിന്റേത് അപകട മരണമാണ് എന്നതായിരുന്നു സിബിഐ കണ്ടെത്തല്‍. സിബിഐ കോടതി ഇത് ശരിവെക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ബാലഭാസ്‌കറിന്റെ പിതാവ് അപ്പീല്‍ നല്‍കിയിരുന്നു. അതിന്റെ വിധിയാണ് ഈ മാസം 30-ന് വരാനിരിക്കുന്നത്. ഈ വിധി സംബന്ധിച്ചാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്.

Signature-ad

‘ഞാന്‍ സരിത എസ് നായരാണ് വിളിക്കുന്നത്. നിങ്ങള്‍ കേസ് തോറ്റുപോകും. സിബിഐ കോടതിയുടെ വിധിക്ക് എതിരായ അപ്പീലില്‍ ഇടപെടാം’ എന്ന്് അവര്‍ പറഞ്ഞു. ഈ മാസം 30-ന് പറയാനിരിക്കുന്ന വിധി പ്രതികൂലമാകുമെന്നാണ് അവര്‍ പറഞ്ഞതെന്നും ബാലഭാസ്‌കറിന്റെ പിതാവ് പറഞ്ഞു. എങ്ങനെ കേസ് തോല്‍ക്കുമെന്ന് താന്‍ ചോദിച്ചപ്പോള്‍ അതൊക്കെ തനിക്ക് അറിയാമെന്നും അവര്‍ വ്യക്തമാക്കി. മുമ്പ് വിളിച്ചിട്ട്, വക്കീലിന്റെ പേരും നമ്പറും തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഉണ്ണി പറയുന്നു.

കേസില്‍ സഹായിക്കാമെന്ന രീതിയിലാണ് സംസാരിച്ചത്. എങ്ങനെ സഹായിക്കുമെന്ന് തനിക്കറിഞ്ഞുകൂട. ജഡ്ജി എഴുതി വെച്ചിരിക്കുന്ന വിധി ഇവര്‍ക്ക് എങ്ങനെ അറിയാമെന്നാണ് തനിക്ക് സംശയമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20, 21 തീയതികളില്‍ ഫോണ്‍ വന്നിരുന്നു. സരിത നായര്‍ എന്ന് സ്വയം പരിചയപ്പെടുത്തി. പേപ്പറില്‍ ഒപ്പിട്ടാല്‍ നിയമസഹായം നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ താന്‍ ആരോടും സഹായം ചോദിച്ചിരുന്നില്ല. ഫോണ്‍ വിളിയില്‍ ദുരൂഹതയുണ്ടെന്നും, സംശയം തോന്നിയതിനാലാണ് പുറത്ത് പറയുന്നതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ബാലഭാസ്‌കറിന്റെ പിതാവിനെ വിളിച്ചത് താന്‍ തന്നെയാണെന്നും എന്നാല്‍ വരാനിരിക്കുന്ന വിധി പ്രതികൂലമാകുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സരിത എസ്. നായര്‍ പറഞ്ഞു. ‘ഞാനാണ് ബാലാഭാസ്‌കറിന്റെ പിതാവിനോട് സംസാരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോഴത് ഓര്‍ക്കുന്നുണ്ടാകില്ല.

എന്റെ അഭിഭാഷകനാണ് ആദ്യം ബാലഭാസ്‌കറിന്റെ കേസില്‍ ഇടപ്പെട്ടിരുന്നത്. പിന്നീട് മറ്റൊരു അഭിഭാഷകന് കേസ് കൈമാറുകയായിരുന്നു. അത്തരത്തിലാണ് ഞാന്‍ വിളിച്ചത്. ബാലഭാസ്‌കറിന്റെ പിതാവ് നല്‍കിയ അപ്പീല്‍ തള്ളുകയാണെങ്കില്‍ എന്റെ അഭിഭാഷകന്‍ മുഖേന മേല്‍കോടതിയില്‍ സഹായിക്കാമെന്നാണ് ഞാന്‍ പറഞ്ഞത്. അത് എങ്ങനെയാണ് ദുരൂഹമാകുന്നതെന്ന് തനിക്കറിയില്ല’ സരിത പറഞ്ഞു.

വരാനിരിക്കുന്ന വിധി പ്രതികൂലമാകുമെന്ന് താന്‍ പറഞ്ഞിട്ടില്ല. മേല്‍കോടതിയില്‍ പോകുകയാണെങ്കില്‍ തന്റെ അഭിഭാഷകന്‍ സഹായിക്കാമെന്ന ഉപദേശം മാത്രമാണ് നല്‍കിയിട്ടുള്ളത്. മുമ്പ് വിളിച്ചപ്പോഴും ഇപ്പോള്‍ വിളിച്ചപ്പോഴും അദ്ദേഹം നോ പറഞ്ഞിട്ടില്ല. ഇവിടുത്തെ അഭിഭാഷകനുമായി സംസാരിക്കട്ടെ എന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണ ഉണ്ടായോ എന്നറിയില്ലെന്നും സരിത പറയുന്നു.

2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരിച്ചത്. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്ത് പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായതും ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു.

 

 

Back to top button
error: