തൃശൂർ :ഇന്ത്യന്‍ ഫുട്ബോളിന്റെ നെറുകയിലെ മലയാളിക്കരുത്തിന് ലോകത്തിന്റെ ആദരം. മലയാളികളുടെ സ്വന്തം ഐ എം വിജയനെ റഷ്യന്‍ സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.റഷ്യയിലെ അക്കാന്‍ഗിര്‍സ്ക് നോര്‍ത്തേണ്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വ്വകലാശാലയാണ്, ഇന്ത്യന്‍ ഫുട്ബോളിന് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച് ഐ എം വിജയന് ഡോക്ടറേറ്റ് നല്‍കിയത്.
ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്നയാള്‍ എന്ന അന്താരാഷ്‌ട്ര റെക്കോര്‍ഡിന് ഉടമയാണ് ഐ എം വിജയൻ.1999ലെ സാഫ് ഗെയിംസില്‍ പന്ത്രണ്ടാം സെക്കന്‍ഡില്‍ നേടിയ ഗോളാണ് വിജയന് ഈ നേട്ടം സമ്മാനിച്ചത്.
പതിനെട്ടാം വയസ്സില്‍ കേരള പോലീസ് ഫുട്ബോള്‍ ടീമില്‍ അംഗമായ ഐ എം വിജയന്‍, നാലാം വര്‍ഷം മോഹന്‍ ബഗാനിലെത്തി. ജെസിടി മില്‍സ് ഫഗ്വാര, എഫ് സി കൊച്ചിന്‍, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് തുടങ്ങിയ ക്ലബ്ബുകളില്‍ അദ്ദേഹം ബൂട്ടണിഞ്ഞു. 1992ല്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തിയ ഐ എം വിജയന്‍, ഇന്ത്യക്ക് വേണ്ടി 79 മത്സരങ്ങള്‍ കളിച്ചു. 39 അന്താരാഷ്‌ട്ര ഗോളുകള്‍ നേടിയിട്ടുണ്ട്.
തൃശ്ശൂർ മുനിസിപ്പൽ മൈതാനത്തിന്റെ പരിസരത്തു നിന്നും അന്നത്തെ ഡിജിപി കെ എം ജോസഫ് കണ്ടത്തിയതാണ് വിജയൻ എന്ന കറുത്ത മുത്തിനെ. വിശപ്പ് മാറ്റാൻ കളി തുടങ്ങിയ അയാളുടെ ഗോളിനോടുള്ള വിശപ്പ് ഒരിക്കലും അടങ്ങിയില്ല. 1993-ലെ സന്തോഷ് ട്രോഫിക്ക് തൊട്ടു മുൻപ് അസിസ്റ്റന്റ് സബ് ഇൻസ്‌പക്ടറായിരുന്ന വിജയനെ മുഖ്യമന്ത്രി കരുണാകരൻ മുൻകൈയെടുത്ത് ടൂർണമെന്റിനിടയിൽ സബ് ഇൻസ്‌പെക്ടറായും, കിരീടം നേടിയപ്പോൾ സർക്കിളായും സ്ഥാനക്കയറ്റം നൽകി. കേരള പോലീസിന്റെ ചരിത്രത്തിൽ അതിനു മുമ്പോ പിമ്പോ, രണ്ടാഴ്ചക്കിടയിൽ അങ്ങനെ ഡബിൾ പ്രൊമോഷൻ നടന്നിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.
നിലവിൽ മലപ്പുറം എം.എസ്.പിയിലെ പൊലീസ് ഫുട്ബാൾ അക്കാദമിയുടെ ഡയറക്ടറാണ് ഐ എം വിജയൻ.