KeralaNEWS

വൈദ്യുതി പോസ്റ്റ്‌ വീണ് മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും, മന്ത്രി കെ കൃഷ്ണൻ കുട്ടി

മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും നഷ്ടപരിഹാരത്തുക തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. കെ.എസ്.ഇ.ബി ചെയർമാനെ ഇതേക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തി എന്നും മന്ത്രി പറഞ്ഞു. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതനിടെയാണ് അപകടമുണ്ടായത്. ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് വ്യക്തമല്ല. കുറ്റക്കാരെങ്കിൽ നടപടി ഉണ്ടാകും. അന്വേഷണത്തിൽ എല്ലാം പരിശോധിക്കുമെന്നും മന്ത്രി  അറിയിച്ചു.

ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റ് വീണുണ്ടായ അപകടത്തിൽ ബേപ്പൂർ സ്വദേശി അർജുൻ ആണ് മരിച്ചത്. സംഭവത്തില്‍ കുറ്റകരമായ നരഹത്യക്ക് ബേപ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. മതിയായ സുരക്ഷാ സംവിധാനം ഇല്ലാതെയാണ് പോസ്റ്റ് നീക്കിയതെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാർ കോഴിക്കോട്-ബേപ്പൂർ പാത ഉപരോധിച്ചു. എന്നാലിതിന് കരാറുകാരനാണ് ഉത്തരവാദിയെന്നാണ് കെ.എസ്.ഇ.ബി ഡിവിഷണൽ എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി സുധാകരൻ പ്രതികരിച്ചത്. പൊലീസിൽ പരാതി കൊടുത്തിട്ടുണ്ടെന്നും കെ.എസ്.ഇ.ബി അറിയാതെയാണ് കരാറുകാരൻ പഴയ പോസ്റ്റ് നീക്കിയതെന്നും ഷാജി സുധാകരൻ പറയുന്നു.
മരിച്ച ആളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ശുപാർശ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: