കൊച്ചി: സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ചതിന് പോലീസ് പിടിയിലായ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ സ്വദേശികളും ഒന്നും രണ്ടും പ്രതികളുമായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി സുജിത്ത് നാരായണന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിട്ടുണ്ട്.
വ്യവസ്ഥകളോടെയാണ് ജാമ്യമെങ്കിലും എന്താണ് ജാമ്യ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് എന്നത് സംബന്ധിച്ച് വിധി പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. യൂത്ത്കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റാണ് ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ ജില്ലാ സെക്രട്ടറിയും, സുജിത്ത് നാരായണന്‍ മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറിയുമാണ്. ജാമ്യം ലഭിച്ചതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറങ്ങാന്‍ സാധിക്കും.
ജൂണ്‍ 13 ന് ആയിരുന്നു സ്വര്‍ണക്കടത്ത് വിഷയത്തില്‍ പ്രതിഷേധം ശക്തമായിരിക്കേ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി യാത്ര ചെയ്യന്നതിനിടെ തിരുവനന്തപുരത്ത് വെച്ച് വിമാനത്തില്‍ പ്രതിഷേധമുണ്ടായത്. പ്രതിഷേധിച്ചവരെ ഇ.പി ജയരാജന്‍ തള്ളിമാറ്റുകയും പുറത്തിറങ്ങിയപ്പോള്‍ പ്രതികളെ വലിയതുറ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മുഖ്യമന്ത്രിയുടെ പി.എയുടെ മൊഴിപ്രകാരം മാത്രമാണ് അറസ്റ്റെന്നായിരുന്നു പ്രതികള്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയില്‍ വേണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. വിമാനത്തിലെ സിസിടിവി ദൃശ്യങ്ങളടക്കം കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചെറിയ വിമാനമായതിനാല്‍ സിസിടിവി ഇല്ലെന്നായിരുന്നു ഡിജിപി കോടതിയെ അറിയിച്ചത്.