അരൂർ: വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതി പിടിയിൽ. അരൂർ അമ്പലത്തിന് കിഴക്കുവശം റോഡിലൂടെ നടന്നുപോയ വയോധികയുടെ മാല സ്ക്കൂട്ടറിൽ വന്ന് പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞ ആലപ്പുഴ പുന്നമട വാർഡിൽ സുകൃതം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അരൂൺ രാജ് (24) ആണ് പിടിയിലായത്.
ഇയാളെ ചേദ്യം ചെയ്തപ്പോൾ കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മൂന്ന് മാലപൊട്ടിക്കൽ, പട്ടണക്കാട് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു മാലപൊട്ടിക്കൽ എന്നിവ നടത്തിയത് ഇയാളാണെന്ന് സമ്മതിച്ചു. ഇടറോഡ് കേന്ദ്രീകരിച്ച് ബൈക്കിൽ യാത്ര ചെയ്ത് വന്ന് നടന്നു പോകുന്ന സ്ത്രീകളുടെ മാല മോഷ്ടിച്ച് കടന്നുകളയുകയാണ് ഇയാളുടെ രീതി. ആരും തിരിച്ചരിയാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ചുവച്ചാണ് മോഷണം നടത്തുന്നത്.
കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ തഴുപ്പ്, തുറവൂർ, ചമ്മനാട് ഭാഗത്തും മാല മോഷണം നടത്തിയിട്ടുള്ളതായും പട്ടണക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പത്മാക്ഷി കവലയ്ക്ക് പടിഞ്ഞാറുവശം മാല പൊട്ടിക്കാൻ ശ്രമിച്ചതായും പ്രതി സമ്മതിച്ചു. അരൂർ പൊലീസിന്റെയും ചേർത്തല ഡിവൈഎസ്പി സ്ക്വാഡ് അംഗങ്ങളുടെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.