മെസൂരു: സമാധാനത്തിലേക്കുള്ള വഴിയാണ് യോഗയെന്നും രാഷ്ട്രങ്ങള്‍ക്ക് ഇടയില്‍ സമാധാനം കൊണ്ട് വരാന്‍ യോഗയ്ക്ക് കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
മൈസൂരുവില്‍ നടന്ന യോഗാ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മൈസൂരു രാജാവ് യെദ്ദുവീര്‍ കൃഷ്ദത്ത, മഹാറാണി പ്രമോദദേവി കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം മൈസൂരുവിലെ ചടങ്ങില്‍ പങ്കെടുത്തു.
അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് രാജ്യത്തെ 75 കേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികളോടെയാണ് യോഗാദിനം ആചരിച്ചത്. മനുഷ്യരാശിക്കായി യോഗ എന്നതാണ് ഇത്തവണ യോഗ ദിനത്തിന്റെ പ്രമേയം.
മൈസൂരു അംബാവിലാസ് പാലസ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തപ്പോള്‍ മറ്റ് എഴുപത്തിനാലിടങ്ങളില്‍ വിവിധ കേന്ദ്ര മന്ത്രിമാരുടെയും മുതിര്‍ന്ന പാര്‍ലമെന്റ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് യോഗാദിനാചരണം നടന്നത്. 15000 പേര്‍ ചടങ്ങില്‍ പങ്കാളികളായി. ദില്ലിയില്‍ രാഷ്ട്രപതി ഭവനിലെ ചടങ്ങുകള്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേതൃത്വം നല്‍കി.
ലോകസ്ഭ സ്പീക്കറുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് വളപ്പിലും യോഗാദിനാചരണം നടന്നു. ജന്തര്‍ മന്തറിലും ചെങ്കോട്ടയിലുമായി നടന്ന പരിപാടികള്‍ക്ക് കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, ഹര്‍ദീപ് സിംഗ് പുരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പല രാജ്യങ്ങളിലും യോഗ ദിനത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളുടെ നേതൃത്വത്തില്‍ നടന്നു.