Breaking NewsNEWS

പള്‍സര്‍ സുനിയുടെ കത്ത്… ”അബാദില്‍ ഇക്കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല”

ഒന്നും ഇല്ലാത്ത സമയത്ത് കൂടെ കൂട്ടി എല്ലാം നേടി പവറും പദവിയും കിട്ടിയപ്പോള്‍ മഞ്ജുവിനോട് ചെയ്തത് ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്യാന്‍ ഇടയാക്കിയ പള്‍സര്‍ സുനിയുടെ കത്ത് പുറത്ത്. ജയിലിലിരുന്ന് പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ദിലീപിന് എഴുതിയതെന്ന് പറയപ്പെടുന്ന കത്തില്‍ സിദ്ദിഖിന്റെ പങ്കിനെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്തിയപ്പോള്‍ സിദ്ദിഖും മറ്റാരെല്ലാം ഉണ്ടായിരുന്നുവെന്ന് താനാരോടും പറഞ്ഞിട്ടില്ല എന്നാണ് പള്‍സര്‍ സുനിയുടേതെന്ന് പറയപ്പെടുന്ന കത്തില്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സിദ്ദിഖിനെ ചോദ്യം ചെയ്തത്.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ സഹതടവുകാരന്‍ കുന്ദംകുളം സ്വദേശി ജിംസിന്റെ വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതിന്‍െ്‌റ ആധികാരികത ഉറപ്പാക്കാന്‍ പള്‍സര്‍ സുനിയുടെ കൈയ്യക്ഷരത്തിന്റ സാമ്പിളും പോലീസ് ശേഖരിച്ചിരുന്നതാണ്.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയ്ക്ക് പിന്നില്‍ ദിലീപാണെന്ന് ആരോപിക്കുന്നതാണ് കത്തിന്റെ ഉള്ളടക്കം. ഇതില്‍ സിദ്ദിഖിന്റെ പങ്കിനെക്കുറിച്ച് പറയുന്ന പേജാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നേരത്തേ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ സുനിയുടെ അമ്മ കത്തിന്റെ പകര്‍പ്പിന്റെ പൂര്‍ണരൂപം പുറത്ത് വിട്ടിരുന്നു.

കത്തിലെ പരാമര്‍ശങ്ങളിങ്ങനെ:

”ചേട്ടന് ഈ കത്ത് എഴുതുന്നത് ചേട്ടന്റെ സഹായം ആവശ്യപ്പെട്ടിട്ടല്ല. പല തരത്തിലും ഉള്ള വിഷമങ്ങള്‍ ഇപ്പോഴും ഉള്ളത് കൊണ്ട് ഇനി ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ എനിക്ക് സംഭവിക്കാതിരിക്കാനാണ് – എന്ന് പ്രത്യേകം ഓര്‍മിപ്പിക്കാനാണ്. അമ്മ എന്ന സംഘടന ചേട്ടന്‍ എന്ത് ചെയ്താലും കൂട്ട് നില്‍ക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയില്‍ വച്ച് ഇക്കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോള്‍ സിദ്ദിഖ് ഓടി നടന്നത്? അമ്മയിലെ പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍ ചേട്ടന്‍ വളരെ വിദഗ്ധമായി അവരുടെ കണ്ണില്‍ പൊടിയിട്ടത് കൊണ്ടല്ലേ?

അമ്മയുടെ സംഘടനയില്‍ ചേട്ടന്‍ ഉള്‍പ്പടെ എത്ര പേര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധം ഉണ്ടെന്നും ചേട്ടന്‍ പുറത്ത് പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത് എന്തിനാണെന്നും, പരിപാടിയുടെ ലാഭം എത്ര ആളുകള്‍ക്ക് നല്‍കണമെന്നും പുറത്ത് വന്നാല്‍ എന്ന കാര്യവും എന്നെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇതെല്ലാം ഒന്ന് കൂടി ഓര്‍ത്താല്‍ നന്നായിരിക്കും.

എന്നെ സഹായിക്കാവാനാണെങ്കില്‍ അത് ചേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആകാമായിരുന്നില്ലേ! ചേട്ടന്റെ കാശ് ഞങ്ങള്‍ക്ക് വേണ്ട. മാര്‍ട്ടിന്‍ പറഞ്ഞത് പോലെ ഞാന്‍ പറയില്ല. അനൂപ് ബാബുസാറിനെ കണ്ടതും ബാബുസാറ് മാര്‍ട്ടിനോട് മഞ്ജുവിനെയും എസ് ശ്രീകുമാറിനെയും ഈ കേസ്സിലേക്ക് ഏതെങ്കിലും തരത്തില്‍ കോടതിയില്‍ വിളിച്ച് പറഞ്ഞ് ഉള്‍പ്പെടുത്താന്‍ പറഞ്ഞതും മാര്‍ട്ടിന്‍ കോടതിയില്‍ എഴുതി കൊടുത്തതും ഞാന്‍ അറിഞ്ഞു. മാര്‍ട്ടിന് കാശ് കൊടുത്ത് ഇല്ലാത്ത കാര്യം കോടതിയില്‍ പറയിപ്പിച്ചത് കൊണ്ട് എന്തെങ്കിലും നേടിയോ?

ഒന്നും ഇല്ലാത്ത സമയത്ത് കൂടെ കൂട്ടി എല്ലാം നേടി പവറും പദവിയും കിട്ടിയപ്പോള്‍ മഞ്ജുവിനോട് ചെയ്തത് ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നു.

എല്ലാവരെയും ചേട്ടന്‍ വിലയ്ക്ക് വാങ്ങിച്ച് കഴിഞ്ഞു. പ്രതികളും സാക്ഷികളും ചേട്ടനെതിരെ വാദിക്കുന്ന വക്കീലിനെയും ഇനി വക്കീല്‍ ചേട്ടനെ കോടതിയില്‍ വാഴ്ത്തപ്പെട്ടവനായി ചിത്രീകരിക്കുകയും കോടതി വെറുതെ വിടുകയും ചെയ്യുമായിരിക്കും. പക്ഷേ സത്യം അറിയുന്നവര്‍ എന്നും മൂടി വയ്ക്കും എന്ന് കരുതുന്നത് മണ്ടത്തരമാണെന്ന് ഓര്‍ക്കണം”- എന്നാണ് കത്തില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: