ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തില്‍ അഴിച്ചുപണിക്ക് മുതിരില്ലെന്ന് എഐസിസി. കേരളത്തിലെ ഫോര്‍മുല എഐസിസി അംഗീകരിക്കും. 14 ജില്ലാ പ്രസിഡന്റുമാരും സ്ഥാനത്ത് തുടരും. കെ സുധാകരന്‍ അധ്യക്ഷനായി തുടരുന്ന സമവായമാണ് എഐസിസി അംഗീകരിക്കുക.
സമവായത്തിലൂടെ കേരള ഘടകം നിര്‍ദേശിക്കുന്നവര്‍ക്ക് ജനറല്‍ ബോഡി അംഗത്വം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ കമ്മിറ്റിയിലുള്ള 234 പേരെ നിലനിര്‍ത്താനാണ് തീരുമാനം. പട്ടിക പൂര്‍ണമായി അഴിച്ചുപണിയുന്നത് കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാലാണ് നേതൃത്വം അതിന് മുതിരാത്തത്. നിലവിലെ കമ്മിറ്റിയില്‍ നിന്ന് പല കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് പകരമായി മാത്രം പുതുമുഖങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
കെപിസിസി അംഗങ്ങളുടെ പുനസംഘടന പൂര്‍ത്തിയാക്കിയ ശേഷം നേതൃത്വം 280 പേരുടെ പട്ടിക വരണാധികാരിക്ക് കൈമാറിയിട്ടുണ്ട്. പട്ടികയില്‍ 46 പേര്‍ പുതുമുഖങ്ങളാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് കെപിസിസി പുനസംഘട പൂര്‍ത്തിയാക്കിയത്. കെപിസിസി സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള വരണാധികാരി ജി പരമേശ്വരയ്ക്കാണ് പട്ടിക കൈമാറിയത്.