KeralaNEWS

വഴിത്തര്‍ക്കം പരിഹരിക്കാന്‍ ഇടപെടുന്നില്ല; വില്ലേജോഫീസില്‍ അമ്മയുടെയും മകളുടെയും ആത്മഹത്യാ ശ്രമം

വഴി കെട്ടിയടയ്ക്കാന്‍ അയല്‍വാസിക്ക് റവന്യൂ ജീവനക്കാര്‍ ഒത്താശ ചെയ്‌തെന്നും ആരോപണം

കോഴിക്കോട്: അയല്‍വാസിയുമായുള്ള വഴിത്തര്‍ക്കം പരിഹരിക്കാന്‍ റവന്യൂ അധികൃതര്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ചക്കിട്ടപാറ വില്ലേജ് ഓഫീസില്‍ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യാശ്രമം. പൊയ്കയില്‍ വീട്ടില്‍ മേരി മകള്‍ ജെസ്സി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച ഇരുവരെയും പൊലീസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. വിധവകളായ തങ്ങളുടെ വഴി കെട്ടി അടയ്ക്കാന്‍ അയല്‍വാസിക്ക് റവന്യൂ ജീവനക്കാര്‍ ഒത്താശ ചെയ്‌തെന്നും വിഷയത്തില്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നീതി കിട്ടിയില്ലെന്നും മേരി ആരോപിച്ചു.

വീട്ടിലേക്കുള്ള വഴി കെട്ടിയടച്ച് അയല്‍വാസി മതില്‍ കെട്ടിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ചക്കിട്ടപാറ വില്ലേജ് ഓഫീസിലെത്തിയ മേരിയും ജെസ്സിയും ഉച്ചവരെ ഓഫീസിന് പുറത്ത് കുത്തിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. ഇതേതുടര്‍ന്നാണ് ഇരുവരും 2 മണിയോടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. സമീപത്തുണ്ടായിരുന്ന പൊലീസ് ഉടന്‍ ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റിയതിനാല്‍ അപകടം ഒഴിവായി.

Signature-ad

സംഭവത്തെ തുടര്‍ന്ന് പൊലീസ് തഹസില്‍ദാറുമായി നടത്തിയ ചര്‍ച്ചയില്‍ വഴി കെട്ടിയടച്ച് മതില്‍ കെട്ടിയോ എന്ന് പരിശോധിക്കാന്‍ തീരുമാനമായി. ഇതിനായി സര്‍വെയര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പരാതിയില്‍ പറയുന്ന പ്രകാരം കയ്യേറ്റമുണ്ടായോ എന്ന് അളന്ന് തിട്ടപ്പെടുത്തുമെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കി.

Back to top button
error: