CrimeNEWS

ഉല്ലാസയാത്രയ്ക്കായല്ല റിയാദ് കാമുകിയെ ഒപ്പംകൂട്ടിയത്, കവർച്ചയ്ക്ക്‌

തൃശൂർ:  വിനോദയാത്ര പോകുമ്പോൾ ഗേൾഫ്രണ്ടിനെ ഒപ്പം കൊണ്ടുപോകുന്നവരിൽ നിന്നു വ്യത്യസ്തനാണു കൊരട്ടി സ്വദേശി റിയാദ്. ഉല്ലാസയാത്രയ്ക്കായല്ല റിയാദ് കാമുകിയെ ഒപ്പംകൂട്ടിയത്, കവർച്ച നടത്താൻ വേണ്ടിയാണ്! മുനമ്പത്തെ പെട്രോൾ പമ്പിൽ നിന്നു പണം കവർന്ന സംഭവത്തിൽ റിയാദ് ഉൾപ്പെടെയുള്ള മൂന്നംഗ കവർച്ചാ സംഘത്തെ നിഴൽപൊലീസ് പിടികൂടിയപ്പോഴാണ്, തന്റെയൊപ്പം കാമുകി കൂടി ഉണ്ടായിരുന്നുവെന്നു റിയാദ് വെളിപ്പെടുത്തിയത്. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ സംഭവം ശരിയാണെന്നു വ്യക്തമായതോടെ എറണാകുളം സ്വദേശി ജ്യോത്സന മാത്യുവിനെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ, എറണാകുളം ജില്ലകളിലായി 12 പെട്രോൾ പമ്പുകളിൽ നിന്നു പണം കവർന്ന കേസിൽ പ്രതികളായ കൊരട്ടി മാമ്പ്ര ചെമ്പട്ടിൽ റിയാദ് (20), മലപ്പുറം താനൂർ അട്ടത്തോട് താണിക്കടവൻ റഫീക്ക് (ശിഹാബ് – 32), അരീക്കോട് തെരാട്ടുമ്മൽ നെല്ലിപ്പാവുങ്കൽ നൗഫാൻ (27) എന്നിവരെ തൃശൂർ മുളങ്കുന്നത്തുകാവിലെ ഹോട്ടലിൽ നിന്നാണു പൊലീസ് പിടികൂടിയത്.

ഹോട്ടലിലെ 108ാം നമ്പർ മുറിയിൽ റ‍ിയാദ് ഉണ്ടെന്ന വിവരത്തിനു പിന്നാലെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം കണ്ടത് കഞ്ചാവുവലിച്ചു കൊണ്ടിരുന്ന പ്രതിയെയാണ്. കഞ്ചാവുവലിക്കു സാക്ഷിയായി കാമുകിയും ഒപ്പമുണ്ടായിരുന്നു. കവർച്ചയ്ക്കു പോയപ്പോൾ കാമുകിയെ ഒപ്പം കൂട്ടിയതെന്തിനെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം റിയാദ് വെളിപ്പെടുത്തിയില്ല.

ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട നാലാമത്തെ യുവതിയാണു തനിക്കൊപ്പമുള്ളതെന്നു റിയാദ് വെളിപ്പെടുത്തി. മോഷ്ടാവാണെന്ന വിവരം 4 പേരോടും റിയാദ് പറഞ്ഞിരുന്നത്രേ. 4 ബൈക്കുകൾ, 3 കാറുകൾ എന്നിവയും ഇക്കാലത്തിനിടെ റിയാദ് മോഷ്ടിച്ചിട്ടുണ്ട്. ചില കേസുകളിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിഞ്ഞ ശേഷം ഏതാനും മാസം മുൻപാണു പുറത്തിറങ്ങിയത്.

പട്ടാമ്പി റോഡിലുള്ള സി.കെ.താവു ആൻഡ് കമ്പനിയുടെ പമ്പിൽ നിന്ന് 3.5 ലക്ഷവും കാണിപ്പയ്യൂർ മാള ഫ്യൂവൽസിൽ നിന്ന് 12,000 രൂപയും മോഷ്ടിച്ച കേസിലാണു നിഴൽ പൊലീസ് റിയാദിനെ അറസ്റ്റ് ചെയ്തത്. കാര്യമായി പണം തടയുന്ന ഓരോ മോഷണത്തിനു ശേഷവും ആഡംബര ജീവിതമാണു തന്റെ പതിവെന്നു പ്രതി പൊലീസിനോടു പറഞ്ഞു. റ‍ിസോർട്ടുകളിൽ മുറിയെടുത്തു പണം തീരുംവരെ താമസിക്കും. അതിനു ശേഷം അടുത്ത മോഷണത്തിനു പദ്ധതിയിടുമെന്നും പൊലീസിനോട് പറഞ്ഞു.

Back to top button
error: