SportsTRENDING

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് കളി മതിയാക്കി. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി മിതാലി പ്രഖ്യാപിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലൂടെയാണ് താരം തീരുമാനം അറിയിച്ചത്. ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററായ മിതാലി രാജ് ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരി കൂടിയാണ്. 23 നീണ്ട കരിയറിന് 39-ാം വയസിലാണ് മിതാലി അവസാനമിടുന്നത്.

‘കളി മതിയാക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. ടീം ഒരുപിടി പ്രതിഭാധനരായ യുവതാരങ്ങളില്‍ സുരക്ഷിതമാണ്. ഇന്ത്യയുടെ ഭാവിക്രിക്കറ്റും ശോഭനമാണ്. ഇന്ത്യന്‍ ടീമിനെ വര്‍ഷങ്ങളോളം നയിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്. എല്ലാ സ്നേഹത്തിനും പിന്തുണക്കും നന്ദി. നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകളോടെ ഞാന്‍ എന്റെ രണ്ടാം ഇന്നിങ്സ് ആരംഭിക്കുകയാണ്’, മിതാലി കുറിച്ചു.

Signature-ad

12 ടെസ്റ്റും 232 ഏകദിനവും 89 ട്വന്റി 20യും അടങ്ങുന്നതാണ് മിതാലിയുടെ 23 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍. 1999ല്‍ തന്റെ 16-ാം വയസില്‍ ഏകദിന അരങ്ങേറ്റത്തില്‍ പുറത്താകാതെ 114* റണ്‍സ് നേടിയാണ് മിതാലി രാജ്യാന്തര ക്രിക്കറ്റിലേക്ക് വരവറിയിച്ചത്. വനിതാ ടെസ്റ്റില്‍ 12 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളുമായി 699 റണ്‍സാണ് മിതാലിയുടെ നേട്ടം. അതേസമയം ഏകദിനത്തില്‍ 232 മത്സരങ്ങളില്‍ ഏഴ് സെഞ്ചുറികളും 64 ഫിഫ്റ്റികളുമായി 7805 റണ്‍സ് സ്വന്തമാക്കി. വനിതകളുടെ ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരി മിതാലി തന്നെ. വനിതാ ടി20യില്‍ 89 മത്സരങ്ങളില്‍ 17 അര്‍ധശതകങ്ങളോടെ 2364 റണ്‍സും പേരിലാക്കി. മിതാലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 2017 ലോകകപ്പില്‍ ഫൈനലിലെത്തിയിരുന്നു.

 

Back to top button
error: