CrimeNEWS

ബസിറങ്ങി നടന്നപ്പോള്‍ പിന്നാലെയെത്തി കയറിപ്പിടിച്ചു; ചവിട്ടിത്തെറിപ്പിച്ച് നിലവിളിച്ചു; പീഡനശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട അനുഭവം വിവരിച്ച് ചിത്രകാരി

'എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകള്‍ക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകള്‍ക്ക് വേണ്ടിയും വെറുതെ വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.'

കോഴിക്കോട്: റേപ്പ് ചെയ്യാന്‍ ശ്രമിച്ചയാളില്‍ നിന്ന് രക്ഷപ്പെട്ട സാഹചര്യത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചിത്രകാരി. തനിക്ക് നേരിടേണ്ടി വന്ന അതിക്രമം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവര്‍ വെളിപ്പെടുത്തിയത്. ഇന്നലെ രാത്രി 8.30 യോടെ കോഴിക്കോട് കുന്നമംഗലത്ത് ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു ഇവര്‍. സ്ട്രീറ്റ് ലൈറ്റ്‌സ് ഇല്ലാത്ത സ്ഥലത്ത് വെച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്.

ഒരിടത്തും പതുങ്ങിയിരിക്കാന്‍ ഇവനെ അനുവദിക്കില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. ”എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകള്‍ക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകള്‍ക്ക് വേണ്ടിയും വെറുതെ വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അവന്റെ പേരും അഡ്രസ്സും ഞാന്‍ ഇന്ന് എടുക്കും. ലോകത്തിന്റെ മുന്നില്‍ ഇവന്‍ റേപ്പിസ്റ്റ് എന്ന് ഞാന്‍ മുദ്രയടിക്കും. ഇനി ഒരിക്കലും എവിടെയും പതുങ്ങിയിരിക്കാന്‍ ഞാന്‍ അനുവദിക്കില്ല.” നിയമപരമായി ഏതറ്റം വരെ പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

”അഡ്വക്കേറ്റിനോട് സംസാരിച്ചതിന് ശേഷം, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. നിയമപരമായി ഏതൊക്കെ രീതിയില്‍ പോകാന്‍ സാധിക്കുമോ അതെല്ലാം ചെയ്യാന്‍ തന്നെയാണ് തീരുമാനം. അവന്റെ അമ്മ എന്ത് വേണമെങ്കിലും ചെയ്ത് തരാം എന്ന് പറഞ്ഞ് എന്റെ കാലുപിടിച്ചു. അവരെനിക്ക് എന്ത് ചെയ്ത് തരാനാണ് ഒരു സ്ത്രീയുടെ ശരീരത്തിന്‍മേല്‍, അഭിമാനത്തിന്‍മേല്‍ അറ്റാക്ക് ചെയ്തതിന് എന്ത് പരിഹാരമാണ് ഈ ഭൂമിയിലുള്ളത് ഒരു പരിഹാരവുമില്ല. പരിഹാരമില്ലാത്ത വിഷയമാണത്. നിങ്ങളുടെ മകനെ കൊന്നിട്ട് വന്നോളൂ, അപ്പോ നോക്കാം എന്നാണ് ഞാന്‍ അവര്‍ക്ക് മറുപടി കൊടുത്തത്.”

തനിക്ക് നേരിട്ട അതിക്രമത്തിനെതിരെ തലയുയര്‍ത്തിപ്പിടിച്ച് നിന്ന് പോരാടുമെന്നും അവര്‍ വ്യക്തമാക്കി. ”അവനെ ഈ സമൂഹത്തില്‍ ഇറക്കിവിട്ടാല്‍, എന്റെ പുറകെ വന്നപ്പോള്‍ ഇങ്ങനെയായിരിക്കും സംഭവിച്ചത്. വേറെയൊരു സ്ത്രീയുടെ പുറകെ ആണെങ്കില്‍ ഇങ്ങനെയാകണമെന്നില്ല. കുറച്ചുകൂടി ഇരുട്ടിയിരുന്നെങ്കില്‍, ഓടി വരാന്‍ ആളില്ലാത്ത ഒരിടമായിരുന്നെങ്കില്‍, നമ്മള്‍ എങ്ങനെയൊക്കെ പ്രതികരിച്ചിട്ടും കാര്യമില്ല. തലക്കൊരു കല്ല് വെച്ചിടിച്ചാല്‍ മതി, ഇന്നത്തെ ദിവസം ഒരുപക്ഷേ ഞാന്‍ കാണില്ലായിരുന്നു. ഒരു വിധത്തിലും പൊറുക്കാന്‍ പറ്റാത്ത രീതിയില്‍ ആക്രമിച്ച ആളാണ് അവന്‍. എനിക്കെതിരെ വന്ന ഒരു സംഭവം. അതിനെതിരെ തലയുയര്‍ത്തിപ്പിടിച്ച്, മരണം വരെ ഞാന്‍ ഫൈറ്റ് ചെയ്യും.”

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

ഇവന്‍ റേപ്പിസ്റ്റ്

ഇന്നലെ രാത്രി 8.30 ന് കോഴിക്കോട് കുന്നമംഗലം ബസ്സ് ഇറങ്ങി എന്റെ വീട്ടിലേയ്ക്ക് നടന്നു വരുന്ന വഴിയില്‍ ഞാന്‍ അറിയാതെ ഇവന്‍ എന്നെ ഫോളോ ചെയ്തിരുന്നു. ജംഗ്ഷന്‍ വിട്ട് ഇടവഴിയിലേയ്ക്ക് തിരിഞ്ഞപ്പോ സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്ത ഇടത്തേയ്ക്ക് എത്തിയതും ഇവന്‍ എന്നെ ആക്രമിച്ചു റേപ്പ് ചെയ്യാന്‍ ശ്രമിച്ചു. റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാന്‍ ചവിട്ടിത്തെറിപ്പിച്ചലറി. എന്റെ അലര്‍ച്ചയില്‍ ആളുകള്‍ ഓടി വരാന്‍ സാധ്യതയുള്ളതിനാല്‍ അവന്‍ ഓടി. ഞാന്‍ അവന്റെ പുറകെ അലറിക്കൊണ്ടോടി. മെയിന്‍ റോഡില്‍ അവന്റെ പുറകെ ഓടി. അലര്‍ച്ചകെട്ടു ആളുകള്‍ ഓടിക്കൂടി. രണ്ടു കൊച്ചു പയ്യന്മാര്‍ ബൈക്ക് എടുത്ത് അവന്റെ പുറകെ പാഞ്ഞു. അവനെ പിടിച്ചുകൊണ്ടു വന്നു. അവനെ നല്ലവണ്ണം കൈകാര്യം ചെയ്തു കുന്നമംഗലം പൊലീസിന് കൈമാറി.

ഇനിയുള്ളതാണ് നമ്മുടെ നിയമപരമായ ലൂപ്പ് ഹോള്‍. ഇതുവരെയും നടന്ന റേപ്പുകളുടെ വിധി ഇനി ബാക്കി നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ ഏതറ്റം വരെയും ഞാന്‍ പോകും. ഇവന്‍ ഈ സമൂഹത്തില്‍ ഇനിയും പതിയിരിക്കാന്‍ പാടില്ല. ഇന്നലെ ഒരുപക്ഷേ എന്റെ അപകട സാഹചര്യങ്ങളില്‍ വരുന്ന അസാമാന്യ പ്രതിരോധ ശക്തിയും നേരം അതിനെക്കാളും ഇരുട്ടിയിട്ടില്ല എന്നുള്ളതും ഭാഗ്യവും അനൂകൂല ഘടകമായി വന്നതിനാലാണ് ഞാന്‍ റേപ്പ് ചെയ്യപ്പെടാതിരുന്നതും കൊല്ലപ്പെടാതിരുന്നതും. ഇതേ സാഹചര്യത്തില്‍ വിറച്ചു പോകുന്ന ഒരു സ്ത്രീയോ ഒരു കുട്ടിയോ ആയിരുന്നെങ്കില്‍ സ്ഥിതി ഇതാകുമായിരുന്നില്ല.

ആയതിനാല്‍ എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകള്‍ക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകള്‍ക്ക് വേണ്ടിയും വെറുതെ വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അവനു വേണ്ടി കരഞ്ഞു കാലുപിടിച്ച അവന്റെ അമ്മയോട് ഞാന്‍ പറഞ്ഞത്: നിങ്ങള്‍ അവനെ കൊന്നിട്ട് വരൂ. അപ്പോള്‍ മാത്രം ഞാന്‍ നിങ്ങളുടെ വാക്കുകള്‍ക്ക് ചെവി തരാം. അല്ലെങ്കില്‍ ഞാന്‍ അവനെ കൊന്നുകൊള്ളാം. അവന്റെ പേരും അഡ്രസ്സും ഞാന്‍ ഇന്ന് എടുക്കും. ലോകത്തിന്റെ മുന്നില്‍ ഇവന്‍ റേപ്പിസ്റ്റ് എന്ന് ഞാന്‍ മുദ്രയടിക്കും. ഇനി ഒരിക്കലും എവിടെയും പതുങ്ങിയിരിക്കാന്‍ ഞാന്‍ അനുവദിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: