Breaking NewsNEWS

മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തി, പിന്നാലെ ജലീലിന്റെ പരാതി; സ്വപ്നയ്ക്കെതിരേ കേസെടുത്തേക്കും

തിരുവനന്തപുരം: രാഷ്ട്രീയ ദുരുദ്ദേശത്തോടെയുള്ള നുണപ്രചാരണം നടത്തുന്നെന്നാരോപിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെതിരേ കെ.ടി. ജലീല്‍ എം.എല്‍.എ. പരാതി നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. സ്വപ്ന ചൊവ്വാഴ്ച നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തും കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ അനില്‍കാന്തിനെ മുഖ്യമന്ത്രി സെക്രട്ടേറിയേറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഈ കൂടിക്കാഴ്ച അവസാനിച്ച് തൊട്ടുപിന്നാലെയാണ് സ്വപ്നയ്ക്കെതിരേയുള്ള പരാതിയുമായി ജലീല്‍ സ്റ്റേഷനില്‍ എത്തിയത്. വേദനാജനകവും രാഷ്ട്രീയ ദുരുദ്ദേശത്തോടെയുമുള്ള നുണപ്രചാരണമാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും വ്യക്തിപരമായി തനിക്കെതിരെയും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന നടത്തിയിട്ടുള്ളതെന്ന് ജലീല്‍ പരാതിയില്‍ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം ചില ടെലിവിഷന്‍ ചാനലുകളില്‍ പി.സി. ജോര്‍ജിന്റെ വോയ്സ് ക്ലിപ്പുകള്‍ സംപ്രേഷണം ചെയ്തിരുന്നു. ജോര്‍ജ് രണ്ടുമാസം മുന്‍പ് ഒരു ഗൂഢ പദ്ധതി തയാറാക്കുന്നതിന്റെ വിവരങ്ങളാണ് ആ വോയ്സ് ക്ലിപ്പുകളില്‍ പ്രതിപാദിച്ചിരിക്കുന്നത്. കേരളസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് ഒരു രാഷ്ട്രീയ ഗൂഢാലോചന സംഘടിപ്പിക്കുന്ന തരത്തിലാണ് പി.സി ജോര്‍ജ് സംസാരി ക്കുന്നത് കേട്ടതെന്നും ജലീല്‍ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങള്‍ തെരെഞ്ഞെടുത്ത് അധികാരത്തിലേറ്റിയ സര്‍ക്കാരിനെ നിയമവിരുദ്ധമായി അസ്ഥിരപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ടുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പ്രസ്തുത ടെലിഫോണ്‍ സംഭാഷണത്തെ കാണേണ്ടതെന്നും ജലീല്‍ ആരോപിക്കുന്നു.

Signature-ad

നുണപ്രചാരണം നടത്തി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്നും അദ്ദേഹം പരാതിയില്‍ ആരോപിച്ചു. ബി.ജെ.പിയുടെ പ്രേരണയില്‍ നടക്കുന്ന ഗൂഢാലോചനയ്ക്ക് യു.ഡി.എഫ്. ഇന്ധനം പകരുന്നതിന്റെ അര്‍ഥമെന്താണെന്ന് മനസ്സിലാകുന്നില്ലെന്നു ജലീല്‍ മാധ്യമങ്ങളോടു പറഞ്ഞു. കോടതി മുമ്പാകെ നിരവധി തവണ സി.ആര്‍.പി.സി. 164 വകുപ്പ് അനുസരിച്ചുള്ള മൊഴി നല്‍കിയിരിക്കുന്ന വ്യക്തിയാണ് സ്വപ്ന. രാഷ്ട്രീയമായി തന്നെയും കേരളസര്‍ക്കാരിനെയും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് പ്രസ്തുത പ്രസ്താവനയിലൂടെ അവര്‍ ശ്രമിച്ചിരിക്കുന്നത്.

ഇത്തരമൊരു നുണക്കഥ വാര്‍ത്താമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷം ഇന്നലെയും ഇന്നുമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആസൂത്രിതമായ കലാപത്തിനുവേണ്ടിയുള്ള ശ്രമങ്ങളും ഇവര്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ജലീല്‍ പരാതിയില്‍ പറയുന്നു. യു.ഡി.എഫിലും ബി.ജെ.പിയിലും ഉള്‍പ്പെട്ട യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുകയും പോലീസിനെ ആക്രമിക്കുകയും അതുവഴി നാട്ടിലാകെ സംഘര്‍ഷം വ്യാപിപ്പിക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നതെന്നും പരാതിയിലുണ്ട്.

 

 

Back to top button
error: