തൃക്കാക്കര നിലനിര്‍ത്താന്‍ യു.ഡി.എഫിന് സഹായകരമായത് സഹതാപ തരംഗം മാത്രമല്ല, കെ. റെയില്‍ വിവാദവും വലിയ രൂപത്തില്‍ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്.അതേസമയം ഒരുവേള അട്ടിമറി വിജയം പ്രതീക്ഷിച്ച എൽഡിഎഫിന് കെ വി തോമസ് പാരയുമായി.
രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്.കെ റെയില്‍ കടന്നു പോകുന്ന മണ്ഡലത്തില്‍, ഇതു തന്നെ ആയിരുന്നു യു.ഡി.എഫിന്റെ പ്രധാന പ്രചരണായുധവും.ഈ പ്രചരണത്തെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ മണ്ഡലത്തില്‍ തമ്ബടിച്ചെങ്കിലും അതൊന്നും ഏശിയില്ലന്നതാണ് യാഥാര്‍ത്ഥ്യം.സ്വന്തം കിടപ്പാടം വരെ പിണറായി സര്‍ക്കാര്‍ കൊണ്ടു പോകുമെന്ന പ്രചരണമാണ് യു.ഡി.എഫ് തൃക്കാക്കരയില്‍ നടത്തിയിരുന്നത്.അത് ഫലം കണ്ടു എന്നു തന്നെ വേണം കരുതാന്‍.ഇതാടൊപ്പം പി.ടി തോമസിനോടുള്ള ഇഷ്ടം കൂടി പ്രകടമായപ്പോള്‍ യു.ഡി.എഫിന് ചരിത്ര ഭൂരിപക്ഷമാണ് തൃക്കാക്കരയില്‍ ലഭിച്ചിരിക്കുന്നത്.
കെ.വി തോമസ് എന്ന അവസരവാദിക്ക് ‘കൈ’ കൊടുത്തതും ഇടതുപക്ഷത്തിന്റെ പരാജയത്തിന് മറ്റൊരു കാരണമാണ്.കോണ്‍ഗ്രസ്സ് ഒരു കേഡര്‍ പാര്ട്ടിയല്ലങ്കിലും അവരുടെ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാന്‍ ആ പാര്‍ട്ടിക്കു കഴിഞ്ഞിട്ടുണ്ട്.കെ.വി തോമസ് ഉടക്കിയപ്പോള്‍ ‘പോയി തുലയട്ടെ’ എന്ന നിലപാടാണ് കോണ്‍ഗ്രസ്സ് സ്വീകരിച്ചത്.അണികളും അനുഭാവികളും ഈ തീരുമാനത്തിനൊപ്പമാണ് നിന്നിരിക്കുന്നത്.അധികാര കൊതിയന്മാരായ നേതാക്കള്‍ പാര്‍ട്ടി വിട്ടാല്‍ അവരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുക എന്ന നിലപാടില്‍ നിന്നും, ഇനിയെങ്കിലും, ഇടതുപക്ഷ നേതാക്കള്‍ പിന്മാറണം.ഇടതുപക്ഷ അണികള്‍ക്കു പോലും ദഹിക്കാത്ത നിലപാടാണിത്.
കെ.വി തോമസിന് ഒരു ചെറിയ ചലനം സൃഷ്ടിക്കാന്‍ പോലും തൃക്കാക്കരയില്‍ സാധിച്ചിട്ടില്ല. കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന് നതും, അതു തന്നെയാണ്.
ജാതി – മത ശക്തികളെ ചെറുത്ത് തോല്‍പ്പിച്ചാണ് കേരളത്തില്‍ ഇടതുപക്ഷം ചെങ്കൊടി നാട്ടിയിരിക്കുന്നത്. തൃക്കാക്കരയില്‍ സഭയുടെ സ്ഥാനാര്‍ത്ഥി എന്ന പ്രചരണത്തിന് ഇടയാക്കിയ കാര്യവും ഇടതുപക്ഷം ഗൗരവമായി പരിശോധിക്കണം.സഭയെ വെല്ലുവിളിച്ച പി.ടി തോമസിനെ വലിയ ഭൂരിപക്ഷത്തിനു വിജയിപ്പിച്ച മണ്ഡലമാണിത്.ഇതു തിരിച്ചറിയാതെ പോയതാണ് ഇടതുപക്ഷത്തിന്റെ തോൽവിയുടെ ഏറ്റവും പ്രധാന കാരണം.