KeralaNEWS

സൈക്കിൾ തരംഗമാകുന്നു, ഉല്ലാസത്തിനും വ്യായാമത്തിനും സൈക്കിൾ; ആക്കുളത്ത് സ്കൈ സൈക്ലിങ്

   സൈക്കിൾ തരംഗമായി മാറുകയാണ്. ജോലിസ്ഥലത്തും സ്‌കൂളുകളിലും തുടങ്ങി എവിടെയും സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ മാറ്റത്തിന്റെ ‘ബെല്ലടി’യാണ് എങ്ങും മുഴങ്ങി കേൾക്കുന്നത്. ഉല്ലാസത്തിനും വ്യായാമത്തിനുമായി സൈക്കിൾ സവാരി ശീലമാക്കി മാറ്റിയവർ ഏറിയ പങ്കും കണ്ണൂരിലാണ്. കാനന്നൂർ സൈക്ലിങ്‌  ക്ലബ്ബാണ്‌ ഇതിന്‌ മുൻകൈയെടുത്തത്‌. തുടക്കത്തിൽ 20 പേരുമായി ആരംഭിച്ച ക്ലബ്ബിൽ ഇപ്പോൾ 8000 ലേറെ അംഗങ്ങളുണ്ട്. 14 സ്കൂളുകളിൽ യൂണിറ്റ് തുടങ്ങി. കേരളത്തിലെ ആദ്യ വനിതാ സൈക്ലിങ്‌ വിങ് പിങ്ക് റൈഡേഴ്‌സും ആരംഭിച്ചു. കോർപറേഷനിൽ   സൈക്കിൾ സ്റ്റേഷനും വിവിധ പ്രദേശങ്ങളിൽ  സൈക്കിൾ സ്റ്റാൻഡും സ്ഥാപിക്കാനുള്ള  ശ്രമത്തിലാണ്‌ ക്ലബ്ബെന്ന്‌ പ്രസിഡന്റ്‌ ഷാഹിൻ പള്ളിക്കണ്ടി പറയുന്നു.

നഗരങ്ങളിൽ ബൈക്കും കാറും ഉപേക്ഷിച്ച്‌ യാത്രയ്‌ക്കും വ്യായാമത്തിനും സൈക്കിൾ വ്യാപകമായി ഉപയോഗിക്കുന്നു. ഗ്രാമങ്ങളിലും സൈക്കിൾ ഇഷ്ടവാഹനമായി. ജോലിസ്ഥലത്തേക്ക് സൈക്കിളിൽ പോകുന്നവരും സ്‌കൂളുകളിൽ സൈക്കിളിലെത്തുന്ന വിദ്യാർഥികളും ധാരളമാണ്.

കണ്ണൂരിൽ സൈക്കിൾ ട്രാക്ക്‌

സൈക്കിൾ സവാരിക്കായി ട്രാക്കുള്ള  അപൂർവ  നഗരങ്ങളിലൊന്നാണ്‌ കണ്ണൂർ. പയ്യാമ്പലം പാർക്കിൽനിന്ന്‌ പഴയ പ്രഭാത്‌ ജങ്‌ഷൻ വരെയും എസ്‌.എൻ പാർക്ക്‌ വരെയുമാണ്‌ ട്രാക്ക്‌. പാർക്ക്‌ മുതൽ ഗേൾസ്‌ സ്‌കൂൾവരെ ഒറ്റ ട്രാക്കാണ്‌. അതിനുശേഷം ഇടതും വലതുമായി രണ്ട്‌ ട്രാക്ക്‌. മൂന്നുകിലോമീറ്റർ നീളമുണ്ട്‌.

മാറ്റത്തിന്റെ ‘ബെല്ലടി’

റോഡിലെ തിരക്ക്‌ കാരണം കൃത്യസമയത്ത്‌ സ്‌കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്ക്‌ വലിയ അനുഗ്രഹമാണ്‌ സൈക്കിൾ. ചെറുകുന്ന്‌ ഗേൾസ്‌, ബോയ്‌സ്‌, പാപ്പിനിശേരി, കല്യാശേരി, കരിവെള്ളൂർ, പയ്യന്നൂർ ഗേൾസ്‌, ബോയ്‌സ്‌ തുടങ്ങിയ സ്‌കൂളുകളിലെ കുട്ടികൾ കൂടുതലായി എത്തുന്നത്‌ സൈക്കിളിലാണ്. 300 കുട്ടികൾ സ്ഥിരമായി സൈക്കിളിലാണ് എത്തുന്നതെന്ന്‌ ചെറുകുന്ന്‌  ഗവ. ഗേൾസ്‌ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ  പ്രധാനാധ്യപിക എം.വി റീന പറഞ്ഞു.

കണ്ണൂരിലെ ഔദ്യോഗിക സൈക്ലിംഗ് ക്ലബ്ബ്

കാനന്നൂർ സൈക്ലിംഗ് ക്ലബ് 1969 ലെ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു. കെസിസിയുടെ കണ്ണൂർ ജില്ലയിലും പരിസരങ്ങളിലുമുള്ള സൈക്കിൾ പ്രേമികളുടെ കൂട്ടായ്മയാണിത്.
സൈക്കിൾ റൈഡർമാരുടെ ഒരു ചെറിയ ഗ്രൂപ്പിൽ നിന്ന് 8000ലധികം അംഗങ്ങളുടെ ഗ്രൂപ്പിലേക്കുള്ള വളർച്ച പെട്ടെന്നായിരുന്നു.

പ്രൊഫഷണൽ പരിശീലനങ്ങൾ

കെസിസി നടത്തിയ ലോകോത്തര പരിശീലന സെഷനുകൾ കണ്ണൂരിന് പുതുമയായിരുന്നു. ഗവൺമെന്റിൽ നിന്നും മറ്റ് പ്രശസ്ത സംഘടനകളിൽ നിന്നുമുള്ള അന്താരാഷ്ട്ര പരിശീലകർ ജില്ലയിൽ പ്രൊഫഷണൽ പരിശീലനം നൽകുന്നു. ഇതോടൊപ്പം വിപുലമായ സൈക്ലിംഗ് ഇവന്റുകളും കെസിസി സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ ആക്കുളം വിനോദസഞ്ചാര വില്ലേജിൽ ആകാശ സൈക്ളിങ് ഒരുങ്ങുന്നു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ സ്കൈ സൈക്ലിങ് ഉൾപ്പെടെയുള്ള സാഹസികവിനോദങ്ങൾ ഒരുക്കുന്നത്.

ആക്കുളത്തെ മുഴുവൻ പ്രകൃതിഭംഗിയും ആസ്വദിച്ച് ആകാശത്തിലൂടെ സൈക്കിൾ ചവിട്ടാനുള്ള പദ്ധതിയാണിത്.

സ്കൈ സൈക്ലിങ്

പേരു സൂചിപ്പിക്കും പോലെ ആകാശ സൈക്ലിങ് എന്നാൽ ഉയരത്തിൽ കെട്ടിയ കയറിലൂടെ സൈക്കിൾ ചവിട്ടുന്ന ഒരു സാഹസിക വിനോദമാണ്. പൂർണമായും സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയാണ് ഇതു പ്രവർത്തിക്കുന്നത്. ഉയരത്തിൽ സൈക്കിൾ ചവിട്ടുന്നതിനോടൊപ്പം ചുറ്റുമുള്ള പ്രകൃതിഭംഗിയും ആസ്വദിക്കാം. നിലവിൽ പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പോത്തുണ്ടി അണക്കെട്ടിനോടു ചേർന്നുള്ള ഉദ്യാനത്തിൽ സ്കൈ സൈക്ലിങ് നടത്തുന്നുണ്ട്.
സാഹസിക വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാണ് ഈ വിനോദം.

Back to top button
error: