റാന്നി: മൃതദേഹം സംസ്കരിക്കാൻ കുഴിയെടുക്കാനെത്തിയ അതിഥിത്തൊഴിലാളി മദ്യലഹരിയിൽ കുഴഞ്ഞുവീണു.ഒട്ടും മടിക്കാതെ പിക്കാക്സുപയോഗിച്ച് പെരുനാട് എസ്.ഐ. കുഴിയെടുത്തുതുടങ്ങി. എസ്.ഐ. വിജയാനന്ദൻ തമ്പിയും ഗ്രാമപ്പഞ്ചായത്തംഗം ജോർജുകുട്ടി വാഴപ്പിള്ളേത്തും കുഴിയെടുക്കാൻ മുന്നിട്ടിറങ്ങിയതോടെ, വനിതകളടക്കം മറ്റുള്ളവരും ഒപ്പംചേർന്ന് കുഴിയെടുത്തു.
വടശേരിക്കര ബൗണ്ടറി തടത്തിൽ പ്രഭാകരന്റെ(65) മൃതദേഹം സംസ്കരിക്കുന്നതിനാണ് ഇവർ കുഴിയെടുത്തത്. മൂന്നുസെന്റ് സ്ഥലത്താണ്, പട്ടികജാതി സമുദായാംഗമായ ഇദ്ദേഹം താമസിക്കുന്നത്. ചികിത്സയിലായിരുന്ന പ്രഭാകരൻ ഞായറാഴ്ച രാത്രിയിലാണ് മരിച്ചത്.
വീടിനോടുചേർന്ന് കുഴിയെടുക്കാൻ തുടങ്ങിയപ്പോൾ, ബന്ധുവായ അയൽവാസി പോലീസിൽ വസ്തുവിനെച്ചൊല്ലി തർക്കമുന്നയിച്ചു. തുടർന്നാണ് 11.30-ഓടെ എസ്.ഐ. സ്ഥലത്തെത്തുന്നത്. എസ്.ഐ. നടത്തിയ ചർച്ചയെത്തുടർന്ന് പ്രഭാകരന്റെ വീടിന്റെ പിന്നിൽ ഇവരുടെ സ്ഥലത്ത് കുഴിയെടുക്കേണ്ട ഭാഗം തീരുമാനിച്ചുനൽകി.
കുഴിയെടുക്കുന്നതിനായി രണ്ട് അതിഥിത്തൊഴിലാളികളെ ബന്ധുക്കൾ വിളിച്ചുവരുത്തിയിരുന്നു. കുഴിയെടുത്തുതുടങ്ങിയപ്പോൾ മദ്യലഹരിയിൽ ആടിനിന്ന ഒരു തൊഴിലാളി നിലത്തുവീണു. ഇയാളെ മടക്കിയയച്ചു. ആളില്ലാത്ത അവസ്ഥയെത്തിയപ്പോൾ ഗ്രാമപ്പഞ്ചായത്തംഗം ജോർജുകുട്ടി വാഴപ്പിള്ളേത്ത് കുഴിയെടുക്കാൻ തുടങ്ങി. ഈസമയമാണ് എസ്.ഐ. പിക്കാക്സ് വാങ്ങി കുഴിയെടുക്കാൻ തയ്യാറായത്. പിന്നീട് തൊഴിലുറപ്പുകാരായ ഏതാനും വനിതകളും ഇവർക്കൊപ്പം ചേർന്നു. മൂന്നുമണിയോടെ സംസ്കാരം നടത്തി. രാജമ്മയാണ് പ്രഭാകരന്റെ ഭാര്യ. മക്കൾ: പ്രമോദ്, പ്രശാന്തിനി.