ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാർട്ടിയായി വീണ്ടും ബിജെപി. 2020–2021 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് 477.5 കോടി രൂപ സംഭാവനയായി ലഭിച്ചു. കോൺഗ്രസിനു ലഭിച്ചതാകട്ടെ 74.50 കോടി രൂപയും. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കണക്കിലാണ് ഇരുപാർട്ടികളും തുക വെളിപ്പെടുത്തിയത്.
4,77,54,50,077 രൂപയാണ് ബിജെപിക്ക് വ്യക്തികളും സ്ഥാപനങ്ങളും ട്രസ്റ്റുകളും ചേർന്ന് നൽകിയത്. 74,50,49,731 രൂപയാണ് കോൺഗ്രസിനു ലഭിച്ചത്. ബിജെപിക്ക് ആകെ ലഭിച്ച തുകയുടെ 15% മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. 2020-21 സാമ്പത്തികവർഷത്തിലെ കണക്കുകൾ മാർച്ച് 14നു മുൻപാണ് ഹാജരാക്കിയത്. 20,000 രൂപയിൽ കൂടുതൽ സംഭാവന ലഭിച്ച പാർട്ടികൾ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ മുൻപാകെ സമർപ്പിക്കേണ്ടതുണ്ട്.
പ്രൂഡന്റ് ഇലക്റ്ററൽ ട്രസ്റ്റ് 209 കോടി രൂപ ബിജെപിക്ക് സംഭാവന ചെയ്‌തു. ഈ സംഘടന 2019-20 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് 217.75 കോടി സംഭാവന നൽകിയിരുന്നു. 2019-20 സാമ്പത്തികവർഷത്തിൽ 3429.56 കോടിയുടെ തിരഞ്ഞെടുപ്പ് ബോണ്ട് പാർട്ടികൾ ചിലവഴിച്ചു. ഇതേ കാലയളവിൽ ബിജെപിയുടെ മൊത്തവരുമാനം 3623.28 കോടിയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 1651 കോടിയാണ് ബിജെപി ചിലവഴിച്ചത്. കോൺഗ്രസ് ഈ കാലയളവിൽ വരുമാനമായി നേടിയത് 682 കോടിയാണ്. അതേസമയം 998 കോടി ചിലവഴിച്ചു.