അടൂർ:യാത്രക്കാരൻ ബെല്ലടിച്ചതിനെ തുടർന്ന് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് കണ്ടക്ടർ ഇല്ലാതെ ഓടിയത് 18 കിലോമീറ്റർ.കണ്ടക്ടർ മൂത്രമൊഴിക്കാനായി കയറിയ സമയത്ത് യാത്രക്കാരിലാരോ ബെല്ലടിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് മൂലമറ്റത്തിനുപോയ കെ.എസ്.ആർ.ടി.സി. ബസാണ് കൊട്ടാരക്കരയിൽ നിന്നും അടൂർ വരെ കണ്ടക്ടറില്ലാതെ ഓടിയത്.
തിരുവനന്തപുരത്തുനിന്ന് ബസ് കൊട്ടാരക്കരയിലെത്തിയപ്പോൾ കണ്ടക്ടർ മൂത്രമൊഴിക്കാനായി ഇറങ്ങി. അൽപ്പംകഴിഞ്ഞ് യാത്രക്കാരിലാരോ ഡബിൾ ബെല്ലടിച്ചു.ഇതോടെ ഡ്രൈവർ ബസെടുത്തു.കണ്ടക്ടർ ആവശ്യം കഴിഞ്ഞ് തിരികെവന്നപ്പോഴാണ് ബസ് വിട്ടുപോയ വിവരമറിയുന്നത്. കൊട്ടാരക്കര ഡിപ്പോയിൽനിന്ന് വിവരം അടൂർ ഡിപ്പോയിൽ അറിയിച്ചതിനെത്തുടർന്ന് ബസ് സ്റ്റാൻഡിൽ പിടിച്ചിട്ടു.മുക്കാൽമണിക്കൂർ കഴിഞ്ഞ് കണ്ടക്ടർ മറ്റൊരു ബസിൽ അടൂരിലെത്തിയശേഷമാണ് മൂലമറ്റത്തേക്ക് ബസ് പുറപ്പെട്ടത്.