KeralaNEWS

തൃക്കാക്കരയിൽ വോട്ടെടുപ്പ് തുടങ്ങി, എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140–ാം നമ്പർ ബൂത്തിലും യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് പാലാരിവട്ടം പൈപ്പ്ലൈൻ ജംഗ്ഷനിൽ 50–ാം നമ്പർ ബൂത്തിലുംവോട്ട് രേഖപ്പെടുത്തി

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് രാവിലെ 7 മുതൽ ആരംഭിച്ചു. വൈകിട്ട് 6 വരെയാണു പോളിങ്. വോട്ടെണ്ണൽ വെള്ളിയാഴ്ച. പി.ടി.തോമസ് എംഎൽഎയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. ആകെ 1,96,805 വോട്ടർമാരുണ്ട്. 1,01,530 പേർ വനിതകളാണ്. 3633 കന്നിവോട്ടര്‍മാരുണ്ട്. ഒരു ട്രാൻസ്ജെൻഡറുമുണ്ട്. 239 ബൂത്തുകൾ. പോളിങ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വോട്ടെടുപ്പ്. അതീവ സുരക്ഷയാണ് തൃക്കാക്കരയില്‍ പൊലീസ് ഒരുക്കിയിട്ടുള്ളത്.

മൂന്നു മുന്നണികളുടെ ഉള്‍പ്പെടെ എട്ട് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. ഒരുമാസത്തോളം നീണ്ട പൊടിപാറിയ പ്രചാരണത്തിലൂടെ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു തൃക്കാക്കര മണ്ഡലം.

പൊതുപ്രചാരണ പരിപാടി ഇല്ലാതിരുന്ന തിങ്കളാഴ്ച വീടുകയറിയുള്ള അവസാനവട്ട ക്യാമ്പയിനിലായിരുന്നു മുന്നണികള്‍. വ്യക്തികളെ നേരില്‍ കണ്ടും ഫോണിലും വോട്ട് ഉറപ്പിച്ച് സ്ഥാനാര്‍ഥികള്‍ തിരക്കിലായിരുന്നു.

പോളിങ്ങിനു ശേഷം ബാലറ്റ് യൂണിറ്റുകൾ മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്കു മാറ്റും. ജൂൺ 3നു രാവിലെ 8ന് വോട്ടെണ്ണൽ തുടങ്ങും. 6 തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളും മണ്ഡലത്തിലുണ്ട്. വിവാദങ്ങൾ പുറത്ത് ആളിക്കത്തിയെങ്കിലും അകമേ ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങളാണു മുന്നണികൾ നടത്തിയത്. മന്ത്രിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും വീടുകൾ കയിറിയിറങ്ങി വോട്ടുതേടി.

2011ല്‍ രൂപീകൃതമായ തൃക്കാക്കര മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷത്തിന്റെ പകുതിമാത്രം വോട്ടാണ് 2016ലെ രണ്ടാംവിജയത്തില്‍ യുഡിഎഫിന് നേടാനായത്. 2021ലെ വിജയത്തിലും ആദ്യതെരഞ്ഞെടുപ്പില്‍ നേടിയ വോട്ടിലേക്കും ഭൂരിപക്ഷത്തിലേക്കും എത്താന്‍ യുഡിഎഫിനായില്ല.

Back to top button
error: