മഹാരാഷ്ട്രയിൽ ഒമിക്രോണിന്റെ ഉപവകഭേദം കണ്ടെത്തി. കേരളത്തിൽനിന്നും എത്തിയവരിൽനിന്നുൾപ്പെടെ ഏഴു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബി.എ4, ബി.എ5 വകഭേദങ്ങളാണ് ഇവരിൽ കണ്ടെത്തിയത്. ബി.എ4 വകഭേദം നാല് പേരിലും ബി.എ5 വകഭേദം മൂന്ന് പേരിലും സ്ഥിരീകരിച്ചു.
പൂനയിലാണ് ഏഴ് കേസും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരിൽ മൂന്നു പേർ സ്ത്രീകളാണ്. നാല് രോഗികൾ 50 വയസിന് മുകളിലുള്ളവരാണ്, രണ്ട് പേർ 20-40 വയസുള്ളവരാണ്, ഒരു രോഗി ഒമ്പത് വയസുള്ള കുട്ടിയാണ്. പ്രായപൂർത്തിയായ ആറ് പേരും വാക്സിൻ രണ്ട് ഡോസുകളും പൂർത്തിയാക്കവരാണ്. ഒരാൾ ബൂസ്റ്റർ ഷോട്ട് എടുത്തിട്ടുണ്ട്. കുട്ടിക്ക് വാക്സിൻ എടുത്തിട്ടില്ല.
ഇവരിൽ രണ്ടുപേർ ദക്ഷിണാഫ്രിക്കയിലേക്കും ബെൽജിയത്തിലേക്കും മൂന്നുപേർ കേരളത്തിലേക്കും കർണാടകയിലേക്കും യാത്ര ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് രോഗികൾക്ക് സമീപകാല യാത്രാ ചരിത്രമില്ല. എല്ലാവർക്കും നേരിയ രോഗലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, വീട്ടിൽ ചികിത്സയിലായിരുന്നു- സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
ഒമൈക്രോണിന്റെ ഉപ-വകഭേദങ്ങൾ ഏപ്രിലിൽ ദക്ഷിണാഫ്രിക്ക ഉൾപ്പെടെ ലോകത്തിന്റെ ചില ഭാഗങ്ങളിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇതുവരെ സംസ്ഥാനത്ത് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.