മഹാരാഷ്ട്രയിൽ മഹാസഖ്യത്തിൽ വിള്ളൽ ?സഞ്ജയ് റൗട്ട് ഫഡ്‌നാവിസുമായി ചർച്ച നടത്തിയത് രാഷ്ട്രീയം തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ
മഹാരാഷ്ട്ര ബിജെപി മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന എംപി സഞ്ജയ് റൗട്ടും തമ്മിലുള്ള ചർച്ചയിലെ വിഷയം രാഷ്ട്രീയം തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ .ഇതാദ്യമായാണ് 3 ദിവസം മുൻപ് നടന്ന കൂടിക്കാഴ്ചയിലെ വിഷയം രാഷ്ട്രീയം ആണെന്ന് ബിജെപി സമ്മതിക്കുന്നത് .
ശിവസേന മുഖപത്രം സാമ്നയ്ക്ക് വേണ്ടിയുള്ള അഭിമുഖത്തിനായിരുന്നു ശനിയാഴ്ചയിലെ കൂടിക്കാഴ്ച എന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസും സഞ്ജയ് റൗട്ടും നേരത്തെ പറഞ്ഞിരുന്നത് .സഞ്ജയ് റൗട്ട് ആണ് ശിവസേന മുഖപത്രം സാമ്‌നയുടെ എക്സിക്യുട്ടീവ് എഡിറ്റർ .
“ശനിയാഴ്ച ദേവേന്ദ്ര ഫഡ്‌നാവിസും സഞ്ജയ് റൗട്ടും നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം രാഷ്ട്രീയം തന്നെ ആയിരുന്നു .സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരം ആണ് .ഞാൻ മുന്നിൽ കാണുന്നത് ഉപതെരഞ്ഞെടുപ്പാണ് .മൂന്ന് കക്ഷികൾ ചേർന്നുള്ള സർക്കാർ മുന്നോട്ട് പോകില്ല .”ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു .
ബിജെപിയും ശിവസേനയും കാലങ്ങളായുള്ള സഖ്യകക്ഷികൾ ആയിരുന്നു .എന്നാൽ 2019 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദം പങ്കിടുന്നതിന്റെ തർക്കത്തെ തുടർന്ന് ഇരു കക്ഷികളും വേർപിരിഞ്ഞു .കോൺഗ്രസ് ,എൻസിപി പാർട്ടികളുമായി ചേർന്ന് ശിവസേന സർക്കാർ രൂപവൽക്കരിക്കുകയും ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ആകുകയും ചെയ്തു .
കഴിഞ്ഞ ദിവസം ബിജെപി സഖ്യകക്ഷിയിലെ കേന്ദ്ര മന്ത്രിയായ രാംദാസ് അതാവലെ ശിവസേനയെ എൻഡിഎ യിലേക്ക് ക്ഷണിച്ചിരുന്നു .ഉദ്ധവ് താക്കറെയ്ക്ക് തന്നെ മുഖ്യമന്ത്രിയായി തുടരാമെന്നും ഒരു വർഷത്തിന് ശേഷം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനു അധികാരം കൈമാറാമെന്നുമുള്ള ഫോർമുല ആണ് രാംദാസ് അതാവലെ മുന്നോട്ട് വച്ചത് .എൻസിപിയേയും രാംദാസ് അതാവലെ മന്ത്രിസഭയിലേക്ക് ക്ഷണിച്ചു .ഇതിനിടെ എൻസിപി അധ്യക്ഷൻ ശരദ് പവാർ മുഖ്യമന്തി ഉദ്ധവ് താക്കറെയുമായി ചർച്ച നടത്തിയതും അഭ്യൂഹങ്ങൾക്ക് കാരണമായി .