ടോക്യോ: സുസ്ഥിര സാമ്പത്തിക വളര്‍ച്ചക്കായി കൈകോര്‍ക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയുള്‍പ്പെടുന്ന പുതിയ ഇന്തോ-പസഫിക് സാമ്പത്തിക സഹകരണ കൂട്ടായ്മ (ഐപിഇഎഫ്). യുഎസ്, ജപ്പാന്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മ, സഹകരണത്തിനുള്ള കൂടുതല്‍ മേഖലകള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്നും സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ സമൃദ്ധിയും വൈവിധ്യവും ഈ കൂട്ടായ്മ അംഗീകരിക്കുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സുസ്ഥിര സ്വഭാവമുള്ള വളര്‍ച്ചയിലേക്ക് മേഖലയെ മാറ്റാനായി നടപടികള്‍ സ്വീകരിക്കും. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന രൂപത്തിലാണ് ഇവിടത്തെ രാജ്യങ്ങളുടെ സാമ്പത്തിക താല്പര്യങ്ങള്. സമാധാനവും സമൃദ്ധിയും വളര്‍ച്ചയും കൈവരിക്കാന്‍ കൂടുതല്‍ സാമ്പത്തിക സഹകരണം ആവശ്യമാണ്.
വ്യാപാരം, വിതരണ ശൃംഖല, കുറഞ്ഞ വിലയില്‍ ഊര്‍ജം, കാര്‍ബണ്‍ ബഹിര്ഗമനത്തിനെതിരായ നയങ്ങള്‍, അടിസ്ഥാനസൗകര്യം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടക്കും. ബ്രൂണെ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, ന്യൂസിലന്‍ഡ്, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്ലന്ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും കൂട്ടായ്മയിലുണ്ട്.