ബ്രിട്ടീഷ് ഇന്ത്യയോട് പൊരുതി വീണ അതികായന്മാരുടെ ഇടയിൽ ചരിത്രം തന്റെ ഇരുളിന്റെ തിരശീല കൊണ്ട് മൂടിയ ഒരു പേരുണ്ട്.വാൾമുനകളെ വെടിമരുന്നു കൊണ്ട് നേരിട്ട ബ്രിട്ടീഷ് സൈന്യത്തോട് ഏറ്റുമുട്ടി സ്വന്തം രാജ്യം തിരിച്ചു പിടിച്ച ഒരേ ഒരു വനിത ശിവഗംഗൈ റാണി വീരമംഗയ് വേലു നാച്ചിയാർ. ഒപ്പം നാടിനു വേണ്ടി സ്വയം അഗ്‌നിയായി മാറിയ കുയിലിയും.
തമിഴ്നാട്ടിലുള്ള ശിവഗംഗയിലെ റാണിയായിരുന്ന വേലു നച്ചിയാർ ഝാൻസി റാണിക്കും മുമ്പേ ബ്രിട്ടീഷ് സാമ്രാജ്യത്തിനോടു പൊരുതിയ വനിതയായിരുന്നു .ഇന്ത്യയുടെ “ജോൻ ഓഫ് ആർക്ക് ” എന്നാണ് റാണിയെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്.
രാമനാഥപുരത്തെ രാജ ചെല്ലമുത്തു വിജയരാഗുനാഥ സേതുപതിയുടെയും , സാഗന്ധിമുതൽ റാണിയുടേയും ഏക പുത്രിയായ വേലു നാച്ചിയാർ 1730 ജനുവരി 3 നു ജനിച്ചു.രാജകുടുംബത്തിലെ ഏക മകളായിരുന്നു വേലു നച്ചിയാർ. ഈ കുടുംബത്തിൽ ആൺ പിന്തുടർച്ചാവകാശി ഇല്ലാതിരുന്നതിനാൽ രാജകുമാരനേപ്പോലെയാണ് റാണി വേലു നച്ചിയാരെ മാതാപിതാക്കൾ വളർത്തിയത്. ചെറുപ്പത്തിൽ തന്നെ കുത്തിയോട്ടം, വാൾപയറ്റ് , യുദ്ധതന്ത്രം എന്നിവ ഉൾപ്പടെ തമിഴ് നാടിന്റെ ആയോധനകലാരൂപമായ സിലമ്പാട്ടവും (വടികൊണ്ടുള്ള ആയോധനകല) വശമാക്കിയിരുന്നു. കൂടാതെ ഭാരതീയമായ ഒട്ടുമിക്ക ഭാഷകളും ഇംഗ്ലീഷ്, ഉറുദു, ഫ്രഞ്ച് ഭാഷകളും വേലു നാച്ചിയാർ പഠിച്ചെടുത്തു. ശിവഗംഗൈ നാടിന്റെ രാജ മുതുവാടുക നാഥപെരിയ ഉടൈയതേവർ വേലു നാച്ചിയാർക്കു പുടവ നൽകിയതോടെ അവർ ആ നാടിന്റെ റാണിയായി.
ബ്രിട്ടീഷ്കാർ ഏതുവിധേനയും രാജ്യങ്ങൾ കീഴ്പ്പെടുത്തി ബ്രിട്ടീഷ് ഇന്ത്യയോട് ചേർക്കുന്ന കാലം ആയിരുന്നു അത്.ബ്രിട്ടീഷുകാർ ആർക്കോട്ടിലെ നവാബിന്റെ മകനോടൊപ്പം ശിവഗംഗ ആക്രമിക്കുകയും ‘കലയ്യാർ കോയിൽ യുദ്ധം’ എന്നറിയപ്പെടുന്ന യുദ്ധത്തിൽ
രാജ മുതുവാടുകനാഥപെരിയ ഉടൈയാതെ വരും , വളർത്തു പുത്രി ഉടൈയാളും കൊല്ലപ്പെടുകയും ചെയ്തു. പ്രീയപ്പെട്ടവരുടെ ജീവത്യാഗത്തിൽ പതറാതെ വേലുനാച്ചിയാർ ബ്രിട്ടീഷുകാർക്ക് എതിരെ പട നയിച്ച് എങ്കിലും പീരങ്കിയിൽ നിന്ന് തെറിച്ചു വരുന്ന ചെറു ബോംബുകൾ കൊണ്ട് ചെറുക്കാൻ ശിവഗംഗൈ സൈന്യത്തിന് ആവതില്ലായിരുന്നു.
ശരീരത്തിനും , മനസിനും ഏറ്റ മുറിവുകളുമായി ഏക മകളെയും കൂടി വേലു നാച്ചിയാർ കാടുകയറി.
എട്ടു വർഷത്തോളം പാലയകാരാർ കോപ്പാള നായകർ എന്ന വിഭാഗത്തിന്റെയും , അരുന്ധതിയാർ എന്ന താഴ്ന്ന സമുദായം എന്ന് മുദ്രകുത്തപെട്ടവരുടെയും സംരക്ഷണയിൽ ആയിരുന്നു റാണി വേലുനാച്ചിയാർ. അവിടെ വെച്ച് ആണ് വേലുനാച്ചിയാർക്കു കുയിലി എന്ന ധീര വനിതയെ കൂട്ടിനു ലഭിക്കുന്നത്.
ഭർത്താവിന്റെ ജീവനും , അഭിമാനത്തിനും വേണ്ടി പകരം ചോദിക്കുമെന്ന് പ്രതിജ്ഞ എടുത്ത അവർ മുൻപരിചയവും , ശത്രുതയും മറന്നു അന്നത്തെ മൈസൂർ ഭരണാധികാരി ഹൈദർ അലിയുമായി ഒളിവില്‍ കഴിഞ്ഞു കൊണ്ടു തന്നെ ചർച്ച നടത്തുകയും പടയൊരുക്കം നടത്തുകയും ചെയ്തു. കൂടാതെ വനവാസികളെ സംഘടിപ്പിച്ച് ആയോധന പരിശീലനം നല്‍കുകയും , ഒളിയുദ്ധതന്ത്രങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു. അപ്പോഴും ആര്‍ക്കാട്ട് നവാബിന്റെ ആളുകള്‍ റാണിയെ തിരഞ്ഞു കൊണ്ടിരുന്നു. പിടികൊടുക്കാതെ ആള്‍മാറാട്ടത്തിലൂടെ റാണി രക്ഷപ്പെട്ടു കൊണ്ടുമിരുന്നു. മരുതു സഹോദരന്മാര്‍ എന്ന ആജാനബാഹുക്കളും തികഞ്ഞ അഭ്യാസികളുമായ ഒരു വിഭാഗത്തിനെ റാണിക്കു വേണ്ടി ജീവന്‍ വരെ കളയാന്‍ തയ്യാറുള്ളവരാക്കി മാറ്റി. ഒപ്പം വിരൂപാക്ഷി പാളയത്തിലെ ഗോപാല നായകരും റാണി വേലു നാച്ചിയരെ പ്രത്യാക്രമണത്തിന് സഹായിക്കാൻ തയ്യാറായി. അവരുടെ ആജ്ഞാശക്തി അപാരമായിരുന്നു.സൈനികര്‍ക്ക് അവരെ അങ്ങേയറ്റം ഭയമായിരുന്നു. ശത്രു രാജാക്കന്മാര്‍ക്കുപോലും അവരെ ഭയമായിരുന്നു എന്ന് പറയപ്പെടുന്നു.
സൈനിക ശേഷിയില്ല,ആയുധങ്ങളോ ജനപിന്തുണയോ ഇല്ല, തകരാതെ, തളരാതെ, വേലു നാച്ചിയർ അനുയോജ്യ നിമിഷത്തിനു വേണ്ടി കാത്തിരുന്നു. അവരുടെ ദൃഡനിശ്ചയത്തിലും, ധൈര്യത്തിലും ആകൃഷ്ടനായ ഹൈദർ അലി അവരെ രാജ്ഞിയായി അഗീകരിച്ചു.രാജ്യം വീണ്ടെടുക്കുന്നതിനായി യുദ്ധത്തിനു രാജ്ഞിയെ പിന്തുണയ്ക്കാമെന്നു സുൽത്താൻ വാക്ക് നൽകി.അതിനായി 400 പൗണ്ട് (സ്വർണം) പ്രതിമാസ സാമ്പത്തിക സഹായവും ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്യാൻ 5000 കാലാൾപ്പടയും , 5000 കുതിരപ്പടയും ആവശ്യമായ ആയുധങ്ങളും ,പന്ത്രണ്ട് പീരങ്കികളും സയ്യിദ് കർക്കി എന്ന പടനായകനെയും സുൽത്താൻ അവർക്ക് നല്‍കി .ഇവരോടോപ്പം മരുതു സഹോദരങ്ങളുടെ സഹായ വും കൂടി ആയപ്പോൾ അവർ ശക്തമായ ഒരു സൈന്യത്തെ തന്റെ ദത്തു പുത്രി ഉടയാളിന്റെ പേരിൽ ഉണ്ടാക്കാൻ റാണിക്ക് സാധിച്ചു. ഏതാണ്ട് രണ്ടു വർഷക്കാലം മൈസൂർ ഭരണാധികാരിയായിരുന്ന ഹൈദർ അലിയുടെ സംരക്ഷണയിൽ ഡിണ്ടിഗലിനടുത്ത് വിരുപാച്ചി എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞു.
ശിവഗംഗയെ അപ്പോഴേക്കും നവാബ് തന്റേതാക്കി മാറ്റിയിരുന്നു. പേരു പോലും മാറ്റി – ഹുസൈൻ നഗർ. ശിവഗംഗയെ തിരിച്ചു പിടിക്കാൻ രാജ്‍ഞിയും , കുയിലിയും നടത്തിയ അവസാന പോരാട്ടം ലോകത്തിന് ഒരു പുതിയ യുദ്ധതന്ത്രം പരിചയപ്പെടുത്തി. ചാവേർ പ്പോരാളികളുടെ ജീവൻ പണയപ്പെടുത്തുന്ന വീര്യം. ആ യുദ്ധം നയിച്ചതാകട്ടെ നാച്ചിയരുടെ പ്രധാന പോരാളി കുയിലിയും.
ബ്രിട്ടീഷ് കൂടാരത്തിൽ നുഴഞ്ഞു കയറി വെടിക്കോപ്പുകളും , മറ്റും നശിപ്പിക്കുക എന്നതായിരുന്നു വേലു നാച്ചിയരുടെ ആദ്യ ലക്‌ഷ്യം. ഇതിനു വേണ്ടി സ്വയം ജീവത്യാഗം ചെയ്യാൻ വേലു നാച്ചിയാർ തയ്യാറായിരുന്നു എങ്കിലും രാജ്യം കാക്കാൻ ഞങ്ങളുടെ റാണി വേണം എന്ന് പറഞ്ഞു വേലു നാച്ചിയരുടെ ഏറ്റവും വിശ്വസ്ത തോഴി കുയിലി ആ ദൗത്യം ഏറ്റെടുത്തു .താഴ്ന്ന ജാതിയിൽ പിറന്ന കുയിലി രാജ്ഞിയുടെ പ്രിയപ്പെട്ട ആളായിരുന്നു. നാച്ചിയരുടെ ചാരസംഘത്തിലെ അംഗമായിരുന്നു കുയിലിയുടെ പിതാവ്. അന്ത്യയുദ്ധത്തിൽ നാച്ചിയരുടെ സർവസൈന്യാധിപ എന്ന റോളിലേക്ക് ഉയർന്നു കുയിലി.
അങ്ങനെയിരിക്കെ ഉചിതമായ ഒരു സന്ദർഭത്തിൽ ബ്രിട്ടീഷ് കമ്പനിപ്പടയുടെ ജനറല്‍ ജോസഫ് സ്മിത്തിനെ കാളയാര്‍കോവിലില്‍ വച്ച് റാണി വധിച്ചു. സൈന്യം ശിവഗംഗയിലേക്ക് പ്രവേശിച്ചു. പക്ഷേ ശിവഗംഗയിലെ കാവല്‍ അതിശക്തമായിരുന്നു. കോട്ടയെ ചുറ്റി പീരങ്കികള്‍ വിന്യസിച്ചിരുന്നു.തോക്കു ധാരികളായ ഭടന്മാര്‍ നഗരപ്രാന്തങ്ങളില്‍ അണിനിരന്നുനിന്നിരുന്നു.
ബ്രിട്ടീഷുകാർ തങ്ങളുടെ ആയുധങ്ങളും , വെടിക്കോപ്പുകളും സൂക്ഷിച്ചിരിക്കുന്നത് കോട്ടയ്ക്കുള്ളിലെ രാജരാജേശ്വരിയമ്മന്‍ കോവിലിലാണെന്നു മനസ്സിലാക്കിയ റാണിയും കൂട്ടരും അതു നശിപ്പിക്കുന്നതിനുള്ള വഴികൾ ആലോചിച്ചു .കിടങ്ങുകളില്‍ വെടിക്കോപ്പുകളും , വെടിമരുന്നുകളും ശേഖരിച്ചുവച്ചിരുന്നു. കോട്ടയിലെക്കു കടക്കുക അത്ര എളുപ്പമായിരുന്നില്ല.അതു നശിപ്പിക്കുന്നതിനുള്ള വഴികൾ ആലോചിച്ചു.
കുറച്ച് ദിവസം കഴിഞ്ഞാൽ ബൊമ്മക്കൊലുവും , ആയുധപൂജയുമുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം. റാണി അത് തന്നെ ഒരവസരമായെടുത്തു. സൈന്യത്തെ രണ്ടായി വിഭജിച്ചു. ഒരു ദ്വിമുഖാക്രമണം നടത്തുക.വിജയദശമി ദിവസം റാണിയുടെ നേതൃത്വത്തില്‍ എല്ലാവരും ശുഭ്രവസ്ത്രമണിഞ്ഞ് കൈയ്യില്‍ പൂമാലകളും , പൂജാസാധനങ്ങളുമായി ശിവഗംഗ കോട്ടയിലേക്ക് പ്രവേശിച്ചു. കാവല്‍ ഭടന്മാര്‍ക്ക് ഒരു സംശയവും തോന്നാത്ത രീതിയിലായിരുന്നു വസ്ത്രധാരണവും അവരുടെ രീതികളും.പെണ്‍ പടയെ കൂടാതെ അനേകം സ്ത്രീകളും രാജരാജേശ്വരിയമ്മന്‍ കോവിലില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയിട്ടുണ്ടായിരുന്നു.
പൂജ കഴിഞ്ഞു സ്ത്രീകള്‍ പിരിഞ്ഞുതുടങ്ങി. റാണിയും സംഘവും ഒരു നിമിഷം കൊണ്ട് ഒരു മായാജാലം എന്നതുപോലെ കൈകളില്‍ വാളും , വളരികളുമായി ഒരു പെണ്‍പടയായി മാറി. കോട്ടയ്ക്കകത്ത് ഒരാക്രമണം തീരെ പ്രതീക്ഷിച്ചിരിക്കാത്ത ബ്രിട്ടിഷ്‌പ്പട നടുങ്ങി .
സ്ത്രീകൾക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ക്ഷേത്രത്തിൽ വിജയദശമി ദിവസം പൂജകൾ നടത്താൻ എന്ന വ്യാജേന ഉള്ളിൽ കയറിയ കുയിലി തന്റെ ശരീരത്തിൽ മുഴുവനും നെയ്യ് പുരട്ടികൊണ്ട് സ്വയം തീ കൊളുത്തി ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്ന അറയിലേയ്ക്ക് ഓടിക്കയറി. ഉടൻ തന്നെ അവിടെ അത്യുഗ്രമായ സ്ഫോടനം നടക്കുകയും അവിടെ സൂക്ഷിച്ചിരുന്ന ആയുധങ്ങൾ എല്ലാം കത്തി ചാമ്പൽ ആയി മാറുകയും ചെയ്തു . ആ ഉഗ്ര സ്ഫോടനത്തിൽ കുയിലി എന്ന ധീര വനിത വീരമൃതു വരിക്കുകയും ചെയ്തു.അങ്ങനെ ഭാരതത്തിൻ്റേ ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ മനുഷ്യ ബോംബ് ആയി തമിഴ് നാട്ടിലെ ശിവഗംഗയിലെ റാണിയായിരുന്ന വേലു നാച്ചിയരിന്റെ സൈന്യാധിപയായ സാംബവ വംശജയായ കുയിലി .
വൻ ആയുധശേഖരം നഷ്ടപെട്ടതിനു പിന്നാലെ ഉള്ള റാണിയുടെ പ്രത്യാക്രമണം നേരിടാൻ ബ്രിട്ടീഷ് സേനക്ക് കഴിഞ്ഞില്ല. ചരിത്രത്തിലെ ആദ്യത്തെ ചാവേർപ്പോരാട്ടം തിരിച്ചടിക്കാൻ ആയുധങ്ങൾ പോലുമില്ലാതെ ബ്രിട്ടിഷ് സൈന്യത്തിന്റെ ആത്മവീര്യം നിസ്സഹായമാക്കി മാറ്റി . അകത്തുള്ള ബ്രിട്ടീഷ് സൈന്യത്തെയും, തെപ്പക്കുളം കരയിലുള്ള ആര്‍ക്കാട്ട് സേനയേയും , ശിവഗംഗസേന തോല്‍പ്പിച്ച് കോട്ടയിലേക്ക് കയറി കോട്ട കീഴടക്കി. കുയിലിയുടെ ത്യാഗം സൃഷ്ടിച്ച അമ്പരപ്പിൽ നവാബിനെയും , ബ്രിട്ടിഷുകാരെയും തുരത്തി മുന്നേറി വേലു നാച്ചിയർ ശിവഗംഗ തിരിച്ചു പിടിച്ചു. ഒരിക്കൽ നടത്തിയ പ്രതിജ്ഞയുടെ സാഫല്യനിമിഷം പകരം വീട്ടൽ പൂർത്തിയാക്കി.
ശിവഗംഗ എന്ന നാടിനെ വൈദേശിക ഭരണത്തിൽ നിന്ന് മോചിപ്പിച്ചു വീണ്ടെടുക്കാൻ ഭാരത ചരിത്രത്തിൽ റാണി വേലു നാച്ചിയാർക്കു മാത്രമേ സാധിച്ചുള്ളൂ .ഹൈദർ അലിയുടെ അപാരവും സമയോചിതവുമായ സഹായത്തിന് നന്ദി അറിയിക്കുന്നതിനായി വേലു നച്ചിയാർ സരഗാനിയിൽ ഒരു പള്ളിയും പണിതു നൽകി. പത്തു വർഷത്തോളം ശിവഗംഗയെ പരിപാലിച്ചതിനു ശേഷം 1790 ൽ റാണി വേലു നാച്ചിയാർ രാജഭരണം മകൾ റാണി വെള്ളാച്ചിക്കു കൈമാറി. പിന്നീട് ആറു വർഷത്തോളം ശിവഗംഗയുടെ രാജാമാതാവായി സേവിച്ച വേലു നാച്ചിയാർ 1796 ഡിസംബർ 25 നു ഇഹലോകവാസം വെടിഞ്ഞു.
ബ്രിട്ടീഷുകാർക്കെതിരെ പോരാടുകയും വിജയിക്കുകയും ചെയ്ത ആദ്യത്തെ ഇന്ത്യൻ ഭരണാധികാരിയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള രാജ്ഞിയായ വേലു നച്ചിയാർ.1857 ലെ ഒന്നാം സ്വാതന്ത്ര്യയുദ്ധത്തിന് 77 വർഷം മുമ്പ് 1780 ലാണ് അവർ ഇത് ചെയ്തത്.
‘വീരമംഗൈ’ (ധീരയായ സ്ത്രീ) എന്നും ചരിത്രത്തിൽ അറിയപ്പെടുന്ന അവർ തന്റെ ദലിത് കമാൻഡർ-ഇൻ-ചീഫ് കുയിലിയോടൊപ്പം ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ ചാവേർ ബോംബിംഗും ആവിഷ്കരിച്ചു നടപ്പാക്കി.
2008 ൽ ഭാരത സർക്കാർ വേലു നാച്ചിയരുടെ പേരിൽ പോസ്റ്റൽ സ്റ്റാമ്പ് ഇറക്കുക ഉണ്ടായതൊഴിച്ചാൽ, ഇന്ത്യയിൽ ഒരു പെൺകുട്ടി ചാവേർ പോരാളിയായി ബ്രിട്ടിഷ് ആയുധപ്പുര തകർത്തു തരിപ്പണമാക്കി തന്റെ ദേശത്തിന് വിജയം സമ്മാനിച്ച കഥ ചരിത്രത്തിൽ വേണ്ടവിധം രേഖപ്പെടുത്തപ്പെട്ടിട്ടില്ല.മാ ത്രമല്ല കുയിലിയുടെ ജീവത്യാഗം അർഹിച്ച അംഗീകാരം കിട്ടാതെ വിസ്മൃതമായി.എന്നാൽ ശിവഗംഗയിൽ ഇന്നുമുണ്ട് കുയിലിക്കുവേണ്ടി തമിഴ്നാട് സർക്കാർ ശിവഗംഗ ജില്ലയിൽ സ്ഥാപിച്ച സ്മാരക മന്ദിരം.അതല്ലാതെ ഇതുവരെ ഒരു പുസ്തകവും അവരുടെ വീരചരിതം ഏറ്റുപാടിയില്ല .