റാം മാധവും ബി മുരളീധര റാവുവും ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് തെറിച്ചതോടെ ബിജെപി കേന്ദ്ര നേതൃത്വത്തിൽ ആർഎസ്എസ് സ്വാധീനം തുലോം കുറഞ്ഞു .പരമ്പരാഗതമായി ആർഎസ്എസ് നോമിനികൾ ബിജെപിയിലെ ഉന്നത പദം അലങ്കരിക്കാറുണ്ട് .ഇത് ദീൻ ദയാൽ ഉപാധ്യായയുടെയും നാനാജി ദേശ്മുഖിന്റെയും കാലം തൊട്ടുള്ള പതിവാണ് .
ബിജെപി ജനറൽ സെക്രട്ടറി എന്ന നിലയ്ക്ക് റാം മാധവിന്റെ മികവ് ആർഎസ്എസ് മതിപ്പോടെയാണ് കാണുന്നത് .അദ്ദേഹം മന്ത്രിപദത്തിൽ എത്തുമെന്ന് വരെ ശ്രുതി ഉണ്ടായിരുന്നു .ഇതേ നിലവാരം തന്നെ റാവുവും ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് തെറിച്ച മറ്റു രണ്ടുപേരായ അനിൽ ജെയിനും സരോജ് പാണ്ഡേയും കാത്ത് സൂക്ഷിച്ചിരുന്നു .
ആർഎസ്എസ് നോമിനിയായി ഇപ്പോൾ ജനറൽ സെക്രട്ടറി പദവിയിൽ ഉള്ളത് ബി എൽ സന്തോഷ് മാത്രമാണ് .കുറച്ച് കാലം മുമ്പ് വരെ ആർഎസ്എസ് പ്രചാരകർക്ക് ബിജെപിയിൽ നല്ല മതിപ്പു ലഭിച്ചിരുന്നു .എ ബി വാജ്പേയിക്കും നരേന്ദ്ര മോദിക്കും ലഭിച്ച രാഷ്ട്രീയ നേട്ടങ്ങൾ സംഘത്തിന്റെ മാത്രം പിന്തുണയോടെ ആയിരുന്നു .കെ എൻ ഗോവിന്ദാചാര്യയും സഞ്ജയ് ജോഷിയും ഒക്കെ പുറത്ത് പോയത് വിവാദങ്ങൾ ഒന്നുകൊണ്ടു മാത്രമാണ് .
ആർഎസ്എസ് പ്രചാരകർക്ക് ബിജെപിയിൽ കയറ്റവും ഇറക്കവും പൊടുന്നനെ ഉണ്ടാകുന്നത് എന്തുകൊണ്ട് എന്ന ചോദ്യം കൗതുകകരമാണ് .ആദ്യത്തേതിന്റെ ഉത്തരം എളുപ്പമാണ് .അച്ചടക്കമുള്ള കഠിനാദ്ധ്വാനികൾ ആണവർ .അത് കൊണ്ട് പ്രവർത്തന ,മികവ് കൂടും .സ്വാഭാവികമായും പാർട്ടിയിൽ വളരാം .
എന്നാൽ രണ്ടാമത്തേത് ബുദ്ധിമുട്ടുള്ള ചോദ്യമാണ് .പ്രവർത്തന മികവ് കൊണ്ട് പാർട്ടിയിൽ അസൂയാലുക്കളെ ഉണ്ടാക്കാൻ ഇവർക്ക് എളുപ്പമാണ് .മാത്രമല്ല സംഘബലത്തിൽ ഇവർ എന്തും വെട്ടിത്തുറന്നു പറയും .ഗോവിന്ദാചാര്യ തന്നെ ഉദാഹരണം .
പാർട്ടിക്കുള്ളിലും ആർഎസ്എസിനോടും ഏറ്റുമുട്ടുന്ന നിരവധി സംഭവങ്ങൾ എ ബി വാജ്പേയിക്ക് ഉണ്ടായിട്ടുമുണ്ട് .ഒന്നുകിൽ തന്റെ വഴി അല്ലെങ്കിൽ കൂട്ടിയിടി എന്ന നിലയ്ക്കായിരുന്നു കാര്യങ്ങൾ .
നരേന്ദ്ര മോദിയ്ക്കും അങ്ങനെ പറയാൻ ഉദാഹരണങ്ങൾ ഉണ്ട് .2001 ൽ ഗുജറാത്ത് ഉപമുഖ്യമന്ത്രി ആവാൻ ആണ് നരേന്ദ്ര മോദിയോട് ആവശ്യപ്പെടുന്നത് .എന്നാൽ സ്ഥാനമേൽക്കുന്നെങ്കിൽ മുഖ്യമന്ത്രിയായി മാത്രമേ ഉള്ളൂ എന്ന് അദ്ദേഹം കട്ടായം പറഞ്ഞു .ശേഷം ചരിത്രം .
റാം മാധവിലെ സ്വയം സേവകനെ ബിജെപി “മിസ്” ചെയ്യും എന്ന് തീർച്ച .പാർട്ടിയ്ക്ക് വേണ്ടി പറഞ്ഞ പണി ചെയ്യുന്ന ആളാണ് റാം മാധവ് .അത് കാശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അദ്ദേഹം തെളിയിച്ചതാണ് .രണ്ടാമത്തെ കാര്യം രാജ്യാന്തര തലത്തിലെ ബന്ധങ്ങൾ ആണ് .ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് തന്നെ റാം മാധവ് വഴി എത്ര വിദേശ ആശയവിനിമയങ്ങൾ നടത്തിയിട്ടുണ്ടെന്നു പരിശോധനയിൽ മനസിലാക്കാം .
എട്ടിൽ നാല് ജനറൽ സെക്രെട്ടറിമാരെയാണ് മൊത്തം അരിഞ്ഞു തള്ളിയത് .ഷാ പക്ഷക്കാരായ കൈലാസ് വിജയ് വർഗിയ ,ഭുപേന്ദ്ര യാദവ് ,അരുൺ സിംഗ് എന്നിവർ സ്ഥാനം നിലനിർത്തി .പുതുതായി വന്ന മൂന്നു പേർ കടുത്ത ബിജെപിക്കാരാണ് .അത്രയും ആർഎസ്എസുകാർ അല്ലെന്നർത്ഥം
ബിജെപി ആർഎസ്എസിൽ നിന്ന് കൂടുതൽ സ്വാതന്ത്ര്യം തേടുകയാണോ ?അതോ കാലത്തിന് അനുസരിച്ച് മാറ്റങ്ങൾ വരുന്നതാണോ ?മന്ത്രിസഭയിൽ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നവരൊന്നും അറിയപ്പെടുന്ന സംഘ ബന്ധമുള്ളവർ അല്ല .അത് പാർട്ടിയിലും നടപ്പാവുകയാണോ ?പുറത്ത് നിന്ന് വന്നവർ ആയ മുകുൾ റോയ് ,അബ്ദുള്ളക്കുട്ടി തുടങ്ങി പുതുതായി അവരോധിക്കപ്പെട്ടവരെ സംഘം എത്രകണ്ട് വിശ്വസിക്കും എന്നത് സംഘപരിവർ രാഷ്ട്രീയത്തിൽ വലിയൊരു ചോദ്യമാണ് .