ഗ്രാമീണപാതകളിലെ യാത്രാക്ലേശം കുറയ്ക്കുന്നതിനായി കെ.എസ്.ആർ.ടി.സി. നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിയോടു മുഖംതിരിച്ച് പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ.സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന ആശങ്കയാണ് കാരണം. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന സാഹചര്യത്തിൽ ബസ് ചെലവു കൂടി വഹിക്കാനാകില്ലെന്നാണ് ഭരണസമിതികളുടെ നിലപാട്.
മലയോരമേഖലയിലെ അടക്കമുള്ള ഭൂരിഭാഗം പഞ്ചായത്തുകളും ഇത്തരത്തിൽ എതിർപ്പ് കെ.എസ്.ആർ.ടി.സി. അധികൃതരെ അറിയിച്ചു.തനത് ഫണ്ടിൽനിന്ന് ചെലവിടുന്നതിന് പകരം പ്രത്യേക ഗ്രാന്റ് ഇതിനായി സർക്കാർ അനുവദിക്കണമെന്നാണ് ഭരണസമിതികളുടെ ആവശ്യം.
ഗ്രാമവണ്ടി പദ്ധതി
തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് കെ.എസ്.ആർ.ടി.സി. ബസുകൾ വിട്ടുനൽകും. റൂട്ടുകൾ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും തീരുമാനിക്കാം. ഇന്ധനച്ചെലവു തദ്ദേശസ്ഥാപനങ്ങൾ വഹിക്കണം. ജീവനക്കാരുടെ ശമ്പളം, ബസുകളുടെ അറ്റകുറ്റപ്പണി ഇൻഷുറൻസ് ഉൾപ്പെടെ ചെലവുകൾ കെ.എസ്.ആർ.ടി.സി. വഹിക്കും. ഒന്നിലധികം പഞ്ചായത്തുകൾക്കു പരസ്പരം സഹകരിച്ചും പദ്ധതിയിൽ പങ്കാളികളാകാം. അംഗമാകുന്നതിന് തദ്ദേശസ്ഥാപനം നിശ്ചിത തുക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിക്ഷേപിക്കണം.