NEWS

ഓൺലൈൻ സംവിധാനങ്ങളിൽ ‘ഓഫർ’ എന്നു കണ്ടാലുടൻ ആ ലിങ്കിൽ തൊടുന്ന ശീലം ഉപേക്ഷിക്കണം: മുന്നറിയിപ്പുമായി കേരള പോലീസ്

ലയാളികൾക്ക് പ്രബുദ്ധരെന്ന ഭാവമുണ്ടെങ്കിലും സൈബർ തട്ടിപ്പുകളിൽ പെട്ട് ഏറ്റവും കൂടുതൽ പണം നഷ്ടപ്പെടുത്തുന്നത് മലയാളികൾ തന്നെയാണെന്ന് കേരള പോലീസ്.തട്ടിപ്പിൽ കുടുങ്ങി പണം പോയെന്ന പരാതികൾ മറ്റു പല സംസ്ഥാനങ്ങളിലെക്കാൾ കൂടുതൽ ഇവിടെയാണ്.പലരും നാണക്കേടുകൊണ്ട് മിണ്ടാതിരിക്കുന്നു.ഓൺലൈൻ സംവിധാനങ്ങളിൽ ‘ഓഫർ’ എന്നു കണ്ടാലുടൻ ആ ലിങ്കിൽ തൊടുന്ന ശീലം മലയാളികൾക്കാണ് കൂടുതൽ. തട്ടിപ്പിന്റെ ഊടുവഴികളിലേക്കാണ് പലപ്പോഴും ആ ലിങ്കുകൾ തുറക്കുന്നതെന്നു തിരിച്ചറിയാൻ വിദ്യാസമ്പന്നർക്കു പോലും കഴിയുന്നില്ലെന്നും പോലീസ് പറയുന്നു.
ജനങ്ങളെ ബോധവൽകരിക്കാൻ സൈബർ പൊലീസ് ഒട്ടേറെ ക്ലാസുകൾ നടത്തുന്നു, സ്കൂളുകളിലും കോളജുകളിലും ഉൾപ്പെടെ.എന്നിട്ടും പണം നഷ്ടപ്പെട്ടെന്ന പരാതികൾ കുറയുന്നില്ല.കെവൈസി വിവരങ്ങൾ ചോദിക്കുന്ന വ്യാജ സന്ദേശങ്ങളിൽ കുടുങ്ങുന്ന ഒട്ടേറെപ്പേരുണ്ട്. ഇത്തരം വിവരങ്ങൾ ഈ രീതിയിൽ ആവശ്യപ്പെടില്ലെന്നു ബാങ്കുകൾ ആവർത്തിക്കുന്നു. എന്നിട്ടും പലരും ആ ‘ലിങ്കിൽ’ ഒന്നു തൊട്ടുനോക്കും. അതേസമയം, ബാങ്കുകൾ അയയ്ക്കുന്ന യഥാർഥ മുന്നറിയിപ്പ് സന്ദേശങ്ങൾ തുറക്കുകയുമില്ല!
ഏതു കുറ്റകൃത്യത്തിലും പ്രതി അറിയാതൊരു തെളിവ് അവശേഷിപ്പിച്ചിരിക്കുമെന്ന പഴയ രീതി മാറുകയാണ് ഇവിടെ.സൈബർ കാലത്ത് അവർ ഒന്നും അവശേഷിപ്പിച്ചില്ലെങ്കിലും പിന്തുടർന്ന് കുടുക്കാൻ പുത്തൻ സംവിധാനങ്ങളുണ്ട് പൊലീസിന്. നിരീക്ഷണ ക്യാമറകളും മൊബൈൽ ഫോൺ വിവരങ്ങളുമൊക്കെ പൊലീസിനു പുതിയ കണ്ണും കാതുമാകുന്നു.സമീപകാലത്ത് ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു തെളിയിച്ച കേസുകൾ ഒട്ടേറെയുണ്ട് കേരളത്തിൽ.
പ്രതികളെ കണ്ടെത്തൽ അത്ര പ്രയാസമല്ല എന്ന് പോലീസ് പറയുന്നു. കേരള പൊലീസിന്റെ സൈബർ വിഭാഗം സുസജ്ജമാണ്.ആധുനിക ഉപകരണങ്ങൾ നൽകിയിട്ടുണ്ട്.എല്ലാ ജില്ലകളിലും സൈബർ സ്റ്റേഷൻതന്നെ തുടങ്ങി.മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്താലും പ്രതികളുടെ വഴികൾ കണ്ടെത്താനുള്ള സംവിധാനം പൊലീസിനു നേരത്തേയുണ്ട്.
2020 നവംബർ ഒന്നിനാണ് എല്ലാ ജില്ലയിലും സൈബർ സ്റ്റേഷൻ തുടങ്ങിയത്.അതിനു മുൻപ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേ ഈ സംവിധാനം ഉണ്ടായിരുന്നുള്ളൂ. ജില്ലയിലെ സൈബർ സ്റ്റേഷനിൽ 11 പേർ പ്രവർത്തിക്കുന്നു.ഇനിയുള്ള കാലത്ത് സൈബർ സ്റ്റേഷനുകളുടെ പ്രാധാന്യം കൂടുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തട്ടിപ്പുകാർക്ക് ഇപ്പോൾ കഷ്ടപ്പെട്ട് ഓരോ സ്ഥലത്തും എത്തേണ്ടതില്ല. വീട്ടിലിരുന്ന് മൊബൈൽ വഴിയും ഇ–മെയിൽ വഴിയുമൊക്കെ ആളുകളെ കെണിവച്ചു പിടിച്ച് പണം തട്ടാൻ വഴികളുണ്ട്.അവിടെയെല്ലാം സൈബർ പൊലീസ് തുണയാകാറുണ്ട്.പക്ഷെ മലയാളികൾ വീണ്ടും വീണ്ടും ഇത്തരം തട്ടിപ്പിൽ വീണുകൊണ്ടിരിക്കുന്നു.

Back to top button
error: