വിയന്ന: യുക്രൈന് സര്‍ക്കാരിനെ താഴെയിറക്കി ഭരണം പിടിക്കാനും അവിടെ പുതിയ ഭരണഘടന കൊണ്ടുവരാനും റഷ്യന്‍ നീക്കമെന്ന് അമേരിക്ക. യു.എസ്. അംബാസഡര്‍ െമെക്കല്‍ കാര്‍പന്റര്‍ ആണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കി യുക്രൈനിലെ മുന്‍സിപ്പല്‍ ഭരണം അടക്കം അട്ടിമറിക്കാനാണ് റഷ്യന്‍ നീക്കമെന്ന് കാര്‍പന്റര്‍ പറഞ്ഞു. വിയന്ന കേന്ദ്രീകരിച്ചുള്ള യൂറോപ്യന്‍ സുരക്ഷാ- സഹകരണകാര്യ സംഘടന (ഒ.എസ്.സി.ഇ.)യുടെ യോഗത്തില്‍ പങ്കെടുത്താണ് കാര്‍പന്റര്‍ ഇത്തരമൊരു വാദം ഉന്നയിച്ചതും.
യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത ഇടങ്ങളില്‍ മോസ്കോ അനുകൂലികളായ വിമതരെ കൂട്ടുപിടിച്ചാണ് റഷ്യന്‍ കരുനീക്കമെന്ന് കാര്‍പന്റര്‍ പറയുന്നു. എന്നാല്‍, ആരോപണങ്ങള്‍ക്കു തെളിവുകള്‍ നിരത്തിയിട്ടില്ല. സൈനിക ഇടപെടലിനു ന്യായം കണ്ടെത്തുക, യുക്രൈനില്‍ കൂടുതല്‍ നിയന്ത്രണം ആര്‍ജ്ജിക്കുക എന്നീ ലക്ഷ്യങ്ങളാണ് പുതിയ കരുനീക്കം കൊണ്ട് റഷ്യ ഉദ്ദേശിക്കുന്നത്. അതിര്‍ത്തി താല്‍പര്യങ്ങളില്ലെന്നാണ് റഷ്യ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, തെക്കന്‍ യുക്രൈന്റെ നിയന്ത്രണം റഷ്യക്കു വേണമെന്നാണ് കഴിഞ്ഞയാഴ്ച റഷ്യന്‍ ജനറല്‍ പറഞ്ഞതെന്നും കാര്‍പന്റര്‍ വ്യക്തമാക്കി.