ശ്രീലങ്കയിൽ സർക്കാർ വിരുദ്ധപ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ വെടിവയ്പിന് ഉത്തരവിട്ട പോലീസ് ഓഫീസറെ അറസ്റ്റ്ചെയ്യാൻ ലങ്കൻ കോടതിയുടെ ഉത്തരവ്. തെക്കുപടിഞ്ഞാറൻ ശ്രീലങ്കയിലെ രാംബുക്കാനയിൽ കഴിഞ്ഞ 19 നാണു പ്രക്ഷോഭർക്കുനേരെ വെടിവയ്പുണ്ടായത്. 41 കാരൻ കൊല്ലപ്പെട്ടതിനുപുറമേ 13 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
വെടിവയ്പിന് ഉത്തരവിട്ട പോലീസ് ഓഫീസറെ അറസ്റ്റ് ചെയ്യാൻ കിലെല്ല മജിസ്ട്രേറ്റ് വാസന നവരത്നെ ഉത്തരവിടുകയായിരുന്നു. കൊല്ലപ്പെട്ടയാളിന്റെ പോസ്റ്റമോർട്ടം റിപ്പോർട്ട് പരിശോധിച്ചശേഷമായിരുന്നു കോടതിയുടെ നിർദേശം. വെടിവയ്പിനെത്തുടർന്ന് ജനരോഷം കൂടുതൽ ശക്തമായതോടെ മൂന്ന് മുതിർന്ന പോലീസ് ഓഫീസർമാരെ സർക്കാർ സ്ഥലം മാറ്റിയിരുന്നു.