ഏകീകൃത സിവിൽ കോഡ് ആവശ്യം ശക്തമാക്കി ബിജെപി. സിവിൽ കോഡ് നല്ല ചുവടെന്ന് ഹിമാചൽ മുഖ്യമന്ത്രി ജയറാം ഠാക്കൂർ. ഇതോടെ സിവിൽ കോഡ് ആവശ്യം മുന്നോട്ട് വയ്ക്കുന്ന അഞ്ചാം ബിജെപി ഭരണ സംസ്ഥാനമാകുകയാണ് ഹിമാചൽ.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്ന് നേരത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞിരുന്നു. പ്രതിപക്ഷം എതിർത്താലും ഇല്ലെങ്കിലും സിവിൽ കോഡ് നടപ്പാക്കുമെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പറഞ്ഞിട്ടുണ്ട്.
ഏകീകൃത സിവിൽ കോഡ് മികച്ച ചുവടാണെന്നാണ് ഹിമാചൽ മുഖ്യമന്ത്രി ജയറാം ഠാക്കൂറിന്റെ പ്രതികരണം. സിവിൽ കോഡ് എന്ന ആശയത്തെ പറ്റി പഠിക്കുകയാണെന്നും നടപ്പാക്കാൻ വേണ്ടി തയ്യാറാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി, രാമക്ഷേത്രം, ആർട്ടിക്കിൾ 370, മുത്തലാഖ് എന്നിവ പരിഹരിച്ചെന്നും അടുത്തത് സിവിൽ കോഡ് ആണെന്നും കഴിഞ്ഞ ദിവസം ഭോപ്പാലിൽ നടന്ന ബിജെപി നേതൃയോഗത്തിൽ അമിത് ഷാ പറഞ്ഞിരുന്നു. ഇതോടെ സിവിൽ കോഡ് ആവശ്യം ആവർത്തിക്കുന്ന ബിജെപി നേതാക്കളുടെ പ്രതികരണങ്ങൾ സംഘടിതമാണെന്നാണ് സൂചന.