തിരുവനന്തപുരം: കിരീടമെന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് പരിചിതമായ കിരീടംപാലം കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിക്ക് രൂപരേഖയായി.വെള്ളായണി കായല്‍പ്രദേശം കേന്ദ്രീകരിച്ച് പാലവും പുഞ്ചക്കരി പാടശേഖരവുമുള്‍പ്പെടുന്ന മെഗാ ടൂറിസം പദ്ധതിയാണ് ഡയറക്ടറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്നത്.
പാലത്തിന്റെയും പാടത്തിന്റെയും പ്രവേശനകവാടം മുതല്‍ വെള്ളായണി കായല്‍ തീരത്തെ 10 കിലോമീറ്ററോളം പ്രദേശമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. കിരീടം പാലമെന്നും തിലകന്‍ പാലമെന്നും അറിയപ്പെടുന്ന പാലം നവീകരിച്ച് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനൊപ്പം ചരിത്ര സ്‌മാരകമായി സംരക്ഷിക്കുകയാണ് ലക്ഷ്യം.
പദ്ധതി പൂര്‍ത്തിയാക്കിയശേഷം കിരീടത്തിലെ സേതുമാധവനെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ സൂപ്പര്‍ താരം മോഹന്‍ലാല്‍ ഉള്‍പ്പെടെ കിരീടത്തിലെ നടീ നടന്മാരെ സ്ഥലത്തെത്തിച്ച് പദ്ധതിക്ക് പ്രചാരം നല്‍കാനും ടൂറിസം വകുപ്പ് ആലോചിക്കുന്നുണ്ട്. മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് സിനിമാ ടൂറിസമെന്ന നൂതന ആശയത്തിലൂടെ കിരീടം പാലവും പുഞ്ചക്കരിയും ടൂറിസം പദ്ധതിയുടെ ഭാഗമാക്കിയത്.