കൊളസ്ട്രോള്‍ എന്ന് കേട്ടാല്‍ പലര്‍ക്കും പേടിയാണ്. കൊളസ്‌ട്രോളില്‍ തന്നെ രണ്ട് തരത്തിലുള്ള കൊളസ്‌ട്രോളുകളുണ്ട്. ചീത്ത കൊളസ്‌ട്രോളും നല്ല കൊളസ്‌ട്രോളും. നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ധമനികളിലെ അധിക കൊളസ്‌ട്രോള്‍ നീക്കം ചെയ്യാന്‍ എച്ച്ഡിഎല്‍ സഹായിക്കുന്നു. നല്ല കൊളസ്‌ട്രോള്‍ ഹൃദയത്തെ മാത്രമല്ല തലച്ചോറിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നതായി പുതിയ പഠനം കണ്ടെത്തി. യുഎസ്സിയിലെ കെക്ക് സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഉയര്‍ന്ന അളവിലുള്ള എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ പ്രായമായവരില്‍ മെച്ചപ്പെട്ട മസ്തിഷ്‌ക ആരോഗ്യത്തിന് സഹായിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.
എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഒരു വലിയ പ്രശ്‌നമാണ്. കാരണം അത് ധമനികളില്‍ അടിഞ്ഞുകൂടുകയും തടസ്സങ്ങള്‍ ഉണ്ടാക്കുകയും ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. മറുവശത്ത്, എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ രക്തപ്രവാഹത്തിലെ അധിക കൊഴുപ്പുകളെ ശുദ്ധീകരിക്കുന്നു. സെറിബ്രോസ്‌പൈനല്‍ ദ്രാവകത്തില്‍ ചെറിയ അളവില്‍ എച്ച്ഡിഎല്‍ കണങ്ങളുള്ള ആളുകള്‍ക്ക് അല്‍ഷിമേഴ്സ് രോഗത്തിനെതിരെ കൂടുതല്‍ സംരക്ഷണം ഉണ്ടെന്നത് പഠനത്തില്‍ തെളിഞ്ഞതായി പഠനത്തിന് നേതൃത്വം നല്‍കിയ കെക്ക് സ്‌കൂള്‍ ഓഫ് മെഡിസിനിലെ മെഡിസിന്‍ ആന്‍ഡ് ന്യൂറോളജി അസോസിയേറ്റ് പ്രൊഫസറായ ഹുസൈന്‍ യാസിന്‍ പറഞ്ഞു.
ആരോഗ്യകരമായ അമിലോയിഡ് ബീറ്റ ഉള്ളത് പ്രായമായവരെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നു. 77 വയസ് പ്രായമുള്ള 180 ആളുകളില്‍ പരിശോധന നടത്തി. അവരുടെ രക്തത്തിലെ പ്ലാസ്മയും സെറിബ്രോസ്‌പൈനല്‍ ദ്രാവകവും വിശകലനം ചെയ്തു. അയോണ്‍ മൊബിലിറ്റി എന്ന ഒരു സാങ്കേതികത ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ അവരുടെ സാമ്പിളുകളിലെ വ്യക്തിഗത എച്ച്ഡിഎല്‍ കണങ്ങളുടെ വലുപ്പം കണക്കാക്കുകയും അളക്കുകയും ചെയ്തു. മസ്തിഷ്‌ക കോശങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് വ്യായാമം പ്രധാന പങ്കുവഹിക്കുന്നുവെന്നും ഗവേഷകര്‍ പറഞ്ഞു.