സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള അശ്ലീല പുസ്തകങ്ങൾ വിൽക്കുന്നതും, അശ്ലീല ഗാനങ്ങൾ പാടുന്നതും ഇന്ത്യൻ പീനൽ കോഡ് പ്രകാരം രണ്ടു വർഷം മുതലും, ‘5 വർഷം വരെ (രണ്ടാം വട്ടവും ചെയ്താൽ ) തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. ഏതെങ്കിലും സ്ത്രീയുടെ ശിശുവിനെ ജീവനോടെ പ്രസവിക്കുന്നത് തടയുന്നതും പ്രസവിച്ച ഉടനെ കൊന്നുകളയുന്നതും അമ്മയുടെ ജീവൻ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെയല്ല ചെയ്തതെങ്കിൽ പത്തു വർഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്. പീനൽ കോഡിലെ 354, സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട വകുപ്പാണ്. മാനഭംഗപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ ഒരാൾ അക്രമിക്കാൻ വന്നാലോ, അല്ലെങ്കിൽ താൻ അപമാനിക്കപ്പെട്ടു എന്ന തോന്നലുണ്ടായാലോ പോലും ഒരു സ്ത്രീക്ക് ഈ വകുപ്പ് പ്രകാരം കുറ്റകൃത്യം ചെയ്ത ആൾക്കെതിരെ നിയമ നടപടി കൈക്കൊള്ളാം. വിവാഹത്തിനോ, നിർബന്ധ ശാരീരിക ബന്ധത്തിനോ സ്ത്രീയെ വശീകരിച്ച് കടത്തികൊണ്ടു പോയാൽ, പത്തുവർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണ്.ഈ പറഞ്ഞ ആവശ്യത്തിനായി സ്ത്രീയെ കടത്തിക്കൊണ്ടു വന്നാലും ശിക്ഷാർഹമാണ്. 375-ാം വകുപ്പ് പ്രകാരം ബലാൽസംഗത്തിന് ഏഴു മുതൽ പത്തുവർഷം വരെയോ ജീവപര്യന്തമോ തടവും പിഴയും ലഭിക്കും.പോലീസ് സ്റ്റേഷനിലുള്ളവർ, ജയിൽ അധികാരി, ആശുപത്രി മേധാവി, എന്നിവർ ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിനടിമപ്പെടുത്തുക, ഗർഭിണി, പന്ത്രണ്ട് വയസിന് താഴെയുള്ള പെൺകുട്ടി, ഇവരെ ബലാൽസംഗം ചെയ്യുക, തുടങ്ങിയവയൊക്കെ ഈ വകുപ്പിന് കീഴിൽ പത്തു വർഷം മുതൽ ജീവപര്യന്തമോ, പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. പീഡന കഥയിലെ നടിയുടെ പേര് വെളുപ്പെടുത്തിയതിന്, ചില പ്രമുഖരുടെ പേരിൽ കേസ് വന്നത് ഇപ്പോൾ നാം കേട്ടുകൊണ്ടിരിക്കുന്നു.. ഇത്തരം കേസിൽ ഇരയാകുന്ന സ്ത്രീയുടെ പേരോ, മേൽവിലാസമോ വെളിപ്പെടുത്തിയാൽ രണ്ടു വർഷം തടവും പിഴയും ലഭിക്കുന്ന കുറ്റമായി പരിഗണിക്കും.വിവാഹബന്ധം വേർപെടുത്താതെ ഭാര്യ ജീവനോടെയുള്ളപ്പോൾ മറ്റു വിവാഹം കഴിച്ചാൽ ഏഴു വർഷം വരെ തടവും പിഴയും കിട്ടും.
ഒരു സ്ത്രീയുടെ മാന്യതക്ക് കോട്ടം തട്ടുന്ന വിധത്തിൽ ഏതെങ്കിലും വാക്ക് ഉച്ചരിക്കുകയോ, ആംഗ്യം കാണിക്കുകയോ എന്തെങ്കിലും പ്രചരിപ്പിക്കുകയോ ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് 509 വകുപ്പ് പ്രകാരം ഒരു വർഷം തടവോ പിഴയോ രണ്ടും ഒരുമിച്ചോ അനുഭവിക്കാൻ കുറ്റം ചെയ്തയാൾ നിയമത്തിന് മുന്നിൽ ബാധ്യസ്ഥനാണ്.. ഒരു സ്ത്രീയേയും, പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ പാടില്ല.. അവർ താമസിക്കുന്നതോ, നിർദ്ദേശിക്കുന്നതോ ആയ സ്ഥലത്ത് വെച്ച് ഒരു സ്ത്രീ പോലീസ് ഓഫീസറുടേയോ, കുടുംബാഗങ്ങളുടേയോ സുഹൃത്തുക്കളുടേയോ സാന്നിധ്യത്തിൽ മാത്രമേ, ചോദ്യം ചെയ്യാൻ പാടുള്ളു.
കേരളാ പോലീസ് നിയമമനുസരിച്ച് ഒരു സ്ത്രീക്ക് നേരേ പൊതു സ്ഥലത്തുവെച്ച് ലൈംഗിക ചേഷ്ടകളാ പ്രവർത്തികളോ ചെയ്യുന്നതും അവരുടെ സ്വകാര്യതക്ക് ഭംഗംവരുത്തുന്ന ഫോട്ടോയോ, വീഡിയോയോ എടുക്കുന്നതും ശിക്ഷാർഹമാണ്. 1961 ലെ സ്ത്രീധന നിരോധന നിയമം അനുസരിച്ച് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നൽകാൻ പ്രേരിപ്പിക്കുന്നതുമൊക്കെ 5 വർഷം തടവും 15000 രൂ.പിഴയും ലഭിക്കാവുന്ന കുറ്റമാണ്.. സ്ത്രീധനം നേരിട്ടോ അല്ലാതെയോ ആവശ്യപ്പെടുന്നവർക്ക് രണ്ടു വർഷം മുതൽ ആറു മാസം വരെ തടവും 10,000 രൂ.പിഴയും ലഭിക്കും.
ഗാർഹിക പീഡന നിരോധന നിയമം: വീടുകളിൽ സ്ത്രീയുടെ ആരോഗ്യം ജീവൻ സമാധാനം എന്നിവയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ആ വീട്ടിൽ താമസിക്കുന്ന ഏതെങ്കിലും പുരുഷൻ പ്രവർത്തിക്കുന്നതിനെ ഗാർഹിക പീഡനം എന്നു പറയുന്ന ശാരീരിക ലൈംഗിക പീഡനങ്ങൾക്കുപരി വാക്കുകൊണ്ടോ, പ്രവൃത്തി കൊണ്ടോ, പോലും കളിയാക്കുകയോ മാനസികമായി പീഡിപ്പിക്കയോ ചെയ്യുക, വീട്ടിൽ ചെലവ് തരാതിരിക്കുക, കുടുംബ വസ്തുക്കൾ വിൽക്കുക തുടങ്ങിയവയൊക്കെ ഗാർഹിക പീഡന പരിധിയിൽപ്പെടും. പീഡനത്തിനിരയാകുന്ന സ്ത്രീ ജില്ലാ പ്രൊട്ടക്ഷൻ ഓഫീസറെ അറിയിച്ചാൽ, അതുവഴി നിയമസംരക്ഷണം ജുഡീഷ്യൽ ഫസ്റ്ററ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വഴി ലഭിക്കും..പരാതിക്കാരിക്ക് നേരിട്ടോ വക്കീൽ മുഖാന്തരമോ പ്രസ്തുത കോടതിയെ സമീപിക്കാവുന്നതും കോടതി വഴി വീട്ടിൽ താമസിക്കുന്നതിന് സംരക്ഷണ ഉത്തരവും, കുട്ടികളുടെ കസ്റ്റഡി ഉത്തരവും മറ്റും ലഭിക്കുന്നതുമാണ്. ഉത്തരവ് ലംഘിക്കുന്നവർക്ക് തടവും 200000 പിഴയും ലഭിക്കും. ഈ നിയമങ്ങൾ പക്ഷെ വീട്ടിലെ മറ്റു സ്ത്രീകൾക്കെതിരെ പ്രയോഗിക്കാൻ സാധ്യമല്ല.ക്രിമിനൽ നടപടി നിയമം 125-ാം വകുപ്പ് പ്രകാരം ഒരു പുരുഷന് തന്റെ പങ്കാളിയേയും മക്കളേയും മാതാപിതാക്കളേയും സംരക്ഷിക്കാൻ ബാധ്യസ്ഥനാണ്.നിയമപ്രകാരമല്ലാത്ത മക്കൾക്കും ചിലവിന് കിട്ടാൻ അവകാശമുണ്ട്.
ഒരു സ്ത്രീയേയും, പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ പാടില്ല. അവർ താമസിക്കുന്നതോ, നിർദ്ദേശിക്കുന്നതോ ആയ സ്ഥലത്ത് വെച്ച് ഒരു സ്ത്രീ പോലീസ് ഓഫീസറുടേയോ, കുടുംബാഗങ്ങളുടേയോ സുഹൃത്തുക്കളുടേയോ സാന്നിധ്യത്തിൽ മാത്രമേ, ചോദ്യം ചെയ്യാൻ പാടുള്ളു.(ഇപ്പോൾ കാവ്യ മാധവന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നതും ഇതുതന്നെയാണ്)