ന്യൂഡല്‍ഹി: താജ് ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റല്‍ ഹോട്ടല്‍സ് ലിമിറ്റഡിന്റെ 2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാംപാദത്തില്‍ ഏകീകൃത അറ്റാദായം 1.38 കോടി രൂപയിലെത്തിയതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ കമ്പനിയുടെ ആകെ നഷ്ടം 4.66 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഇതേ പാദത്തില്‍ 66.08 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 52.76 കോടി രൂപയായിരുന്നു.
നാലാം പാദത്തിലെ മൊത്തം ചെലവ് മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 60.93 കോടി രൂപയില്‍ നിന്ന് 66.40 കോടി രൂപയായി ഉയര്‍ന്നതായി കമ്പനി അറിയിച്ചു. 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ഓറിയന്റല്‍ ഹോട്ടല്‍സിന്റെ അറ്റ നഷ്ടം 12.84 കോടി രൂപയായി കുറഞ്ഞിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തിലെ ഏകീകൃത അറ്റ നഷ്ടം 53.58 കോടി രൂപയാണെന്നും ഫയലിംഗില്‍ അറിയിച്ചു.
2021 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍, കൊവിഡ് രണ്ടാം തരംഗവും തുടര്‍ന്നുള്ള നിരവധി സ്ഥലങ്ങളിലെ ലോക്ക്ഡൗണുകളും കമ്പനിയുടെ വരുമാനത്തെ ബാധിച്ചതായി ഓറിയന്റല്‍ ഹോട്ടല്‍സ് പറഞ്ഞു. കൂടാതെ, 2022 ജനുവരിയിലെ കൊവിഡ് വ്യാപനവും ചില സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാക്കി. ഇത് വരുമാനത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും വാക്സിനേഷന് വര്‍ധിക്കുകയും കൊവിഡ് കേസുകളുടെ എണ്ണം കുറയുകയും നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ചെയ്തതോടെ, ബിസിനസ്സ് വീണ്ടെടുക്കലിന്റെ പാതയിലേക്ക് എത്തിയതായി കമ്പനി പറഞ്ഞു.