KeralaNEWS

മന്ത്രിയും ചെയർമാനും യൂണിയൻ നേതാക്കളും തമ്മിലുള്ള തൊഴുത്തിൽ കുത്ത് രൂക്ഷം, 14,000 കോടി നഷ്ടത്തിലോടുന്ന ഇലക്ട്രിസിറ്റി ബോർഡ് എന്ന വെള്ളാനയെ ആര് തളയ്ക്കും…?

തിരുവനന്തപുരം: വൈദ്യുതി നിരക്ക് ഉടൻ വർദ്ധിപ്പിക്കുമെന്നാണ് വാർത്ത. പൊതുജനങ്ങൾക്കു മേൽ ഇരുട്ടടി സമ്മാനിച്ച് നിരക്ക് വര്‍ദ്ധനയ്ക്കൊരുങ്ങുമ്പോഴും അഴിമതിയും കെടുകാര്യസ്ഥതയും താൻപോരിമയും മുഖമുദ്രയാക്കി മുന്നേറുകയാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്.

കെ.എസ്.ഇ.ബിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്നും നഷ്ടം 14,000 കോടി രൂപയെന്നും വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമാണ്.

Signature-ad

കെ​.എ​സ്‌.ഇ​.ബി ചെ​യ​ർമാ​ൻബി. അശോകും ഓ​ഫീ​സേ​ഴ്​സ് അ​സോ​സി​യേ​ഷ​നും ത​മ്മി​ലു​ള്ള പോര് മൂർഛിച്ചതും മന്ത്രി മാവിലായിക്കാരനായതുമാണ് ഇപ്പോഴത്തെ പ്രതിസന്ധി.

കെ​.എ​സ്‌.ഇ​.ബി ഓഫീസേഴ്സ് അസോസിയേഷൻ സമരത്തെത്തുടർന്ന് കടുത്ത നടപടിയാണ് മാനേജ്മെന്റ് സ്വീകരിച്ചത്. സമരം തുടരുന്ന അസോസിയേഷനുമായി ചർച്ച ചെയ്യാൻ പോലും തയ്യാറാകാത്ത നിഷേധാത്മക സമീപനമാണ് ചെയർമാൻ സ്വീകരിക്കുന്നത്. ഓഫീസേഴ്സ് അസോസിയേഷനെ മര്യാദ പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് ബി. അശോക്.
എം. എം. മണിയും എ. കെ. ബാലനും മന്ത്രിമാരായിരിക്കെ പഴ്‌സണല്‍ സ്‌റ്റാഫംഗമായിരുന്ന സുരേഷ്‌ കുമാറിനെതിരേ ചെയര്‍മാൻ കടുത്ത നടപടി എടുത്തത്‌ അസോസിയേഷനെ ഞെട്ടിച്ചു.
സസ്പെൻഷനിലായിരുന്ന അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എം ജി സുരേഷ് കുമാറിൻ്റെ സസ്പെൻഷൻ പിൻവലിച്ച് തിരുവനന്തപുരത്ത് നിന്ന് അദ്ദേഹത്തെ പെരിന്തൽമണ്ണയിലേക്കു സ്ഥലം മാറ്റി.
ഹൈക്കോടതി നിർദ്ദേശപ്രകാരം സസ്പെൻഷൻ പിൻവലിച്ച ജാസ്മിൻ ബാനുവിനെ വൈദ്യുതി ഭവനിൽ നിന്നും പത്തനംതിട്ടയിലെ സീതത്തോട്ടിലേക്കും മാറ്റി. സസ്പെൻഷനിലുള്ള അസോസിയേഷൻ  ജനറൽ സെക്രട്ടറി ഹരികുമാറിൻ്റെയും തല ഉരുളാനാണ് സാദ്ധ്യത.

ഈ ചക്കളാക്കിപ്പോരാട്ടത്തില്‍ മന്ത്രി കെ. കൃഷ്‌ണന്‍ കുട്ടി ചെയര്‍മാന് പിന്തുണ നല്‍കിയതാണ് വൈദ്യുതി വകുപ്പിലെ തര്‍ക്കം ഹൈ വോള്‍ട്ടേജില്‍ എത്താൻ കാരണം.
ഇതിനിടെ കേരള ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷൻ, ബി.അശോകിനെ പിന്തുണച്ചു കൊണ്ടു രംഗത്തു വന്നു.
‘ഐഎഎസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന തരത്തിൽ സംഘടനാപ്രവർത്തനം നടത്തുന്നത് ഒഴിവാക്കി, മികച്ച പ്രവർത്തനം നടത്താൻ സാഹചര്യമൊരുക്കി തരണം’ എന്ന് സംഘടന മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.

കെ.എസ്.ഇ.ബി ജീവനക്കാരുടെ സമരത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. അസോസിയേഷനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. സി.പി.എം സംഘടനകളും ചെയര്‍മാനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ തിങ്കളാഴ്ച മന്ത്രിതല ചര്‍ച്ച നടക്കും.
മാത്രമല്ല സമരം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ ഇടപെടലുകളുമുണ്ടായേക്കും. സിപിഎം നേതാക്കള്‍ അതൃപ്തി പരസ്യമാക്കിയതോടെയാണ് രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വഴി തെളിയുന്നത്. സ്ഥലംമാറ്റത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നാണ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ നിലപാട്.

കെ.എസ്.ഇ.ബിയിലെ സമരം നീളുന്നതിനെതിരെ സിപിഎം നേതാക്കള്‍ കഴിഞ്ഞ ദിവസം അതൃപ്തി പരസ്യമാക്കിയിരുന്നു. സമരത്തിനെതിരെ ചെയര്‍മാന്‍ നടത്തിയ പ്രതികരണം പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
മാത്രമല്ല എം.ജി സുരേഷ്‌കുമാറിന്റെ സസ്‌പെന്‍ഷന്‍ മെമ്മോയില്‍ ആരോപിക്കാത്ത കുറ്റങ്ങളാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നത്. ഈ കാലയളവിലാകട്ടെ സുരേഷ് കുമാര്‍, മന്ത്രിയായിരുന്ന എം.എം മണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
സമരം അവസാനിപ്പിക്കാന്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി ഇടപെടുന്നില്ലെന്ന ആരോപണവും മുതിര്‍ന്ന സി.പി.എം നേതാക്കള്‍ക്കുണ്ട്.

Back to top button
error: