NEWS

അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം; കേരളത്തിലെ മാധ്യമങ്ങൾ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്

മ്മ്യൂണിസ്റ്റ് സർക്കാർ ആയതുകൊണ്ട് തന്നെ കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ എല്ലാം തന്നെ ഇല്ലാതാക്കാനോ, അല്ലെങ്കിൽ അത് ജനങ്ങളിൽ എത്താതിരിക്കാനോ, ഇതെല്ലാം തന്നെ ജനദ്രോഹമാണെന്നു വരുത്തി തീർക്കാനോ കേരളത്തിലെ മാധ്യമങ്ങൾ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു-കെഎസ്ആർടിസിയുടെ സ്വിഫ്റ്റ്.തൽക്കാലം നമുക്ക് കെ-റയിലിനെ വിടാം.അത്യാവശ്യം വേണ്ട മൈലേജ് കെ-റയിൽ തന്നു കഴിഞ്ഞു.ഇനി കെ-സ്വിഫ്റ്റിനെ കട്ടപ്പുറത്ത് കയറ്റിയാലെ ഫോട്ടോ ഉൾപ്പടെ അത് നാലു ലൈൻ കോളത്തിൽ ചാമ്പാൻ പറ്റൂ.കോടികൾ കട്ടപ്പുറത്ത്; പൊതുമേഖലകൾ എല്ലാം നഷ്ടം; ലാഭം സിപിഐഎമ്മിന് മാത്രം!

 ഇപ്പോൾത്തന്നെ ഇങ്ങനെയൊരു ഹെഡ്‌ലൈൻ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.ആ പാവങ്ങളൊക്കെ മുകളിൽ പറഞ്ഞ തരത്തിലുള്ള മാധ്യമങ്ങളിലെ വാർത്തകൾ കണ്ട് കെ-സ്വിഫ്റ്റ് ഇതിനകം കട്ടപ്പുറത്ത് കയറിയെന്ന് വിശ്വസിച്ചു പോയവരാണ്.

 എൽഡിഎഫ് ഭരണകാലത്ത് പണ്ടും ഇങ്ങനെയൊക്കെ തന്നെയായിരുന്നു ചില മാധ്യമങ്ങളുടെ ബൈലൈനുകൾ.പക്ഷെ അതിന്റെ ഏറ്റവും വലിയ വേർഷൻ 2018-ലെ പ്രളയകാലത്തായിരുന്നു.ഒളിഞ്ഞും തെളിഞ്ഞും കേരളത്തിനുള്ള സകലമാന സഹായങ്ങളും മുടക്കാൻ ബിജെപി, കോൺഗ്രസ് പ്രവർത്തകരോടൊപ്പം മുന്നിൽ നിന്ന് നയിച്ചത് ഈ മാധ്യമങ്ങളായിരുന്നു.ഏതൊരു കാര്യത്തിലും യൂപിയെ  അനുകൂലിക്കുകയും കേരളത്തെ അപമാനിക്കുക്കയും ചെയ്യുന്ന ചില വെറൈറ്റി മലയാളികളെക്കാളും കഷ്ടമായിരുന്നു ഈ മാധ്യമങ്ങളുടെ കാര്യം.പക്ഷെ തുടർച്ചയായി രണ്ടു പ്രളയം ഉണ്ടായിട്ടും അതിന്റെ ഇടയ്ക്ക് ഓഖി,നിപ്പ,സിക്ക…ഒക്കെ തലപൊക്കിയിട്ടും കേരളം പിടിച്ചു നിന്നു എന്നത് വേറെ കാര്യം! കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്ന് മാലോകരെ അറിയിക്കാൻ ആ സമയത്തും കണ്ടമാനം വിയർത്തു ചില മാധ്യമങ്ങൾ!!
പിന്നീട് കൊറോണക്കാലമായി.കേന്ദ്രം കൈയയച്ച് സഹായിച്ചിട്ടും  സൊമാലിയയേക്കാളും പട്ടിണിയും പരിവട്ടവുമായി വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങൾ കഴിഞ്ഞപ്പോൾ ഇതൊന്നുമില്ലാതെ തന്നെ കേരളം പ്രതിരോധക്കോട്ട കെട്ടി ലോകത്തിന് തന്നെ മാതൃകയായി.കേരളം നടപ്പിലാക്കും ഇന്ത്യ പിന്തുടരും എന്നൊരു പറച്ചിൽ തന്നെ വടക്കെങ്ങോ ഉള്ള സ്റ്റുഡിയോയിൽ ഇരുന്ന് ഒരു അസ്സൽ കേരളാ വിരോധി വരെ പറഞ്ഞിട്ടും അതങ്ങോട്ട് സമ്മതിച്ചു കൊടുക്കാൻ ഇവിടുത്തെ ചില മാധ്യമങ്ങൾക്കായില്ല.ഒടുവിൽ  ആംബുലൻസ് വരാൻ പത്ത് മിനിറ്റ് വൈകി എന്ന അന്തിച്ചർച്ച നടത്തി ആശ്വാസം കണ്ടെത്തി അവർ.പിന്നീടെന്തൊക്കെ. സ്വർണ്ണം, കുഴൽപ്പണം,ഇഡി, ബിഡി,സീഡി…  ചില്ലറ ‘സ്വപ്ന’ങ്ങൾ ആയിരുന്നോ ഉണ്ടായിരുന്നത് !
നിയമസഭാ ഇലക്ഷനിൽ എൽഡിഎഫ് എട്ടുനിലയിൽ പൊട്ടുന്ന വാർത്തയടിക്കാൻ വേണ്ടി ലക്ഷങ്ങളുടെ പരസ്യം പോലും വേണ്ടെന്നു വച്ച് ഫ്രണ്ട് പേജ് മൊത്തമായി അങ്ങനെ തന്നെ മാറ്റിവെച്ച എത്ര മാധ്യമങ്ങളുണ്ട് ഇവിടെ.മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വരെ തങ്ങളുടെ ഓഫീസിൽ ഇരുന്ന് തീരുമാനിച്ചവർ…ചിലർ പാലക്കാട് മുഖ്യമന്ത്രിയുടെ ഓഫീസ് വരെ തുറന്നു! കായംകുളത്ത് യു പ്രതിഭ ‘തോൽക്കാനുള്ള’ കാരണം വരെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപേ തയാറാക്കിവച്ചവരെ നമുക്ക് അറിയാം.അടുത്തിടെ കാലത്തിന്റെ കാവ്യനീതി പോലെ അത് ലീക്കുമായി.
പക്ഷെ എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട്  എൽഡിഎഫ് വീണ്ടും അധികാരത്തിലേറി.എൽഡിഎഫിന്റെ തോൽവി ആഘോഷിക്കാനിരുന്നവർക്ക് ‘മിന്നൽ പിണറായി’ വിജയൻ എന്ന് മുൻപേജിൽ തന്നെ കൊടുക്കേണ്ടിയും വന്നു !!

2016 ഇലക്ഷൻ.

അന്നത്തെ എൽഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് പരിപാടികളില്‍ അസഗ്നിദ്ധമായി രണ്ട് കാര്യങ്ങള്‍ തറപ്പിച്ചു പറഞ്ഞു.ദേശീയ പാത വികസനം സാധ്യമാക്കും, ഗെയില്‍ പദ്ധതി സാധ്യമാക്കും..!

 

കേട്ടവര്‍ കേട്ടവര്‍ ചിരിച്ചു..ദേശീയ പാത കേന്ദ്രവും കേരളവും എന്നേ ഉപേക്ഷിച്ച പദ്ധതിയാണ്.ഗെയിലിന്റെ കാര്യം പിന്നെ പറയണോ.. ഒരിക്കലും നടക്കില്ല .. വെറുതേ തള്ളി മറയ്ക്കരുത് വിജയാ..! ഉഗ്ര കോപശാലി എന്നു പേരുകേട്ട പിണറായി വിജയന്‍ പോലും അത് കേട്ട് ചിരിച്ചതേയുള്ളൂ.

 

തിരഞ്ഞെടുപ്പ് കഴിഞ്ഞു..ജനപ്രിയന്‍ അല്ലാത്ത വിജയന്‍ മുഖ്യമന്ത്രിയായി..ഒരിക്കലും നടക്കാത്ത പദ്ധതി എന്ന് 100 ശതമാനം ഉറപ്പുള്ളത് കൊണ്ടാവാം ഉറങ്ങി കിടന്ന സുരേന്ദ്രന്‍ വരെ എഴുന്നേറ്റ് വന്ന് വെല്ലുവിളിച്ചു.

“ഇത് രണ്ടും നടത്തിക്കാണിച്ചാല്‍ വിജയനെ നട്ടെല്ലുള്ള രാഷ്ട്രീയക്കാരന്‍ എന്ന് വിളിക്കാം..!”

അപ്പോഴും വിജയന്‍ ചിരിച്ചതേയുള്ളൂ.

2021 പകുതിയില്‍ വിജയന്‍ അയാളുടെ ആദ്യ ടേം പൂര്‍ത്തിയാക്കി ഇറങ്ങുമ്ബോള്‍ ദേശീയ ഹൈവേ മന്ത്രാലയവും കേരളവും രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും എഴുതി തള്ളിയ,, അസാധ്യമെന്ന് കരുതിയ രണ്ട് വമ്ബന്‍ മഹത്തായ പദ്ധതികളും അതിന്റെ അവസാന ലാപ്പിലേക്ക് കുതിച്ചെത്തി കഴിഞ്ഞിരുന്നു.ഗെയ്ലും ദേശീയപാത വികസനവും !!

 

ഇനി നമുക്ക് സ്വിഫ്റ്റിലേക്ക് തന്നെ തിരിച്ചു വരാം.റോഡിലോടുന്ന വാഹനങ്ങൾക്ക് ഏത് സമയത്തും അപകടം സംഭവിക്കാം എന്ന സാമാന്യ ബോധത്തെപ്പോലും മറന്നുകൊണ്ടായിരുന്നു  സ്വിഫ്റ്റിന്റെ സൈഡ് ഗ്ലാസ്സ് പൊട്ടിയതും സ്വിഫ്റ്റിന്റെ പെയിന്റ് ഇളകിയതുമായ വാർത്തകൾ കൊടുക്കാൻ മാധ്യമങ്ങൾ മത്സരിച്ചത്.ദീർഘദൂര യാത്രക്കാരെ സ്വകാര്യ ബസുകളുടെ കൊള്ളയില്‍ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കുള്ള പുതിയ സംരംഭമായ കെ സ്വിഫ്റ്റിന് (ksrtc swift) തുടക്കം കുറിച്ചത്.എന്നാല്‍, സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ ബസുകള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്തകള്‍ പ്രത്യേകം പൊലിപ്പിച്ച് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.അതുപോലെ ജനങ്ങളിൽ നിന്ന് സ്വിഫ്റ്റ് സർവീസുകളെ അകറ്റുന്ന രീതിയിലുള്ള വാർത്തകളും.ഇപ്പോളിതാ സ്വിഫ്റ്റ് സര്‍വീസുകള്‍ ഫലം കണ്ടുതുടങ്ങിയതിന്റെ ലക്ഷണങ്ങൾ ഒന്നൊന്നായി പുറത്തു വരാൻ തുടങ്ങിയിരിക്കയാണ്.സ്വിഫ്റ്റ് സർവീസ് ആരംഭിച്ച് രണ്ടാം ദിവസം തന്നെ സ്വകാര്യ സര്‍വീസുകളും നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരായി എന്ന വാർത്ത പക്ഷെ എങ്ങും കണ്ടതുമില്ല.നമുക്ക് വായനക്കാരോട് എന്ത് പ്രതിബദ്ധത.എല്ലാം പരസ്യ ദാതാക്കൾ അല്ലിയോ !!

കഴിഞ്ഞ ദിവസം വരെ സ്വകാര്യ ബസുകളുടെ ബാംഗ്ലൂര്‍ – തിരുവനന്തപുരം സര്‍വ്വീസ്
4000 മുതല്‍ 5000 രൂപ വരെയാണ് ഈടാക്കിയിരുന്നത്.എന്നാല്‍ ഇന്നലെ അവരുടെ ബുക്കിംഗ് സൈറ്റില്‍ നോക്കുമ്ബോള്‍ “From Rs.1599” എന്ന് കണ്ടു.സ്വിഫ്റ്റിന് ഈ റൂട്ടിൽ 2156 രൂപ ആയിരുന്നു ടിക്കറ്റ് നിരക്ക്.ഇതേപോലെ എറണാകുളം-ബംഗളൂരു റൂട്ടിൽ സ്വകാര്യ ബസുകൾ 2800 രൂപ ഈടാക്കിയപ്പോൾ സ്വിഫ്റ്റിന് ഇത് 1531 രൂപയായിരുന്നു.ഇന്നത്തെ വിവരം അനുസരിച്ച് സ്വകാര്യ ബസുകൾ നേർ പകുതിയായി ചാർജ്ജ് കുറച്ചിട്ടുണ്ട്.എവിടെയെങ്കിലും നിങ്ങൾ ഈ വാർത്ത കണ്ടിരുന്നോ ? അതേസമയം സൂക്ഷിച്ചു നോക്കിയാൽ കുന്നംകുളത്ത് മീൻ വണ്ടി ഇടിച്ചു മരിച്ച പെരിയസ്വാമിയെ കൊന്നത് സിഫ്റ്റാണെന്നു കാണാം.വയനാട് ചുരത്തിൽ സിഫ്റ്റിന്റെ പിൻവശം ഉരഞ്ഞ് പോറൽ വീണ വാർത്തയും ചിലപ്പോൾ കാണാൻ പറ്റിയേക്കും !!

 

 

പതിവില്ലാത്ത വിധം ഇത്തവണ കേരളത്തിൽ പെയ്ത വേനൽമഴയ്ക്ക് ശമനമായിരിക്കയാണ്.ഇനി താമസിയാതെ നിർത്തിവച്ചിരുന്ന കെ- റെയിൽ അടയാള കല്ല് ഇടുന്ന പരിപാടി കേരളത്തിൽ തുടങ്ങും.അപ്പോൾ എങ്ങനെ? കെ-സ്വിഫ്റ്റും കൈയ്യിൽ നിന്ന് വഴുതിയ സ്ഥിതിക്ക് തൽക്കാലം നമുക്ക് കെ.റെയിലിലേക്ക് തന്നെ അങ്ങ് തിരിച്ചു പോയാലോ….? അപ്പോൾ ചാമ്പിക്കോ…..!!!

എല്ലാം കണ്ട് മുകളിൽ ഇരുന്ന് ഒരാൾ ചിരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: