ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതിയുള്ള റിസ്‌ക്-ഓ-മീറ്ററില്‍ സ്വര്‍ണവും, സ്വര്‍ണവുമായി ബന്ധപ്പെട്ട എല്ലാ ചരക്കുകളുടെയും നിക്ഷേപത്തിനുള്ള വിപണിയിലെ അപകട സാധ്യത വിലയിരുത്തുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ വഴി ഇത്തരം ചരക്കുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ ചരക്കുകളുടെ വാര്‍ഷിക വിലയില്‍ വരുന്ന മാറ്റത്തിനനുസരിച്ച് ഒരു റിസ്‌ക് സ്‌കോര്‍ നല്‍കുമെന്ന് തീരുമാനിച്ചതായി സെബി പ്രസ്താവനയില്‍ പറഞ്ഞു.
ചരക്കിന്റെ കഴിഞ്ഞ 15 വര്‍ഷത്തെ ബെഞ്ച്മാര്‍ക്ക് സൂചികയുടെ വിലയെ അടിസ്ഥാനമാക്കി ഒരു വര്‍ഷത്തെ വിലയുടെ വ്യത്യാസങ്ങള്‍ മൂന്നുമാസം കൂടുമ്പോള്‍ കണക്കാക്കുകയും ഒപ്പം ഇത്തരം ചരക്കുകളുടെ റിസ്‌ക് സ്‌കോര്‍ താഴ്ന്ന നിലയില്‍ മുതല്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ വരെയായി നാല് തലങ്ങളായി തരംതിരിക്കുമെന്നും സെബി അറിയിച്ചു. അതായത് 10 ശതമാനത്തില്‍ താഴെ, 10-15 ശതമാനം, 15-20 ശതമാനം, 20 ശതമാനത്തില്‍ കൂടുതല്‍ എന്നിങ്ങനെ റിസ്‌ക് സ്‌കോറുകള്‍ ഉണ്ടായിരിക്കും മ്യുച്ചല്‍ ഫണ്ട്‌സില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിപണിയിലെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്കും ഇത്തരത്തിലുള്ള റിസ്‌ക് സ്‌കോറുകള്‍ അറിയുന്നതിലൂടെ നിക്ഷേപത്തിലെ അപകട സാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കും.
കഴിഞ്ഞ 15 വര്‍ഷത്തെ സ്വര്‍ണ്ണത്തിന്റെ വിലയെ അടിസ്ഥാനമാക്കിയാല്‍ സ്വര്‍ണ വിലയില്‍ 18 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടെങ്കില്‍ സ്വര്‍ണ്ണത്തിനും സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ക്കും റിസ്‌ക് ലെവല്‍ കൂടുമെന്നു ഉദാഹരണ സഹിതം സെബി വിശദീകരിച്ചു. ഈ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടനെ പ്രാബല്യത്തില്‍ വരുമെന്ന് സെബി അറിയിച്ചു.