IndiaNEWS

ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തുന്നു; ചില സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിച്ചേക്കും

ന്യൂഡല്‍ഹി: ജിഎസ്ടിയില്‍ നല്‍കി വരുന്ന നഷ്ടപരിഹാരം നിര്‍ത്തുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന വരുമാന നഷ്ടം ഒഴിവാക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ജിഎസ്ടി നിലവില്‍ വന്നപ്പോള്‍ ഉള്ള വരുമാനത്തിലെ ഇടിവ് പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു. ഇത് നിര്‍ത്തുന്ന സാഹചര്യത്തിലാണ് പ്രത്യേക പാക്കേജ്.

അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേക പ്രൊജക്ടുകള്‍ക്കുള്ള ധനസഹായമായോ, പ്രത്യേക തീരുവ ചുമത്താന്‍ അനുവാദം നല്‍കിയോ, അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യത വരാത്ത രീതിയിലുള്ള കടമെടുപ്പിന് അനുമതി നല്‍കുകയോയാവും സര്‍ക്കാര്‍ ചെയ്യുക.

ചില സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ കുറിച്ച് ബോധ്യമുണ്ടെന്നും ഇത് പരിഹരിക്കാന്‍ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്ന് ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ഇക്കണോമിക്‌സ് ടൈംസിനോട് പ്രതികരിച്ചു. എന്നാല്‍, ഹിമാചല്‍പ്രദേശ് പോലുള്ള മലയോര സംസ്ഥാനങ്ങള്‍ക്കാവും പ്രത്യേക പാക്കേജ് ലഭിക്കുകയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. നേരത്തെ പശ്ചിമബംഗാള്‍, ഹിമാചല്‍പ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 2022 ജൂണിലാണ് ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തുന്നത്.

Back to top button
error: