KeralaNEWS

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നാലാഴ്ചക്കകം വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി

കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള 5 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നാലാഴ്ചക്കകം വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി നിരന്തരമായി നടത്തിയ പോരാട്ടമാണ് സുപ്രീം കോടതിയുടെ ഇടപെടലിലൂടെ ഫലപ്രാപ്തിയിലെത്തിയത്. നഷ്ടപരിഹാരവിതരണം പൂര്‍ത്തിയാക്കാന്‍ സംസ്ഥാനസര്‍ക്കാരിന് സുപ്രീംകോടതി നാലാഴ്ച സമയം അനുവദിച്ചു.

സര്‍ക്കാര്‍ രേഖകള്‍ പ്രകാരം കാസര്‍കോട്ട് കണ്ടെത്തിയ 6,727 ദുരിതബാധിതരില്‍ ഇനി തുക ലഭിക്കാനുള്ളത് 2,966 പേര്‍ക്കാണ്. ഇതിന് 217 കോടി രൂപ വേണ്ടിവരുമെന്ന് സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.
വിധി നടപ്പാക്കാത്തതിനെതിരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന 12 സംഘടനകളുടെ കൂട്ടായ്മയായ സെര്‍വ് കളക്ടീവ് ആണ് അഭിഭാഷകനായ പി.എസ് സുധീര്‍ വഴി കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. നഷ്ടപരിഹാരം നല്‍കണമെന്ന് രണ്ട് ഉത്തരവുണ്ടായിട്ടും നടപ്പാക്കാത്തത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. തുക കൈമാറിയ ശേഷം റിപ്പോര്‍ട്ട് കോടതിക്ക് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കാന്‍ 200 കോടി രൂപ അനുവദിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ജില്ലാ ഭരണകൂടം, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള നഷ്ടപരിഹാരതുക വിതരണം ചെയ്യുന്നതിന് മുന്നോടിയായുള്ള വിവരശേഖരണം ആരംഭിച്ചു കഴിഞ്ഞു. വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം വീടുകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി അര്‍ഹത ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ച സാഹചര്യത്തില്‍ നടപടിക്ക് ഇനി വേഗത കൂടും.
ചില എന്‍ഡോസള്‍ഫാന്‍ രോഗികള്‍ നേരത്തെ താമസിച്ചിരുന്ന വീടുകളില്‍ നിന്ന് മാറി മറ്റ് വീടുകളില്‍ താമസം തുടങ്ങിയതിനാല്‍ അവര്‍ പുതിയ വിലാസം നല്‍കണമെന്ന് കലക്ടര്‍ അറിയിച്ചു.
സെര്‍വ് കലക്ടീവ് കൂട്ടായ്മയെ സംബന്ധിച്ചിടത്തോളം അഭിമാനനിമിഷമാണ് ഇത്.  2020 ജനുവരി 4ന് ലീലാകുമാരി അമ്മയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത്തരമൊരു കൂട്ടായ്മക്ക് രൂപം നല്‍കിയത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശത്തിന് നീതിപീഠത്തെ സമീപിക്കാമെന്ന് കൂട്ടായ്മ അന്ന് തീരുമാനിച്ചു. എന്‍.വിസാജ്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതസംരക്ഷണസമിതി, പുഞ്ചിരിക്ലബ്ബ് ബോവിക്കാനം, എസ്പാക്, ഏകതാപരിഷത്ത്, ലോഹ്യാവിചാരവേദി, നവയാനം പയ്യന്നൂര്‍, പാഠഭേദം, അധിനിവേശപ്രതിരോധസമിതി, വ്യവസായ തൊഴിലാളി സൗഹൃദസംഘം അമ്പലമുകള്‍, ഫെയര്‍ ട്രേഡ് അലയന്‍സ് ഓഫ് കേരള, ജോയിന്റ് ഫോറം ഓഫ് എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ട്രിബ്യൂണല്‍ റൈറ്റ്‌സ് എന്നീ സംഘടനകളാണ് സെര്‍വ് കലക്ടീവ് കൂട്ടായ്മ രൂപീകരിച്ചത്.

പാലിയേറ്റീവ് കെയര്‍ ആസ്പത്രി വേണമെന്ന എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ആവശ്യം പ്രത്യേകമായി പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസിന്റെ കൂടെ പരിഗണിക്കുന്നതിന് പകരം പ്രത്യേക കേസായി ഫയല്‍ ചെയ്യാന്‍ കോടതി തന്നെ നിര്‍ദേശിച്ചതോടെ ഇക്കാര്യത്തിലും കോടതിയുടെ ഭാഗത്തുനിന്ന് അനുകൂലതീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: