മലയാളിക്ക് നേന്ത്രക്കായ ഇല്ലാത്ത ആഘോഷമില്ല. ഓണമോ വിഷുവോ തുടങ്ങി എല്ലാ ആഘോഷ നാളുകളിലെയും പ്രധാന വിഭവങ്ങളിലൊന്ന് നേന്ത്രക്കായ തന്നെ. പക്ഷേ, അത് ഉത്പാദിപ്പിക്കുന്ന കർഷകന് ഒരിക്കലും ന്യായവില ലഭിക്കാറില്ല. മൂന്ന് കിലോയ്ക്ക് 100 രൂപ വരെയായി അടുത്ത നാളുകൾ വരെ വില. ഓണക്കാലത്ത് 72 രൂപയ്ക്ക് കൃഷിവകുപ്പ് വാഴക്കുല എടുത്തിരുന്നെങ്കിലും ഇപ്പോഴതില്ല. താങ്ങുവിലയായി പ്രഖ്യാപിച്ച 30 രൂപ ഒട്ടും ന്യായവുമല്ല.
പക്ഷേ ഇപ്പോഴിതാ സംസ്ഥാനത്ത് നേന്ത്രക്കായയുടെ വില കുതിച്ചുയരുന്നു. പല സ്ഥലങ്ങളിലും വിലഎഴുപതു കടന്നു. നേന്ത്രക്കായക്ക് അടുത്ത കാലത്തൊന്നും കിട്ടാത്ത വിലയാണിത്. വേനല്‍ മഴയില്‍ മൂപ്പെത്താതെ തകര്‍ന്നുവീണ കുലകളും ഇതോടൊപ്പം മോശമല്ലാത വിലയ്ക്ക് കർഷകർക്ക് വിൽക്കാന്‍ കഴിഞ്ഞു. വയനാട്ടില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കായയുടെ വരവ് കുറഞ്ഞതും റമദാന്‍, വിഷു, ഈസ്റ്റർ കാലമായതും വിലവര്‍ധനവിനിടയാക്കി. കര്‍ണാടകത്തില്‍നിന്നും വ്യാപകമായി എത്തിക്കൊണ്ടിരുന്ന നേന്ത്രക്കായ ഇപ്പോള്‍ തീരെ എത്തുന്നില്ല.
വിലയില്‍ ഉണ്ടായിരിക്കുന്ന ക്രമാതീതമായ വര്‍ധന മലയോര മേഖലയിലെ ചെറുകിട കര്‍ഷകര്‍ക്കാണ് ഏറെ ഗുണം ചെയ്യുക. ഉല്പന്നങ്ങള്‍ വാങ്ങാന്‍ കൃഷിയിടത്തില്‍തന്നെ ആവശ്യക്കാര്‍ എത്തുന്നത് ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കാണ് ഏറെ ഗുണകരമാകുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലം വിലയും വിപണിയുമില്ലാതെ കഷ്ടപ്പെടുകയായിരുന്നു കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 25 രൂപ പോലും ലഭിച്ചിരുന്നില്ല.
വേനല്‍മഴയില്‍ നിരവധി പ്രദേശങ്ങളിൽ പതിനായിരക്കണക്കിന് വാഴകളാണ് നിലം പൊത്തിയത്. എല്ലാം കുലച്ചതും കുലക്കാറായതുമായ വാഴകൾ. ശരാശരി മൂപ്പെത്താത്ത കുലകള്‍ കാറ്റില്‍ നിലം പൊത്തുത്തുമ്പോൾ യഥാര്‍ഥ വിളവിന്റെ പകുതി പോലും കര്‍ഷകന് ലഭിക്കില്ല.