ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പെട്രോളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സാക്ഷം (Sanrakshan Kshamta Mahotsav) ദേശീയ പുരസ്കാരം കെഎസ്‌ആര്‍ടിസിക്ക് ലഭിച്ചു.
3000 ബസുകളില്‍ കൂടുതല്‍ ഓപ്പറേറ്റ് ചെയ്യുന്ന സംസ്ഥാന ഗതാഗത കോര്‍പ്പറേഷന്‍ ( റൂറല്‍ ) വിഭാഗത്തില്‍ 2020- 21 വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ധനക്ഷമതാ പുരോഗതി കൈവരിച്ചതിനുള്ള ദേശീയ തലത്തിലുള്ള രണ്ടാം സ്ഥാനമാണ് കെഎസ്‌ആര്‍ടിസി കരസ്ഥമാക്കിയത്. 3 ലക്ഷം രൂപയും, ട്രോഫിയുമാണ് പുരസ്കാരം. അടുത്ത മാസം 11 ന് ന്യൂ ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയില്‍ നിന്നും പുരസ്കാരം കെഎസ്‌ആര്‍ടിസി ഏറ്റുവാങ്ങും.
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച് അസോസിയേഷന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സംരക്ഷണത്തിനായി നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായാണ് സംരക്ഷന്‍ ക്ഷമത മഹോത്സവ് അവാർഡുകൾ വിതരണം ചെയ്യുന്നത്.