HealthLIFE

വെയിലും മഴയും പണിതരുമോ ? സൂക്ഷിക്കുക… ശ്വാസകോശരോഗങ്ങള്‍ വര്‍ധിക്കുന്നു

കോട്ടയം: ചുട്ടുപൊള്ളിയ വെയില്‍ ദിനങ്ങള്‍ക്കു പിന്നാലെ തണുപ്പിക്കുന്ന മഴ, മഴയ്ക്കിടയിലും പകല്‍ തെളിയുന്ന വെയിലും പൊടിയും, രാവിലെ മൂടല്‍മഞ്ഞ്… അസ്വഭാവിക കാലാവസ്ഥയുടെ സമന്വയത്തില്‍ കുട്ടികളില്‍ ഉള്‍പ്പെടെ ശ്വാസകോശരോഗങ്ങള്‍ വര്‍ധിക്കുന്നു. കോവിഡിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളും രോഗവ്യാപനം വര്‍ധിപ്പിക്കുന്നതായി ആരോഗ്യവിദഗ്ധര്‍ സംശയിക്കുന്നു.കഫക്കെട്ടല്‍, ഇടവിട്ട പനി,ചുമ എന്നിങ്ങനെയുള്ള ലക്ഷണത്തോടെ ആരംഭിക്കുന്ന രോഗം പലരിലും കടുത്തശ്വാസകോശ പ്രശ്‌നമായി മാറുകയാണ്. ഇത്തരം രോഗലക്ഷണങ്ങള്‍, അതീവ ഗൗരവത്തിലെടുക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. രണ്ടാഴ്ചയ്ക്കിടെ ന്യുമോണിയ ഉള്‍പ്പെടെയുള്ള ശ്വാസകോശ രോഗങ്ങള്‍ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുള്ളത്. പൊടിയടിച്ചാലോ, തണുത്തത് എന്തെങ്കിലും കഴിച്ചാലോ പനി ബാധിക്കുകയാണ്.

കൃത്യമായ പരിശോധനയും പരിശോധനയുമില്ലെങ്കില്‍ കുട്ടികളില്‍ അതു ന്യുമോണിയായിലേക്കു വഴുതിവീഴും. ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, കഫത്തോടുകൂടിയ ചുമ, പനി, വിയര്‍ക്കല്‍, വിറയല്‍, ക്ഷീണം എന്നിവയാണ് ന്യൂമോണിയയുടെ പ്രധാന ലക്ഷണങ്ങള്‍. ന്യൂമോണിയ ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്. രക്തത്തില്‍ അണുബാധയുണ്ടാകാനും ശ്വസന പ്രശ്‌നങ്ങള്‍ക്കും ശ്വാസകോശാവരണത്തിലെ നീര്‍ക്കെട്ടിനും ഹൃദ്രോഗത്തിനും കാരണമാകും. ന്യൂമോണിയ ബാധിച്ച് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചേക്കാം. അതിനാല്‍ തന്നെ ആരംഭത്തിലെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണം.

Signature-ad

പനി, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളെത്തുടര്‍ന്നു സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കോട്ടയം കുട്ടികളുടെ ആശുപത്രിയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. പല ബെഡുകളിലും രണ്ടു കുട്ടികളെ വീതം കിടത്തി ചികിത്സിക്കേണ്ട അവസ്ഥയിലേക്കു കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെ സുരക്ഷിതമായി പ്രതിരോധിക്കുന്നതിനൊപ്പം പൊടിയുള്ള സാഹചര്യങ്ങള്‍, അരുമ മൃഗങ്ങളുമായുള്ള സമ്പര്‍ക്കം എന്നിവയില്‍ നിന്നു കുട്ടികളെ ഒഴിവാക്കണമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടികളുടെ അടുത്തു നിന്നുള്ള പുകവലിയും നന്നല്ല. പുറത്തിറങ്ങുമ്പോഴെല്ലാം മാസ്‌ക് ധരിക്കുന്നതു പ്രതിരോധം തീര്‍ക്കും.

Back to top button
error: