കോട്ടയം: യേശുക്രിസ്തുവിന്റെ രാജകീയ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയില്‍ ക്രൈസ്തവര്‍ ഓശാനപ്പെരുന്നാള്‍ ആഘോഷിച്ചു, ഒപ്പം വിശുദ്ധ വാരാചാരണത്തിനും തുടക്കമായി. ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ഥനാശുശ്രൂഷകളും നടന്നു. കോവിഡിനെത്തുടര്‍ന്നു രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇത്തവണ വിപുലമായി ഓശാന ഞായര്‍ ആചരണം സംഘടിപ്പിച്ചത്. അമ്പതു നോമ്പിന്റെ പരിസമാപ്തിയിലേക്കെത്തുന്ന വിശുദ്ധവാരത്തിലേക്കു വിശ്വാസികള്‍ കടന്നിരിക്കുകയാണ്.
ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മസ്‌ക്കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍ ഊശാന ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നടന്ന ഊശാന ശുശ്രൂഷകള്‍ക്ക് അരമന മാനേജര്‍ ഫാ. യാക്കോബ് തോമസ് കാര്‍മികത്വം വഹിച്ചു.
വിശുദ്ധവാരത്തിനു തുടക്കം കുറിച്ച് പരുമല സെമിനാരിയില്‍ നടന്ന ഓശാനപെരുന്നാള്‍ ശുശ്രൂഷയ്ക്ക് അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലിത്ത പ്രധാന കാര്‍മികത്വം വഹിച്ചു. ദേവാലയത്തിനു ചുറ്റും നടന്ന പ്രദക്ഷിണത്തില്‍ കുരുത്തോലകളുമേന്തി ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കുകൊണ്ടു. പരുമല സെമിനാരി മാനേജര്‍ ഫാ. വിനോദ് ജോര്‍ജ്ജ്, അസി.മാനേജര്‍മാരായ വെരി.റവ.എം.എസ്.യൂഹാനോന്‍ റമ്പാന്‍, ഫാ.വൈ.മത്തായിക്കുട്ടി എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.