NEWSWorld

പാക്കിസ്താനില്‍ അരങ്ങേറിയത് അത്യന്തം നാടകീയ സംഭവങ്ങള്‍

ഇസ്ലാമാബാദ്: അവസാന ബോള്‍ വരെ കളിതുടരുമെന്ന് പ്രഖ്യാപിച്ച ഇമ്രാന്‍ ഖാന് അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ദയനീയ പരാജയമാണ് കാത്തിരുന്നത്. 174 അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്തു. 172 വോട്ടാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്. തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതിനാല്‍ ഇമ്രാന് ഒരുവോട്ടുപോലും നേടാനായില്ല.

അവിശ്വാസപ്രമേയ വോട്ടെടുപ്പ് തടയാനുള്ള ഇമ്രാന്റെ ശ്രമങ്ങള്‍ പാക്‌ഹൈക്കോടതിയുടെയും സൈന്യത്തിന്റെയും ഇടപെടലുകളെത്തുടര്‍ന്നാണ് പരാജയപ്പെട്ടത്. ഇന്നലെ ദേശീയ അസംബ്ലി അഞ്ചുവട്ടം നിര്‍ത്തിവച്ച സഭാ അധ്യക്ഷന്റെ നടപടിയില്‍ വോട്ടെടുപ്പ് അനിശ്ചിതമായി നീണ്ടതിനെത്തുടര്‍ന്ന് പാക് സുപ്രീംകോടതി അമര്‍ഷം വെളിവാക്കി. വോട്ടെടുപ്പിന് അര്‍ധരാത്രി വരെ കാക്കുമെന്നും നടത്തിയില്ലെങ്കില്‍ പ്രത്യേക സിറ്റിങ് നടത്തുമെന്നു കോടതി അറിയിച്ചു. 12.30 വരെ വോട്ടെടുപ്പിന് സമയപരിധി നിശ്ചയിക്കുകയും ചെയ്തു. ഇല്ലെങ്കില്‍ 12.45ന് കോടതി വിശാലബെഞ്ച് ചേരുമെന്ന് അറിയിച്ചു. പിന്നാലെ ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഹൈക്കോടതിയിലേക്ക് എത്തി.

Signature-ad

തുടര്‍ന്ന് അസംബ്ലി വീണ്ടും ചേര്‍ന്നപ്പോള്‍ സുപ്രീം കോടതിയുടെ അറസ്റ്റ് ഭയന്ന് സ്പീക്കര്‍ സ്പീക്കര്‍ ആസാദ് ഖൈസറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചതോടെ പ്രതിപക്ഷ സഖ്യത്തില്‍നിന്നുള്ള അയാന്‍ സാദിഖ് സ്പീക്കറായി നിയോഗിക്കപ്പെട്ടു. വിദേശ ഗൂഢാലോചനയില്‍ പങ്കാളിയായി ഇമ്രാനെ പുറത്താക്കാനില്ലെന്നു പ്രഖ്യാപിച്ചായിരുന്നു ഇരുവരുടെയും രാജി. സുപ്രീം കോടതിയുടെ ഏഴംഗ വിശാല ബഞ്ച് പാക് സമയം 12.30ന് ചേര്‍ന്ന് കേസ് പരിഗണിക്കുന്നതിനാല്‍ കോടതിയലക്ഷ്യം ഭയന്ന്, ചുമതല ഏറ്റെടുത്ത് ഉടന്‍തന്നെ അയാന്‍ സാദിഖ് വോട്ടിങ് നടപടിക്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.

വോട്ടിങ് നടപടി ക്രമങ്ങളില്‍ പങ്കെടുക്കാനെത്താഞ്ഞ ഇമ്രാന്‍ വീട്ടു തടങ്കലില്‍ ആണെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രിയുടെ വസതിയൊഴിഞ്ഞ ഇമ്രാന്‍ എവിടെയാണെന്നതു സംബന്ധിച്ച് വിവരമില്ല. അതേസമയം ഇമ്രാന്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് അര്‍ധരാത്രിതന്നെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടു. ഇമ്രാന്‍ പുറത്തായെന്ന് ഉറപ്പായതോടെ പാക് സുപ്രീം കോടതി ചീഫ് ജസ്റ്റിസും മറ്റ് ആറ് ജഡ്ജിമാരും കോടതിയില്‍നിന്നു മടങ്ങി. പാക് ജനത എന്നും ഇമ്രാനൊപ്പം നില്‍ക്കുമെന്ന് പുറത്താകലിനു പിന്നാലെ പാകിസ്താന്‍ തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടി പ്രതികരിച്ചു. ഇമ്രാന്‍ പുറത്തായതിനു പിന്നാലെ അറ്റോര്‍ണി ജനറലും രാജിവച്ചു.

പുതിയ പ്രധാനമന്ത്രിയായി പാക് മുസ്ലിം ലീഗ് (നവാസ്) പാര്‍ട്ടി നേതാവ് ഷഹബാസ് ഷരീഫ് കാവല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് വിവരം. നിരവധി അഴിമതിക്കേസുകളില്‍ പ്രതിയും മുന്‍ പ്രധാനമന്തി നവാസ് ഷരീഫിന്റെ സഹോദരനുമാണ് ഷഹബാസ് ഷെരീഫ്. വോട്ടെടുപ്പിന്റെ ഫല പ്രഖ്യാപനത്തിനു പിന്നാലെ അസംബ്ലിയെ അഭിസംബോധന ചെയ്ത ഷഹബാസ് ഷരീഫ് പാകിസ്താനില്‍ പുതിയ പുലരി പുലര്‍ന്നു എന്ന് പ്രതികരിച്ചു.

അത്യന്തം നാടകീയ സംഭവ വികാസങ്ങളാണ് ഇന്നലെ രാവിലെ മുതല്‍ അരങ്ങേറിയത്. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് ഇന്നലെ നടത്തണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. രാവിലെ 10.30 നു തന്നെ ദേശീയ അസംബ്ലി ചേര്‍ന്നു. സ്വന്തം രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന നിര്‍ണായകസമ്മേളനത്തില്‍ പക്ഷേ, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഹാജരായില്ല. പ്രതിപക്ഷം ഒറ്റക്കെട്ടായി സഭയിലെത്തിയെങ്കിലും ഭരണപക്ഷ അംഗങ്ങളുടെ എണ്ണം തീര്‍ത്തും കുറവായിരുന്നു. അജന്‍ഡയില്‍ നാലാമതായാണ് അവിശ്വാസപ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിരുന്നത്.

സ്പീക്കര്‍ ആസാദ് ഖൈസറായിരുന്നു സഭ രാവിലെ സമ്മേളിച്ചപ്പോള്‍ അധ്യക്ഷക്കസേരയില്‍. അതിനിടെ അവിശ്വാസ പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളം മൂര്‍ച്ഛിച്ചതോടെ ഉച്ചയ്ക്ക് 12.30 വരെ അസംബ്ലി നിര്‍ത്തിവച്ചു. സമവായശ്രമമെന്ന നിലയില്‍ ഭരണ-പ്രതിപക്ഷകക്ഷികളുമായി സ്പീക്കര്‍ കൂടിക്കാഴ്ച നടത്തി. ചര്‍ച്ച നീണ്ടതോടെ സമ്മേളനം പുനരാരംഭിക്കുന്നതു വൈകി. സ്പീക്കറുടെ ചേംബറില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ ഭരണപക്ഷത്തുനിന്നു വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും പി.ടി.ഐ. നേതാവ് ആമിര്‍ ദോഗറും പങ്കെടുത്തു.

ബിലാവല്‍ ഭൂട്ടോ സര്‍ദാരി, റാണാ സനാവുള്ള, അയാസ് സാദിഖ്, നവീദ് ഖമര്‍, മൗലാന ആസാദ് മഹ്മൂദ് എന്നിവരാണു പ്രതിപക്ഷത്തെ പ്രതിനിധീകരിച്ചത്. സ്പീക്കറുടെ ചേംബറിലെ ചര്‍ച്ചയ്ക്കുശേഷം പ്രതിപക്ഷനേതാവിന്റെ മുറിയില്‍ പ്രതിപക്ഷാംഗങ്ങള്‍ യോഗം ചേര്‍ന്നു. തുടര്‍ന്ന്, അസംബ്ലി പുനരാരംഭിച്ചു. സ്പീക്കര്‍ക്കു പകരം അംജദ്അലി ഖാന്‍ നിയാസിയാണ് ഈസമയം അധ്യക്ഷത വഹിച്ചത്. നോമ്പുതുറയ്ക്കുശേഷം അവിശ്വാസപ്രമേയം വോട്ടിനിടാമെന്നു സ്പീക്കര്‍ സമ്മതിച്ചെങ്കിലും രാത്രി ഒന്‍പതുവരെയുള്ള ഇടവേളയില്‍ നാലുവട്ടം സഭ നിര്‍ത്തിവച്ചിരുന്നു. 342 അംഗ അസംബ്ലിയില്‍ അവിശ്വാസപ്രമേയം പാസാകാന്‍ 172 അംഗങ്ങളുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്.

 

Back to top button
error: