ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ഇന്ത്യ നടത്തിയ സൗജന്യ ഭക്ഷണ വിതരണം രാജ്യത്തെ അതിദാരിദ്ര്യം നിയന്ത്രിക്കാന്‍ സഹായിച്ചതായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) പേപ്പര്‍. കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സബ്സിഡി പദ്ധതി കോവിഡ് പ്രതിസന്ധികളുടെ ആഘാതം കുറയ്ക്കാന്‍ സഹായിച്ചു.
സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് വിര്‍മ്മാനി, സുര്‍ജിത് ഭല്ല, കരണ്‍ ഭാസിന്‍, എന്നിവര്‍ തയ്യാറാക്കിയ പാന്‍ഡെമിക്ക്, പോവെര്‍ട്ടി ആന്‍ഡ് ഇന്‍ഇക്വാലിറ്റി: എവിഡെന്‍സ് ഫ്രം ഇന്ത്യ എന്ന പേപ്പറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2004-05 മുതല്‍, കോവിഡ് പിടിപെട്ട 2020-21 വര്‍ഷങ്ങളിലുള്ള ഇന്ത്യയുടെ ദാരിദ്രത്തിന്റെയും അസമത്വത്തിന്റെയും കണക്കുകള്‍ പ്രബന്ധത്തില്‍ വ്യക്തമാക്കുന്നു.
ഈ കണക്കുകളിലെല്ലാം ആദ്യമായാണ് ദാരിദ്ര്യത്തിലും, അസമത്വത്തിലും ഭക്ഷ്യ സബ്സിഡികളുടെ സ്വാധീനം ഉള്‍പ്പെടുന്നത്. 2019 ല്‍ കൊടിയ ദാരിദ്ര്യം 0.8 ശതമാനമായിരുന്നു. കോവിഡ് വര്‍ഷമായ 2020 ല്‍, ഭക്ഷ്യ വിതരണം ദാരിദ്ര്യത്തെ താഴ്ന്ന നിലയിലാക്കാന്‍ സഹായിച്ചു. 2020-21 ഒഴികെ, 2013 ല്‍ ദാരിദ്ര്യ നിരക്ക് ലഘൂകരിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നാണ് പ്രബന്ധം സൂചിപ്പിക്കുന്നത്. 2020-21 കാലയളവില്‍ കോവിഡ് 15-25 ദശലക്ഷം ഇന്ത്യക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടുണ്ട്. എന്നിരുന്നാലും അതിന്റെ ആഘാതം 800 ദശലക്ഷം ആളുകള്‍ക്ക് സൗജന്യമായി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതിലൂടെ കുറയ്ക്കാന്‍ കഴിഞ്ഞു, പേപ്പര്‍ പറയുന്നു.