മണര്‍കാട്: ജസ്റ്റീസ് കെ.ടി. തോമസ് കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച മലങ്കര ചര്‍ച്ച് ബില്‍ 2020 നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ മണർകാട് കവലയിൽ ജനകീയ സദസ് നടത്തി. കത്തീഡ്രല്‍ സഹവികാരി ഫാ.എം.ഐ. തോമസ് മറ്റത്തില്‍ അധ്യക്ഷത വഹിച്ച യോഗം റവ. ദീപു തെള്ളിയില്‍(സി.എസ്.ഐ) ഉദ്ഘാടനം ചെയ്തു.
വിശ്വകർമ്മ നവോത്ഥാന ഫൗണ്ടേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം മുരളീദാസ് സാഗര്‍ മുഖ്യപ്രഭാഷണം നടത്തി. നൂറ്റാണ്ടുകളായി തുടരുന്ന സഭാതർക്കം നമ്മുടെ നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങൾ പോലും തകർക്കുന്ന സ്ഥിതിയിലേയ്ക്കെത്തി നിൽക്കുന്ന സാഹചര്യത്തിൽ ജസ്റ്റിസ് കെ.ടി. തോമസ് കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കി ജനാധിപത്യപരമായി ഈ വിഷയം പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കത്തീഡ്രല്‍ സഹവികാരി ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ, സി.എസ്.ഡി.എസ്. സംസ്ഥാന നിർവാഹക സമിതി അംഗം പി.സി. രാജു, സ്‌പൈസസ് ബോർഡ് ചെയർമാനും എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലറുമായ എ.ജി. തങ്കപ്പന്‍, കെ.പി.എം.എസ്. കോട്ടയം താലൂക്ക് പ്രസിഡന്റ് എം.കെ. റെജി, കൊല്ലം പണിക്കര്‍, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, സാബു മൈലക്കാട്, മണര്‍കാട് വ്യാപാരി വ്യവസായി പ്രസിഡന്റ് മാത്യു പി.കെ., പോൾസൺ പീറ്റർ, കത്തീഡ്രല്‍ ട്രസ്റ്റിമാരായ എം.പി. മാത്യു, ബിജു പി. കോര, ആഷിഷ് കുര്യന്‍ ജേക്കബ്, സെക്രട്ടറി തോമസ് മാണി എന്നിവര്‍ പ്രസംഗിച്ചു.