KeralaNEWS

യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൊന്നും സഹകരിക്കാത്ത യൂണിയന്‍ നേതാവ്; വി.ഡി. സതീശന്‍ പത്തോളം ഐ.എന്‍.ടി.യു.സി. യൂണിയനുകളുടെ ഭാരവാഹി

കൊച്ചി: ഐഎന്‍ടിയുസിയെ തള്ളിപ്പറഞ്ഞ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ സംസ്ഥാനത്തെ പത്തോളം പ്രധാന വ്യവസായശാലകളിലെ ഐഎന്‍ടിയുസി യൂണിയനുകളുടെ ഭാരവാഹി. ജനപ്രതിനിധി എന്നനിലയിലാണ് തലപ്പത്ത് തുടരുന്നതെങ്കിലും യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൊന്നും സഹകരണം പണ്ടേയില്ല. എന്നാല്‍, തെരഞ്ഞെടുപ്പുകാലത്ത് ആളായും പണമായും യൂണിയനുകളുടെ സഹായം തേടാറുമുണ്ട്. ഐഎന്‍ടിയുസി, കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയില്‍ രോഷാകുലരാണ് ഐഎന്‍ടിയുസി യൂണിയനുകള്‍.

പൊതുമേഖലാ സ്ഥാപനങ്ങളായ കൊല്ലത്തെ കെഎംഎംഎല്‍, അങ്കമാലിയിലെ ടെല്‍ക്, ഏലൂര്‍ വ്യവസായ മേഖലയിലെ ടിസിസി എന്നിവിടങ്ങളിലെ തൊഴിലാളികളുടെയും കൊച്ചി റിഫൈനറിയിലെ ജീവനക്കാരുടെയും സംഘടനയുടെ പ്രസിഡന്റാണ് സതീശന്‍. ഇതില്‍ കൊച്ചി റിഫൈനറി എംപ്ലോയീസ് യൂണിയന്‍, ഐഎന്‍ടിയുസി കൂടി പങ്കാളിയായിരുന്ന ദ്വിദിന പണിമുടക്കില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍, റിഫൈനറിയിലെ മറ്റുരണ്ട് തൊഴിലാളി യൂണിയനുകളായ കൊച്ചിന്‍ റിഫൈനറീസ് വര്‍ക്കേഴ്സ് അസോസിയേഷനും (സിഐടിയു) എംപ്ലോയീസ് അസോസിയേഷനും (ഐഎന്‍ടിയുസി) പണിമുടക്കില്‍ പങ്കാളിയായി. രണ്ടുദിവസം പണിമുടക്കിയാല്‍ 16 ദിവസത്തെ ശമ്പളം പിടിക്കുമെന്ന മാനേജ്മെന്റിന്റെ ഭീഷണി അവഗണിച്ചാണ് ഈ യൂണിയനുകളിലെ തൊഴിലാളികള്‍ പണിമുടക്കിയത്.

Signature-ad

കളമശേരിയിലെ അപ്പോളോ ടയേഴ്സ്, ഏലൂരിലെ ഹിന്‍ഡാല്‍കോ, നിറ്റ ജലാറ്റിന്‍ എന്നിവിടങ്ങളിലെ ഐഎന്‍ടിയുസി യൂണിയനുകളുടെയും പ്രസിഡന്റാണ് സതീശന്‍. ഫാക്ട് യൂണിയനില്‍ ദീര്‍ഘകാലം പ്രസിഡന്റായിരുന്നു. ഐഎന്‍ടിയുസിക്കെതിരായ സതീശന്റെ പ്രസ്താവനയില്‍ അദ്ദേഹം നേതൃത്വം നല്‍കുന്ന യൂണിയനുകളും കടുത്ത പ്രതിഷേധത്തിലാണ്. യൂണിയന്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലോ മാനേജ്മെന്റുമായുള്ള കരാര്‍ ചര്‍ച്ചകളിലോപോലും ഈ നേതാക്കള്‍ ഇടപെടാറില്ലെന്നും ചില ഭാരവാഹികള്‍ പറഞ്ഞു.

 

Back to top button
error: